HOME
DETAILS

പഴശ്ശിരാജ

  
backup
November 27 2017 | 02:11 AM

6541

 

1804ല്‍ തലശ്ശേരിയില്‍ സബ്കലക്ടറായി നിയമിതനായ തോമസ് ഹാര്‍വി ബാബര്‍ എന്ന അസാധാരണ കഴിവുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കേരളവര്‍മ്മ പഴശ്ശിരാജാവിനെ വിശേഷിപ്പിച്ചത് 'അസാധാരണനും അതുല്യനുമായ ഒരു വിശിഷ്ട വ്യക്തി' എന്നാണ്. കേരള ചരിത്രത്തില്‍ മഹാവ്യക്തികളുടെ കൂട്ടത്തില്‍ ഉന്നതസ്ഥാനം അര്‍ഹിക്കുന്ന പഴശ്ശിരാജ അസാമാന്യ കഴിവുകളുള്ള, സ്വഭാവദാര്‍ഢ്യമുള്ള, ഉന്നതാദര്‍ശമുള്ള വ്യക്തിയായിരുന്നു.
ജന്മാനാ ഒരു ജനനേതാവും അക്ഷീണനായ ഒരു സ്വാതന്ത്ര്യ യോദ്ധാവുമായിരുന്ന അദ്ദേഹത്തിന് ഉന്നതനിലവാരത്തിലുള്ള സംഘടനാ പാടവവുമുണ്ടായിരുന്നു. തന്റെ അനുയായികളെ പ്രചോദിപ്പിച്ച് നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ അവരെ സജ്ജരാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ആരായിരുന്നു വീരപഴശ്ശി?

കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവര്‍മ പഴശ്ശിരാജ. ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ അടയാളപ്പെടുത്തുന്നത്. 1753 ജനുവരി മൂന്നിന് പഴശ്ശി ആസ്ഥാനമായിരുന്ന വടക്കേ മലബാറിലുള്ള (കണ്ണൂര്‍ ജില്ല) കോട്ടയം രാജവംശത്തില്‍ ജനനം. പുരളീശന്മാര്‍ എന്നു വിളിക്കപ്പെടുന്ന കോട്ടയം തമ്പുരാക്കന്മനാര്‍, ഉത്തര കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രത്തില്‍ കഴിവുറ്റ ഭരണാധികാരികളെന്ന നിലയിലും സാഹിത്യത്തിന്റെയും മറ്റു കലകളുടെയും രക്ഷാധികാരികളെന്ന നിലയിലും പേരു കേട്ടവരായിരുന്നു.

ബ്രിട്ടീഷുകാരുടെ വാഗ്ദാനലംഘനം

ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനു പ്രതിഫലമായി കോട്ടയത്തിന് സ്വതന്ത്രപദവി നല്‍കാമെന്ന് ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ യുദ്ധാനന്തരം ഇവര്‍ വാഗ്ദാനലംഘനം നടത്തുകയും കോട്ടയം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു.
അതിനിടെ 1793ല്‍ ബ്രിട്ടീഷുകാര്‍ പഴശ്ശിയുടെ അവകാശങ്ങള്‍ അംഗീകരിക്കാതെ നാട്ടില്‍ നികുതി പിരിക്കാനുള്ള അധികാരം അദ്ദേഹത്തിന്റെ ബദ്ധശത്രുവും അമ്മാവനുമായ കുറുമ്പ്രനാടു രാജാവിന് നല്‍കി. ഇതോടെ പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മില്‍ ശത്രുതയായി.

