കെ.ബി.പി.എസില്‍ അറ്റകുറ്റപ്പണിക്ക് 1.27 കോടി; മഹാരാഷ്ട്ര കമ്പനിക്ക് വീണ്ടും കരാര്‍
കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെ.ബി.പി.എസ്) അച്ചടി യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത് മഹാരാഷ്ട്ര ആസ്ഥാനമായ ബിനാമി കമ്പനിക്ക്. 1.27 കോടി രൂപ കരാറെടുത്ത കമ്പനി 40 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല. ഇതിനിടെ മുന്‍ സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി സ്ഥാനമൊഴിഞ്ഞതാണ് അച്ചടി യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്ക് തടസമായതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ലോട്ടറി അച്ചടിക്കുന്ന ഹാരീസ് മെഷീന്റെ ഓവറോള്‍ റിപ്പയറിങ് നടത്താനാണ് ലക്ഷ്യമിട്ടത്. ഗുണമേന്മയില്ലെന്ന് പറഞ്ഞു മണിപ്പാലിലെ ഒരു പ്രസ് മടക്കി വിട്ട ബാര്‍കോഡിങ് മെഷീന്‍ കെ.ബി.പി.എസ്സിന് കൈമാറിയ അതേ കമ്പനിക്കാണ് അറ്റകുറ്റപ്പണി നടത്താനും കരാര്‍ നല്‍കിയത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ആധുനിക മെഷീന്‍ ഇറക്കുമതി ചെയ്യുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര കമ്പനിക്ക് മെഷീനുകള്‍ റിപ്പയറിങ് നടത്താനുള്ള സാങ്കേതിത പരിജ്ഞാനമുള്ള വിദഗ്ധരില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 1985ല്‍ കെ.ബി.പി.എസ് വാങ്ങിയ ഹാരീഷ് മെഷീനിലാണ് ലോട്ടറി പ്രിന്റിങ് ജോലികള്‍ നടത്തുന്നത്. ലോട്ടറി ടിക്കറ്റുകളില്‍ നമ്പറുകള്‍ രേഖപ്പെടുത്താന്‍ എട്ടരക്കോടി ചെലവഴിച്ച് ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ബാര്‍കോഡിങ് മെഷീന്‍ ഹാരീസ് അച്ചടി യന്ത്രവുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.ടിക്കറ്റിന് മൂന്ന് പൈസക്കാണ് മഹാരാഷ്ട്ര കമ്പനിക്ക് ബാര്‍കോഡിങ് കരാര്‍.
ദിവസം 94 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുന്ന കെ.ബി.പി.എസ്സില്‍ നിന്ന് ലക്ഷങ്ങളാണ് മഹാരാഷ്ട്ര കമ്പനി ചോര്‍ത്തുന്നത്. എന്നാല്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയും ബാര്‍കോഡിങും ചെയ്യുന്ന മറ്റൊരു കരാറുകാരന് ടിക്കറ്റിന് നാല് പൈസയാണ് നല്‍കുന്നത്. സെക്യൂരിറ്റി പ്രസ് വാടകയ്‌ക്കെടുത്തിരിക്കുന്നത് കരാറുകാരനാണെങ്കിലും അച്ചടിയും ബാര്‍കോഡിങ് ജോലിയും ചെയ്യുന്നത് കെ.ബി.പി.എസ് തൊഴിലാളികളാണ്. പേപ്പര്‍ മാത്രമാണ് കരാറുകാരന് കെ.ബി.പി.എസ് നല്‍കുന്നത്. എന്നാല്‍ നാല് പൈസക്ക് ലോട്ടറി അച്ചടിക്കുന്ന കരാറുകാരന് 1.32 കോടി രൂപയാണ് കെ.ബി.പി.എസ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. അതേസമയം നിലവാരത്തിന്റെ കാര്യത്തില്‍ സംശയത്തിന്റെ നിഴലിലുള്ള മഹാരാഷ്ട്ര കമ്പനിക്ക് തന്നെ ബാര്‍കോഡിങ് നടത്താന്‍ കരാര്‍ നല്‍കിയത് ദുരൂഹതക്ക് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."