ബി.ജെ.പി-സി.പി.എം സംഘര്‍ഷം: മര്‍ദനമേറ്റയാള്‍ മരിച്ചു
കയ്പമംഗലം: കയ്പമംഗലത്ത് ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം ചക്കഞ്ചാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശനാണ്(47) മരിച്ചത്.
അതിനിടെ സതീശന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കാളമുറി അകംപാടത്ത് വച്ച് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തിനിടയില്‍ സതീശന്റെ സഹോദരപുത്രനെ പിടിച്ചുമാറ്റാന്‍ ചെന്ന ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നു. കൂട്ടത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ആറുപേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. തുടര്‍ന്ന് സതീശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തൃശൂര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ സതീശന്റെ വീട്ടിലെത്തി. എന്നാല്‍, പത്തുമണിയോടെ വീട്ടിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരെത്തി ബി.ജെ.പി പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഏതാനും സമയം കഴിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബഹളം തുടര്‍ന്നതോടെ പൊലിസ് ഇരുകൂട്ടരേയും വീട്ടില്‍ നിന്ന് ഒഴിവാക്കി. ഇതിനിടെ, ബി.ജെ.പി കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
അതേസമയം, സതീശന്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു.
മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."