വൈവിധ്യവും വൈരുധ്യവും നിറഞ്ഞ കോണ്‍ഗ്രസ് സഖ്യം
ഗുജറാത്തില്‍ കണക്കില്‍ മാത്രമേ കോണ്‍ഗ്രസ്സിന് ആശ്വാസമുള്ളൂ. 35-40 ശതമാനത്തിനടുത്തു വരുന്ന വോട്ട്ബാങ്ക്, സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന താക്കൂര്‍ വിഭാഗം, 12- 13 ശതമാനം വരുന്ന പട്ടേല്‍, പത്തുശതമാനം വീതം വരുന്ന ദലിതുകളും മുസ്‌ലിംകളും... കണക്കു നോക്കിയാല്‍ കോണ്‍ഗ്രസ്സിനു ഭയക്കേണ്ടതില്ല.
അടിത്തട്ടു മുതല്‍ ശക്തമായ സംഘടനാ സംവിധാനമുള്ള ബി.ജെ.പിയെ നേരിടുന്ന കോണ്‍ഗ്രസ്സിന് അനുകൂലമായ ഈ കണക്കുകള്‍ അടുത്തമാസം ഒമ്പതിനും 14 നും നടക്കുന്ന രണ്ടുഘട്ട വോട്ടെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിലും പതിയണം. വൈരുധ്യങ്ങളും ഒപ്പം വൈവിധ്യവും നിറഞ്ഞ കോണ്‍ഗ്രസ് ചേരിക്ക് അതിനു കഴിയുമോയെന്നതാണു ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും സ്വയം ചോദിക്കുന്നത്.
ഖാമിനു പകരം ഖാപ്
ബി.ജെ.പിയുടെ ശത്രുക്കളെല്ലാം തങ്ങള്‍ക്കു മിത്രമെന്ന ലളിതസമവാക്യമാണ് കോണ്‍ഗ്രസ്സിന്റെ നയത്തിലെ കാതല്‍. കോണ്‍ഗ്രസ്സിന്റെ മുന്‍മുഖ്യമന്ത്രി മാധവ്‌സിങ് സോളങ്കിയുടെ പഴയ 'ഖാം' (ക്ഷത്രിയ, ദലിത്, ആദിവാസി, മുസ്‌ലിം- കെ.എച്ച്.എ.എം) എന്ന 'മുന്നണി'യെ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണു പാര്‍ട്ടി.
ഇപ്പോഴത്തെ മുന്നണിയില്‍ താക്കൂര്‍, മുസ്‌ലിം, ദലിത് വിഭാഗങ്ങളടങ്ങുന്ന പിന്നാക്കസമൂഹം വളരെ മുമ്പുതന്നെ കോണ്‍ഗ്രസ്സിന്റെ ഉറച്ച വോട്ട്ബാങ്കാണ്. ഈ വിഭാഗം സംസ്ഥാനജനസംഖ്യയുടെ 40- 43 ശതമാനംവരും. ഇവര്‍ക്കൊപ്പം പുതുതായി പട്ടേല്‍ വിഭാഗവും ചേര്‍ന്നിരിക്കുന്നു. മൃദുഹിന്ദുത്വ സമീപനത്തിലൂന്നിയാണു കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.
85ലെ തെരഞ്ഞെടുപ്പില്‍ സോളങ്കിയുടെ ഈ തന്ത്രം സംസ്ഥാനത്തെ 182ല്‍ 149 സീറ്റുകളുടെ തിളങ്ങുന്ന വിജയമാണു കോണ്‍ഗ്രസ്സിനു സമ്മാനിച്ചത്. 22 വര്‍ഷമായി അധികാരത്തിനു പുറത്തുനില്‍ക്കുന്ന കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കാന്‍ അച്ഛന്റെ തന്ത്രം പൊടിതട്ടിയെടുക്കുകയായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ മകന്‍ ഭരത്‌സിങ് സോളങ്കി.
എന്നാല്‍, അച്ഛന്‍ സോളങ്കിയുടെ 'ഖാമി'ലുണ്ടായിരുന്ന മുസ്‌ലിംകള്‍ മകന്റെ പുതിയ മുന്നണിയിലില്ല. മുസ്‌ലിംകള്‍ക്കു പകരം പട്ടേലുകളെ ഉള്‍പ്പെടുത്തി 'ഖാപ് ' എന്ന പേരിലാണു മകന്‍ സോളങ്കി മുന്നണി രൂപീകരിച്ചിരിക്കുന്നത്. ഇതു സമ്മതിക്കാന്‍ കോണ്‍ഗ്രസ്സിലെ മുസ്‌ലിം മുഖങ്ങളിലൊന്നായ ബദറുദ്ദീന്‍ ശൈഖിനു മടിയില്ല. മുസ്‌ലിംകളെ കൂട്ടുപിടിച്ചു വര്‍ഗീയധ്രുവീകരണത്തിനു താല്‍പ്പര്യമില്ലെന്ന വിചിത്രവാദമാണ് അദ്ദേഹം ഉന്നയിച്ചത്.