ഒന്നാം പഴശ്ശികലാപം (1793-1797)

വയനാട് കൈയടക്കിയ ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്ന തെറ്റായ നികുതി നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധമായിരുന്നു ഒന്നാം പഴശ്ശിവിപ്ലവം. മൈസൂര്‍ രാജാക്കന്മാര്‍ കൃഷിക്കാരില്‍ നിന്നും തങ്ങളുടെ ഉദ്യോഗസ്ഥര്‍ മുഖാന്തിരം നേരിട്ടാണ് കരം പിരിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഓരോ പ്രദേശത്തെയും നികുതി പിരിക്കാനുള്ള അവകാശം അതതു പ്രദേശത്തെ നാടുവാഴികളെ ഏല്‍പ്പിച്ചു. നാടുവാഴികള്‍ ഒരു നിശ്ചിത തുക ബ്രിട്ടീഷുകാര്‍ക്ക് നല്‍കാന്‍ കരാറുണ്ടാക്കി. ഇത് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനു കാരണമായി. കരമായി നിശ്ചയിച്ചത് സാധാരണ ജനങ്ങളുടെ കഴിവിനുമപ്പുറമുള്ള തുകയായിരുന്നു.
ഈ ഘട്ടത്തില്‍ പഴശ്ശിരാജയുമായുള്ള ഇടപാടുകളില്‍ ബ്രിട്ടീഷുകാര്‍ നയപരമായ ഒരബദ്ധം ചെയ്തു. കോട്ടയം തമ്പുരാന്റെ മാതുലനായ കുറുമ്പ്രനാട്ട് രാജാവ് കോട്ടയത്തിന്റെ മേല്‍ അധികാരം ആവശ്യപ്പെടുകയും ബ്രിട്ടീഷുകാര്‍ പഴശ്ശിരാജാവിന്റെ അവകാശ വാദങ്ങളെ അവഗണിച്ചുകൊണ്ട് കോട്ടയം 1793ല്‍ കുറുമ്പ്രനാട്ട് രാജാവിന് ഒരു വര്‍ഷത്തേക്ക് പാട്ടത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിനെ പഴശ്ശി ബ്രിട്ടീഷുകാരുടെ ഗുരുതരമായ ഒരു വാഗ്ദാനലംഘനമായി കണക്കാക്കി.
ഇതോടെ ജനങ്ങളുടെ പിന്തുണയോടെ ബ്രിട്ടീഷുകാര്‍ക്കെതിരേ കലാപത്തിനൊരുങ്ങാന്‍ പഴശ്ശി നിര്‍ബന്ധിതനായി. 1793നും 1797നും ഇടയില്‍ നടന്ന കലാപങ്ങള്‍ 'ഒന്നാം പഴശ്ശി വിപ്ലവം' എന്നറിയപ്പെടുന്നു. 1795 ജൂണ്‍ 28-ാം തിയതി എല്ലാവിധ കരംപിരിവുകളും പഴശ്ശി നിര്‍ത്തുകയും ഈസ്റ്റിന്ത്യാ കമ്പനിയെ ധിക്കരിച്ച് ഭരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് കമ്പനിപ്പടയും പഴശ്ശി സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു.
പുരളിമല കേന്ദ്രീകരിച്ചായിരുന്നു പോരാട്ടങ്ങള്‍ നടന്നത്. ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന്‍ സമാധാന ശ്രമത്തിന് നേരിട്ടു മലബാറില്‍ എത്തുകയും ചിറക്കല്‍ രാജാവിന്റെ മധ്യസ്ഥതയില്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് 1797ല്‍ ഒന്നാം പഴശ്ശി വിപ്ലവം അവസാനിച്ചു. യുദ്ധവിരുദ്ധ കരാര്‍ പ്രകാരം കുറുമ്പ്രനാട് രാജാവിന് നികുതി പിരിക്കാനുള്ള അവകാശം റദ്ദാക്കുകയും പഴശ്ശിക്കു വര്‍ഷംതോറും 8000 രൂപ കുടുംബപെന്‍ഷന്‍ അനുവദിക്കാനും കമ്പനി തയാറാവുകയും ചെയ്തു.


