പ്രമാണിത്തം നഷ്ടമാകുന്ന വല്യേട്ടന്‍മാര്‍
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫ് ഭരണസമയത്തെ ഭരണവുമെല്ലാം കെ. കരുണാകരന്റെ കൈപ്പിടിയിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. കരുണാകരന്‍ തീരുമാനിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നയം. ചില മേഖലകളില്‍ മാത്രമാണെങ്കിലും ശക്തമായ സ്വാധീനമുള്ള മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസുമൊക്കെ മുന്നണിയിലുണ്ടായിരുന്നിട്ടും വലിയ റോളൊന്നും അവര്‍ക്കു ഭരണത്തിലുണ്ടായിരുന്നില്ല.
അവരുടെയൊക്കെ കാഴ്ചപ്പാടുകളെ കണ്ടറിഞ്ഞ് പരിഗണിക്കാനുള്ള രാഷ്ട്രീയ നയതന്ത്രജ്ഞത കരുണാകരന് ഉണ്ടായിരുന്നതിനാല്‍ അവര്‍ക്കു കാര്യമായി പിണങ്ങേണ്ടി വന്നതുമില്ല. അങ്ങനെ മുന്നണി രാഷ്ട്രീയത്തിലെ ശരിയായ വല്യേട്ടനായി കരുണാകരന്‍ നീണ്ടകാലം വാണു.
സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഊറിക്കൂടി വന്ന വിമതശബ്ദങ്ങള്‍ ഒത്തുചേര്‍ന്ന് ശക്തരാകുകയും അവര്‍ക്ക് ആയുധമായി ഐ.എസ്.ആര്‍.ഒ ചാരവൃത്തി ആരോപണം വീണുകിട്ടുകയും ചെയ്തതോടെയാണ് കരുണാകര വല്യേട്ടനു കാലിടറിയത്. അതുവരെ കരുണാകരന്റെ വിശ്വസ്തരായിരുന്ന ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസ് വിമതരോടൊപ്പം ചേര്‍ന്ന് ആഞ്ഞുതള്ളിയപ്പോള്‍ കരുണാകരനെന്ന വടവൃക്ഷം നിലംപതിച്ചു.
യു.ഡി.എഫില്‍ വല്യേട്ടന്‍ വാഴ്ചയുടെ അന്ത്യം കൂടിയായിരുന്നു അത്. പിന്നീട് കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തിലോ നിയമസഭാകക്ഷി നേതൃത്വത്തിലോ ഇതുപോലെ ഉഗ്രപ്രതാപിയായ ഒരാള്‍ ഉണ്ടായിട്ടില്ല. കരുണാകരന്റെ പിന്‍ഗാമികളായെത്തിയവര്‍ ഇങ്ങോട്ടു വരാന്‍ പറയുമ്പോള്‍ പലപ്പോഴും പാര്‍ട്ടിയിലെ മറ്റു നേതാക്കളും ഘടകകക്ഷികളുമൊക്കെ തിരിച്ച് അങ്ങോട്ടു പോകുന്നതാണ് പിന്നീട് കേരളം കണ്ടത്.