എത്ര മാറ്റിനിര്‍ത്തിയാലും ബി.ജെ.പിയൊഴികെ വേറൊരു ബദലില്ലാത്തതിനാല്‍ മുസ്‌ലിംകള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നു കോണ്‍ഗ്രസ്സിനറിയാം. മുസ്‌ലിംകളെ കൂടെക്കൂട്ടുന്നതു ഗുജറാത്തില്‍ 'ചീത്തപ്പേരു'ണ്ടാക്കുന്ന വിധത്തില്‍ അവിടത്തെ രാഷ്ട്രീയ,സാമൂഹിക മനസ്സു പരിവര്‍ത്തിച്ചിട്ടുണ്ടെന്നും ഈ നിരീക്ഷണത്തെ വായിക്കാം. കോണ്‍ഗ്രസ്- ബി.ജെ.പി വിരുദ്ധര്‍ക്കു ചേക്കേറാന്‍ സംസ്ഥാനത്ത് ആകെയുള്ള ബദല്‍ ആം ആദ്മി പാര്‍ട്ടിയാണ്. എന്നാല്‍, ഈ പുതുതലമുറപ്പാര്‍ട്ടിക്കു ഗുജറാത്തില്‍ എടുത്തുപറയാനൊരു നേതൃത്വമില്ല. ഇതുവരെ ഒരു ചലനവും ഉണ്ടാക്കാനായിട്ടുമില്ല.
ദലിത് ശബ്ദം
ഉനയില്‍ ചത്തപശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ചു ദലിത് ചെറുപ്പക്കാരെ അര്‍ധനഗ്നരാക്കി തല്ലിച്ചതച്ച സംഭവത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ദലിത് പ്രക്ഷോഭത്തോടെ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നുവന്ന അഭിഭാഷകന്‍ ജിഗ്നേഷ് മേവാനിയാണു കോണ്‍ഗ്രസ് 'സഖ്യ'ത്തിലെ പ്രധാനിയായ സംഘ്പരിവാര വിരോധി. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ജാതിസ്വാധീനമുള്ള ഗുജറാത്തില്‍ ദലിത്‌വിവേചനവും അടിച്ചമര്‍ത്തലുംപോലുള്ള ശക്തമായ വിഷയങ്ങളൂന്നിയാണു ജിഗ്നേഷിന്റെ പ്രചാരണം.
ശക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ഒരു പാര്‍ട്ടിയിലും ചേരില്ലെന്നതാണു ജിഗ്നേഷിന്റെ നിലപാട്. ഇക്കാരണത്താല്‍ കോണ്‍ഗ്രസ്സില്‍ ചേരാനും അദ്ദേഹം വിസമ്മതിച്ചു. ഗുജറാത്തില്‍ മാത്രം പ്രവര്‍ത്തനം ചുരുക്കാനും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധയൂന്നാനും ജിഗ്നേഷിനു താല്‍പര്യമില്ല. അതിനാലാണു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അദ്ദേഹമെത്തി ദലിത്‌വിഷയം സജീവമാക്കി നിര്‍ത്തിയത്.
ഗുജറാത്തിലെ 'വെള്ളാപ്പള്ളി'
പരമ്പരാഗത വോട്ടുകള്‍ക്കു പുറമെ പട്ടേല്‍ സംരക്ഷണമുന്നണി നേതാവ് ഹാര്‍ദിക് പട്ടേലിന് തന്റെ സമുദായത്തിലുള്ള സ്വാധീനത്തിന് അനുസരിച്ചിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം എന്നും വിലയിരുത്താം. പട്ടേലുകളിലെ എതിരില്ലാ നേതാവാണ് ഹാര്‍ദിക്. ചെറുപ്പക്കാരന്‍ ചുറുചുറുക്കുള്ള പ്രാസംഗികനായതിനാല്‍ സമുദായത്തില്‍ നല്ല സ്വാധീനവുമുണ്ട്. എന്നാല്‍, പരമ്പരാഗതമായി ബി.ജെ.പിക്കൊപ്പം നിലകൊണ്ടിരുന്ന പട്ടേല്‍ സമുദായം ഹാര്‍ദികിന്റെ ആഹ്വാനം കേട്ട് കൈ ചിന്നമുള്ള ബട്ടണ്‍ അമര്‍ത്തുമോയെന്ന കാര്യത്തില്‍ സംശയവുമുണ്ട്. കേരളത്തില്‍ ഏറ്റവും പ്രബലജാതിയായ ഈഴവര്‍ പരമ്പരാഗതമായി സി.പി.എം അനുഭാവികളാണെങ്കിലും സമുദായത്തിന്റെ കാര്യമായ എതിരാളികളില്ലാത്ത നേതാവ് വെള്ളപ്പാള്ളി നടേശന്‍ ബി.ജെ.പിയുടെ കൂടെ പോയെങ്കിലും ഈഴവര്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാത്ത അനുഭവവും ഇതോടൊപ്പം ആലോചിക്കാവുന്നതാണ്.
