പള്ളി ആക്രമണം: നബിദിനം വിപുലമായി തന്നെ കൊണ്ടാടുമെന്ന് ഈജിപ്ത് സൂഫികള്‍
കെയ്‌റോ: സൂഫി ധാര പിന്തുടരുന്നവര്‍ക്കെതിരെ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഈജിപ്തില്‍ ദു:ഖാചരണം തുടരുന്നു. അതിനിടെ, നബിദിനം എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി തന്നെ കൊണ്ടാടുമെന്ന് സൂഫി പണ്ഡിതന്മാര്‍ പറഞ്ഞു.
ഈജിപ്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമാണ് സീനായ് പ്രവിശ്യയിലെ അല്‍ റൗദ പള്ളിയിലുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പള്ളിയില്‍ ആക്രമണം നടത്തി നബിദിനാഘോഷം അലങ്കോലമാക്കലായിരുന്നു ലക്ഷ്യമെന്നാണ് സൂഫികള്‍ കണക്കുകൂട്ടുന്നത്. 305 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം കൊണ്ട് മറ്റു ലക്ഷ്യങ്ങളുള്ളതായി ഇതുവരെ വ്യക്തമായിട്ടുമില്ല. പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
അതേസമയം, കൊല്ലപ്പെട്ടവരുടെ സ്മരണക്കായി സ്മാരകം പണിയാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി ഉത്തരവിട്ടു. പ്രസിഡന്റിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരണപ്പെട്ടവരോടുള്ള ആദരവായാണ് സ്മാരകം ഉയരുന്നത്. എന്നാല്‍, സ്മാരകത്തിന്റെ സ്വഭാവത്തെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടത്തിയ ഭീകരര്‍ സഞ്ചരിച്ച വാഹനങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. ബിഅ്‌റ് അല്‍ ആബിദില്‍ നടന്ന ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചുകളില്‍ കഴിഞ്ഞ ദിവസം കൂട്ടമണി മുഴങ്ങി. കെയ്‌റോയിലെ ഓപറാ ഹൗസ് പ്രവൃത്തികള്‍ നിര്‍ത്തിവച്ചും ദുഃഖാചരണത്തില്‍ പങ്കുകൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."