കൈയേറ്റത്തെ സഹായിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് രേഖകള്‍
തിരുവനന്തപുരം: കുറിഞ്ഞി ദേശീയ ഉദ്യാനവുമായ ബന്ധപ്പെട്ട വിവാദത്തില്‍ കൈയ്യേറ്റം സാധൂകരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന് രേഖകള്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് 27 ന് നടന്ന യോഗത്തിലാണ് കൈയേറ്റക്കാരെ സഹായിക്കാന്‍ നീക്കം തുടങ്ങിയത്. കുറിഞ്ഞിയുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയത് ഈ യോഗത്തിലാണ്.
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ശ്മശാനങ്ങള്‍, പട്ടയഭൂമികള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയ സങ്കേതത്തില്‍ ഉള്‍പ്പെട്ടുവെന്ന മുന്‍ എം.എല്‍.എയുടെ പരാതിയാണ് അതിനായി പരിഗണിച്ചത്. യോഗത്തിലെ നിര്‍ദേശമനുസരിച്ച് വന്യജീവി വാര്‍ഡന്‍ ഇടുക്കി കലക്ടര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് കൈമാറി. കഴിഞ്ഞ 11 വര്‍ഷമായി സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്‌നം, പരിഹാരം കാണാതെ അവശേഷിക്കുകയാണ്. അടുത്ത വര്‍ഷം കുറിഞ്ഞി പൂക്കുന്നതിന് മുന്‍പ് ഈ പ്രശ്‌നം പരിഹരിക്കേണ്ടത് ഈ പ്രദേശത്തിന്റെ സംരക്ഷണത്തിന് ആവശ്യമാണ്. അതിനാല്‍ കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.
എന്നാല്‍ ഇവിടെ വാണിജ്യസ്ഥാപനങ്ങളോ, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളോ, ആശുപത്രികളോ, ആരാധനാലയങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന കണ്ടെത്തല്‍ സങ്കേത്തിന്റെ 3000 ഏക്കര്‍ വെട്ടിക്കുറയ്ക്കുമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയാണ്. വ്യാജപട്ടയം റദ്ദാക്കിയപ്പോള്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയതും നിയമവിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വനം-വന്യജീവി വാര്‍ഡന്റെ റിപ്പോര്‍ട്ടിന്മേല്‍ നീലകുറിഞ്ഞി സങ്കേതം വെട്ടിക്കുറയ്ക്കാനാവില്ലെന്ന് പരിസ്ഥിതിവാദികള്‍ വ്യക്തമാക്കുന്നു. പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക്, പാമ്പാടും ചോല റിസര്‍വ് വനം, ആനമുടി ചോല നാഷണല്‍ പാര്‍ക്ക്, മന്നവന്‍ ചോല, പുല്ലാരടിചോല. ഇന്തീവര ചോല, ചിന്നാര്‍ റിസര്‍വ് തുടങ്ങിയവപോലെ 1972ലെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കുറിഞ്ഞി സങ്കേതവും പ്രഖ്യാപിച്ചത്.
ജോയ്‌സ് ജോര്‍ജ് എം.പി അടക്കമുള്ളവരുടെ പവര്‍ ഓഫ് അറ്റോര്‍ണി റദ്ദു ചെയ്യണമെന്നും കുറിഞ്ഞി സങ്കേതം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ സത്യവാങ് മൂലം നല്‍കിയിരിക്കുന്നത്.
മുന്‍ ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ.സജിത് ബാബു, മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍, മുന്‍ ചീഫ് വനം കണ്‍സര്‍വേറ്റര്‍ വി.ഗോപിനാഥന്‍ തുടങ്ങിയവരുടെ വന്‍കിട തോട്ടങ്ങള്‍ക്കൊന്നും നിയമാനുസൃതമായ പട്ടയങ്ങളോ, രേഖകളോയില്ലെന്ന കണ്ടെത്തലും അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."