ഹാര്‍ദികിന്റെ റാലികളില്‍ വന്‍ജനസാന്നിധ്യമുണ്ട്, പ്രസംഗങ്ങള്‍ക്ക് നല്ല കൈയടിയും ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് ദേശീയ ചാനലുകള്‍ എപ്പോഴും ഹാര്‍ദികിനെ പിന്തുടരുന്നുമുണ്ട്. സംവരണവും തൊഴിലില്ലായ്മയും മാത്രമാണ് ഹാര്‍ദിക് ഉയര്‍ത്തുന്ന വിഷയം. ഇടയ്ക്കിടെ വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സൗരാഷ്ട്ര ഭാഗത്ത് പാര്‍ട്ടിക്ക് ആളനക്കമുണ്ടാക്കിക്കൊടുക്കുന്നത് അല്‍പ്പമെങ്കിലും ഹാര്‍ദികിന്റെ അനുയായികളാണ്. പട്ടേലുകള്‍ ഇടഞ്ഞുനിന്നതിനെത്തുടര്‍ന്ന് 2015ല്‍ നടന്ന ത്രിതലതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു. പട്ടേലുകളെ പ്രീതിപ്പെടുത്താനായി സംവരണപ്രക്ഷോഭത്തെത്തുടര്‍ന്ന് അവര്‍ക്കെതിരായി ചുമത്തിയ നാന്നൂറിലധികം കേസുകളാണ് കഴിഞ്ഞമാസം സര്‍ക്കാര്‍ പിന്‍വലിച്ചത്.
'സംവരണ'ത്തില്‍ സഖ്യത്തിനുള്ളില്‍ തന്നെ വിയോജിപ്പ്
സംവരണംവാഗ്ദാനംചെയ്ത് പട്ടേല്‍ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിച്ച കോണ്‍ഗ്രസ്സിന്റെ നടപടി ഭരണത്തിലേറുകയാണെങ്കില്‍ അവര്‍ക്ക് എല്ലാനിലയ്ക്കും തിരിച്ചടിയാവാനേ സാധ്യതയുള്ളൂ. ഒ.ബി.സിക്കു പുറത്തുള്ളവരുടെ സംവരണവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അതത് ഹൈക്കോടതിയില്‍ നിന്നും സുപ്രിംകോടതിയില്‍ നിന്നും പലതവണവിമര്‍ശനം കേട്ടിരുന്നു. ഇത്തരം അനുഭവങ്ങള്‍ മുന്നിലുണ്ടായിരിക്കെ തന്നെ വരുംവരായ്കകള്‍നോക്കാതെ സംവരണം വാഗ്ദാനം ചെയ്തുള്ള കോണ്‍ഗ്രസ്സിന്റെ നടപടി അവരുടെ ഉറച്ച വോട്ട്ബാങ്കായ താക്കൂര്‍, ദലിത് വിഭാഗങ്ങളെയും അതൃപ്തരാക്കാനിടയുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിലുള്ള താക്കൂര്‍ നേതാവ് ആല്‍ഫേസിന് കോണ്‍ഗ്രസ്സിന്റെ ഇത്തരം നിലപാടുകളില്‍ വിയോജിപ്പുമുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഛോട്ടുഭായ് വാസവയും കോണ്‍ഗ്രസ്സിനൊപ്പമുണ്ട്. നിതീഷ്‌കുമാറിനോട് ഇടഞ്ഞ വിമത ജെ.ഡി.യു നേതാവും എം.എല്‍.എയുമായ വാസവയുടെ സാന്നിധ്യം കോണ്‍ഗ്രസ്സിനു വലിയ ആശ്വാസമാണ്. പക്ഷേ, പട്ടേല്‍ സംവരണവിഷയത്തില്‍ ആദിവാസിവിഭാഗങ്ങള്‍ക്കു യോജിപ്പില്ല.
'ഞങ്ങളുടെ നരേന്ദ്രഭായ്'
സംസ്ഥാനസര്‍ക്കാരിന്റെയും ജി.എസ്.ടി, നോട്ട് നിരോധനം പോലുള്ള കേന്ദ്രസര്‍ക്കാരിന്റെയും നയങ്ങളോടുള്ള അതൃപ്തി ഗുജറാത്തില്‍ പ്രകടമാണ്. ഇതു തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാന്‍പോന്ന ഘടകവുമാണ്. ബി.ജെ.പി അനുഭാവികളായ വ്യാപാരികള്‍ക്കു പോലും കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ വിരുദ്ധ മനസ്സുണ്ട്. പക്ഷേ 'ഞങ്ങളുടെ നരേന്ദ്രഭായ്' (പ്രധാനമന്ത്രി മോദിയെ പലഗുജറാത്തികളും അങ്ങിനെയാണ് വിശേഷിപ്പിക്കാറ്) നടത്തുന്ന പ്രസംഗങ്ങള്‍കൊണ്ട് അവരുടെ അസംതൃപ്തികള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അമിത്ഷാക്ക് വിശ്വാസമുണ്ട്. അതുകൊണ്ടാവണം 44 റാലികളെയാണ് ഇനിയുള്ള 21 ദിവസത്തിനിടെ 'നരേന്ദ്രഭായ്' അഭിസംബോധനചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."