തറവാട്ടില്‍ വലിയ ബഹുമാനമൊന്നും കിട്ടാത്ത കാരണവരെ അയല്‍വാസികളും ബന്ധുക്കളുമൊക്കെ കാര്യമായി ഗൗനിക്കാതിരിക്കുന്നതു സ്വാഭാവികമാണല്ലോ. അതുകൊണ്ടു തന്നെ യു.ഡി.എഫില്‍ വല്യേട്ടത്തരത്തിന് ഇടമില്ലാതായിട്ട് കാലം കുറച്ചായി. കോണ്‍ഗ്രസിന് സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാനാവാത്ത അവസ്ഥയാണവിടെ. മറ്റു ഘടകകക്ഷികളുടെ സമ്മതമില്ലാതെ എന്തെങ്കിലും കാര്യങ്ങള്‍ മുന്നണിയില്‍ നടപ്പാക്കാന്‍ നോക്കിയാല്‍ പ്രബല ഘടകകക്ഷിയായ മുസ്‌ലിം ലീഗ് മുതല്‍ എം.എല്‍.എമാരില്ലാത്ത ആര്‍.എസ്.പിയും സി.എം.പിയും വരെ പോയി പണി നോക്കാന്‍ പറയും കോണ്‍ഗ്രസ് നേതാക്കളോട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പ്രമാണിത്തത്തിനുള്ള ആഗ്രഹം ഉള്ളിലൊതുക്കി ജനാധിപത്യവാദികളാകുന്നതാണ് നല്ലതെന്ന് നന്നായി അറിയാവുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതുകൊണ്ട് അവര്‍ക്കിപ്പോള്‍ മുന്നണിക്കുള്ളില്‍ തികഞ്ഞ ജനാധിപത്യബോധമുണ്ട്.
1980കളുടെ തുടക്കത്തില്‍ രൂപംകൊണ്ട ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ സ്ഥിതി അതല്ല. മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ അഭിപ്രായങ്ങള്‍ക്കായിരുന്നു അവിടെ പ്രാധാന്യം. ഈ മേധാവിത്വം കാരണം കേരള രാഷ്ട്രീയത്തില്‍ വല്യേട്ടനെന്ന് ഏറ്റവുമധികം വിശേഷിപ്പിക്കപ്പെട്ട പാര്‍ട്ടിയാണത്. അതിനൊരു കാരണവുമുണ്ടായിരുന്നു. മുന്നണി രൂപംകൊണ്ട കാലം മുതല്‍ ഏതാണ്ട് എട്ടു വര്‍ഷം മുമ്പു വരെ ദേശീയരാഷ്ട്രീയത്തില്‍ പേരും പെരുമയും നാലഞ്ച് എരുമയുമൊക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു സി.പി.എമ്മിന്റേത്. പശ്ചിമബംഗാളിലും ത്രിപുരയിലും തുടര്‍ച്ചയായ ഭരണം. കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വരുന്ന പ്രബല രാഷ്ട്രീയ ശക്തി. ഈ മൂന്നെണ്ണത്തിനു പുറമെ മറ്റു ചില സംസ്ഥാനങ്ങളിലും എം.എല്‍.എമാരും എം.പിമാരും. ഇതെല്ലാം ചേര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ മറ്റു കക്ഷികള്‍ വകവച്ചുകൊടുക്കുന്ന ഗണ്യമായ ഒരിടമുണ്ടായിരുന്നു പാര്‍ട്ടിക്ക്.
അതെല്ലാമിപ്പോള്‍ പഴങ്കഥയാണ്. പശ്ചിമബംഗാളില്‍ പാര്‍ട്ടി മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ മുന്നേറ്റത്തില്‍ നാമാവശേഷമായി. ആന്ധ്രപ്രദേശ് ഉള്‍പെടെ ചില സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ചെറിയ സ്വാധീനം പോലും ക്ഷയിച്ചു. ഡല്‍ഹിയില്‍ എ.കെ.ജി ഭവനെന്ന മികച്ചൊരു ആസ്ഥാനമന്ദിരമുണ്ടെങ്കിലും അവിടെ ആര്‍.എസ്.എസ് ഭീഷണി കാരണം മനസമാധാനത്തോടെ കേന്ദ്ര കമ്മിറ്റി ചേരാന്‍ പോലുമാവാത്ത സ്ഥിതിയാണ്. യോഗത്തിനെത്തുന്ന നേതാക്കളെ ആര്‍.എസ്.