4-6 മാസം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പുകള്‍ ചെലവേറിയത്, ഒറ്റ വേളയിലേക്ക് മാറണമെന്ന് മോദി
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ നാല്, ആറു മാസം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പുകള്‍ അമിതവും ചെലവേറിയതുമാണെന്ന് അദ്ദേഹം പറഞ്ഞു.
''ഓരോ 4-6 മാസങ്ങള്‍ക്ക് ശേഷവും വിത്യസ്ത സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് വലിയ ചെലവേറിയ കാര്യമാണ്. രാജ്യത്താകമാനം ഒറ്റ വേളയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെപ്പറ്റി വിശാലമായ ചര്‍ച്ചകള്‍ ആവശ്യമാണ്''- മോദി പറഞ്ഞു.
2009 ലോക്‌സഭാ തെരഞ്ഞെടുപ്പിന് 1,100 കോടി രൂപ ചെലവഴിച്ചു. 2014 ല്‍ 4,000 കോടി രൂപയായി ഉയര്‍ന്നു. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ പരിശ്രമിക്കുമെന്നും മോദി പറഞ്ഞു.
ഡല്‍ഹിയില്‍ ദേശീയ നിയമദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് നിശ്ചിത സമയത്ത് ഉറപ്പിച്ച രാജ്യങ്ങളുണ്ട്. ജനങ്ങള്‍ക്കറിയാം എപ്പോഴാണ് അതു നടക്കുന്നതെന്ന്. അത് ഉപകാരമാണ്, രാജ്യം എപ്പോഴും തെരഞ്ഞെടുപ്പ് മോഡിലാവേണ്ട ആവശ്യമില്ല. പകരം, നയ രൂപീകരണം, നിര്‍വ്വഹണം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാവും. രാജ്യത്തിന്റെ ഉറവിടങ്ങള്‍ ആവശ്യമില്ലാതെ കരിച്ചുകളയേണ്ടിയും വരില്ല- മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."