എസുകാര്‍ ഓഫീസ് കയറി തല്ലിയാല്‍ തടയാന്‍ പോലും പരിസരത്തൊന്നും പാര്‍ട്ടിക്കാരില്ല. കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യ മാത്രമുള്ള ത്രിപുരയില്‍ മാത്രമാണിപ്പോള്‍ ഭരണത്തുടര്‍ച്ചയുടെ സാഹചര്യമുള്ളത്. കേരളത്തിലെ ആര്‍.എം.പിയുടെ വലിപ്പത്തിലെങ്കിലുമുള്ള ചെറിയൊരു പൊട്ടിത്തെറി പാര്‍ട്ടിയില്‍ സംഭവിക്കുകയോ അയല്‍പക്കത്തുള്ള മമതയും കൂട്ടരും തീരുമാനിച്ചുറച്ച് ഒന്നു കയറിക്കളിക്കുകയോ ചെയ്താല്‍ ത്രിപുരയിലെ ഭാവിയും അപകടത്തിലാകുന്ന സ്ഥിതിയാണുള്ളത്. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യം കാരണം അധികാരത്തില്‍ മാറി വരാന്‍ പറ്റിയ അവസ്ഥയുള്ളതു മാത്രമാണ് കാര്യമായ ഒരാശ്വാസം.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ആന മെലിഞ്ഞാലും എ.കെ.ജി ഭവനില്‍ തന്നെ കെട്ടിയിടണമെന്ന വാശിയുള്ളവരാണ് സി.പി.എം നേതാക്കള്‍. ഇടതുമുന്നണിയിലെ മേധാവിത്വം വിട്ടുകൊടുക്കാന്‍ അവര്‍ തയാറുമല്ല. എന്നാല്‍, പഴയതുപോലെ ആ വല്യേട്ടന്‍ ആധിപത്യം വകവച്ചുകൊടുക്കാനാവില്ലെന്ന് മുന്നണിയിലെ ചെറിയേട്ടനായ സി.പി.ഐ പരസ്യമായി തന്നെ പറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നേരത്തെ ഇടതു തറവാട്ടിലെ മുറുമുറുപ്പായി പുറത്തുവന്നിരുന്ന സി.പി.ഐയുടെ 'കുരുത്തക്കേട്' വലിയൊരു പൊട്ടിത്തെറിയായിരിക്കുകയാണ് കായല്‍ കൈയേറ്റ ആരോപണവിധേയനായ തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വന്ന സംഭവവികാസങ്ങളില്‍.
മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുന്നതടക്കമുള്ള കൈവിട്ട കളികളിലൂടെ വല്യേട്ടനെ കടുത്ത സമ്മര്‍ദത്തിലാക്കിയും പരമാവധി നാറ്റിച്ചുമാണ് തോമസ് ചാണ്ടിയുടെ രാജി സി.പി.ഐ സാധിച്ചെടുത്തത്. സി.പി.എം നേതാക്കള്‍ എന്തൊക്കെപ്പറഞ്ഞാലും ഇതുമൂലം അവര്‍ക്കു സംഭവിച്ച പ്രതിച്ഛായാനഷ്ടം ഒട്ടും ചെറുതല്ല. ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയം തന്നെയാണ് വല്യേട്ടനെ ധിക്കരിച്ച് ജനങ്ങളുടെ കൈയടി വാങ്ങാന്‍ ചെറിയ സഖ്യകക്ഷികളെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. അത് ഇനിയും മനസിലാകാത്തവര്‍ സി.പി.എം നേതാക്കളും അവര്‍ പറയുന്നതെന്തും തലകുലുക്കി സമ്മതിക്കുന്ന അനുയായികളും മാത്രമാണ്. കാലത്തിന്റെ മാറ്റം തിരിച്ചറിയാതെ പഴയ പ്രതാപത്തിന്റെ ലഹരിയില്‍ മയങ്ങിക്കിടക്കുകയാണവര്‍. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ പണ്ടിവനൊരുകടിയാലൊരു പുലിയെ കണ്ടിച്ച കാര്യമൊക്കെ നാട്ടുകാര്‍ക്കറിയാം. എന്നാല്‍,ആ പല്ലിന്റെ ശൗര്യമിപ്പോള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നും നാട്ടുകാര്‍ മനസിലാക്കുന്നു. അതു മനസിലാക്കാന്‍ നേതാക്കള്‍ ഇനിയും വൈകാതിരിക്കുന്നതാണ് ബുദ്ധി.
*** *** ***
മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന് അദ്ദേഹത്തിനെതിരേ കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല. ശശീന്ദ്രനെതിരേ തെളിവു നല്‍കേണ്ടവര്‍ രാഷ്ട്രീയ സമ്മര്‍ദത്താലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ യാഥാസമയം കമ്മിഷനു മുന്നിലെത്തി അതു നല്‍കാതിരുന്നതാണ് കാരണം. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രനെതിരേ കാര്യമായി ഒന്നുമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും പറയുന്നത്. സംഗതി ശരിയാവാം. അതുകൊണ്ടു തന്നെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിനു സാങ്കേതിക തടസമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍.സി.പിയും ഇടതുമുന്നണിയും പറയുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നണിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുള്ള സി.പി.ഐക്കു പോലും എതിര്‍പ്പില്ലാത്തതിനാല്‍ രാഷ്ട്രീയ തടസങ്ങളുമില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായാല്‍ സ്വസ്ഥമായി ഇരുന്ന് ഭരിക്കാനാവുമെന്നു തോന്നുന്നില്ല. കമ്മിഷന്‍ കുറ്റക്കാരനെന്നു പറഞ്ഞിട്ടില്ലെങ്കിലും രാജിക്കിടയാക്കിയ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം നാട്ടുകാരെല്ലാം കേട്ടതാണ്. പലരുടെയും കൈയില്‍ അതിന്റെ ശബ്ദരേഖയുടെ കോപ്പിയുമുണ്ട്. ശബ്ദരേഖയില്‍ കൃത്രിമം നടന്നു എന്നൊക്കെ ആരോപിച്ചിട്ടുണ്ടെങ്കിലും ആ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല.
വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം മുതല്‍ ആ വാക്കുകള്‍ ശശീന്ദ്രനെ വേട്ടയാടിത്തുടങ്ങും. ഫോണ്‍ വിളിയിലെ പുറത്തുപറയാന്‍ കൊള്ളുന്നതും അല്ലാത്തതുമായ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകളായി നിറയും. ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളിലും അതെല്ലാം തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും. ഇത്രയേറെ നാണക്കേടു സഹിച്ച് ഒരു മന്ത്രിയെ നിലനിര്‍ത്തണോ എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ ആലോചിക്കുന്നതു നന്നായിരിക്കും.
സംസ്ഥാനത്ത് ആരോപണവിധേയരായ രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിക്ക് ഒരു മന്ത്രിസ്ഥാനം നിര്‍ബന്ധമാണെങ്കില്‍ അതിനുമുണ്ടല്ലോ വേറെ മാര്‍ഗം. കേരള രാഷ്ട്രീയത്തിലെ മഹാമാന്യരായ നേതാക്കളിലൊരാളായ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. അദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. തോമസ്ചാണ്ടിയെയോ ശശീന്ദ്രനെയോ രാജിവയ്പ്പിച്ച് ആ മണ്ഡലത്തില്‍ ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പില്‍ പീതാംബരന്‍ മാസ്റ്ററെ മത്സരിപ്പിച്ചു ജയിപ്പിച്ചെടുത്താന്‍ മതിയല്ലോ. നിലവിലുള്ള എം.എല്‍മാരെ രാജിവയ്പ്പിക്കല്‍ അത്ര എളുപ്പമാവാനിടയില്ലെന്നൊരു പ്രശ്‌നമുണ്ട്. പരമോന്നത നേതാവായ ശരത് പവാര്‍ പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ എന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂട്ടത്തില്‍ പവാറിന്റെ നേതൃശേഷിയും നാട്ടുകാര്‍ക്കറിയാന്‍ ഒരു അവസരം കിട്ടുമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."