രണ്ടാം പഴശ്ശിയുദ്ധം (18 00 - 1805)

1799ലെ നാലാം ആഗ്ലോ-മൈസൂര്‍ യുദ്ധാനന്തരമുണ്ടാക്കിയ ശ്രീരംഗപട്ടണ സന്ധിപ്രകാരം വയനാട് കൂടി ഇംഗ്ലീഷുകാര്‍ക്ക് ലഭിച്ചു. എന്നാല്‍ വയനാട് കൈയടക്കാന്‍ ബ്രിട്ടീഷുകാരെ അനുവദിക്കുകയില്ലെന്നും അവിടെ നികുതി പിരിക്കാനുള്ള നീക്കത്തെ പഴശ്ശി എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചു. ഇതു രണ്ടാം പഴശ്ശി യുദ്ധത്തിനു കളമൊരുക്കി. വയനാട്ടിലെ ആദിവാസിവിഭാഗമായ കുറിച്ച്യര്‍ ആയിരുന്നു പഴശ്ശി സൈന്യത്തിലെ പ്രധാന പോരാളികള്‍. കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അപ്പുനായര്‍, എടവന കുങ്കന്‍നായര്‍, പള്ളൂര്‍ ഏമന്‍നായര്‍, കുറിച്ച്യരുടെ നേതാവായ തലയ്ക്കല്‍ ചന്തു എന്നിവരായിരുന്നു സൈന്യത്തിനു നേതൃത്വം നല്‍കിയത്. വയനാടിന്റെ സവിശേഷമായ ഭൂമിശാസ്ത്രം പഴശ്ശിക്ക് അനുകൂലമായെങ്കിലും ഇംഗ്ലീഷ് സൈന്യത്തിന്റെ ശക്തമായ ആക്രമണത്തില്‍ പലപ്പോഴും ഒറ്റപ്പെട്ടു.
1800ല്‍ സര്‍വസൈന്യാധിപനായ സര്‍ ആര്‍തര്‍ വെല്ലസ്‌ലി പഴശ്ശിസൈന്യത്തെ നേരിടാനായി 1200 പൊലിസുകാരുടെ ഒരു സംഘത്തെ സജ്ജമാക്കി. 'കോല്‍ക്കാര്‍' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. 1804ല്‍ തോമസ് ഹാര്‍വി ബാബര്‍ തലശ്ശേരി സബ്കലക്ടറായി നിയമിതനാവുകയും കമ്പനി സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ യുദ്ധത്തിന്റെ ഗതിയും മാറി. പഴശ്ശിയെ നേരിടാന്‍ നാട്ടുകാരില്‍നിന്ന് തിരഞ്ഞെടുത്ത 1600 പേര്‍ അടങ്ങിയ അര്‍ധസൈനിക വിഭാഗത്തെ തോമസ് ഹാര്‍വി ബാബര്‍ നിയോഗിച്ചു. പഴശ്ശിയുടെ ആളുകളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ബ്രിട്ടീഷുകാര്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു. പ്രത്യാക്രമണം രൂക്ഷമായതോടെ പഴശ്ശിസൈന്യം കൊടുങ്കാട്ടിനുള്ളിലേക്കു വലിഞ്ഞു.

രക്തസാക്ഷിത്വം

തന്ത്രശാലിയായ തലശ്ശേരി സബ്കലക്ടര്‍ ടി.എച്ച് ബാബര്‍ നാട്ടുകാരില്‍നിന്ന് ചിലരെ തന്റെ അനുകൂലികളാക്കി. പഴശ്ശിയെയും അദ്ദേഹത്തിന്റെ മുഖ്യ അനുയായികളെയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കനത്ത പ്രതിഫലം വാഗ്ദാനം ചെയ്ത് വിളംബരം പുറപ്പെടുവിച്ചു. 1805 നവംബര്‍ ഒന്നിന് ടി.എച്ച് ബാബര്‍ സൈനിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നേരിട്ട് ഏറ്റെടുത്തു. പഴശ്ശിരാജാവിനെ നാമാവശേഷമാക്കാനും അതോടെ കലാപം അടിച്ചമര്‍ത്താനും തയാറായി.
പഴശ്ശിയുടെ വലംകൈ ആയിരുന്ന കുറിച്ച്യ പടനായകന്‍ തലയ്ക്കല്‍ ചന്തു തടവുകാരനാക്കപ്പെട്ടു. ഇംഗ്ലീഷ് സൈന്യം കേണല്‍ മക്‌ലോയിഡിന്റെ നേതൃത്വത്തില്‍ പഴശ്ശിരാജയുടെ താവളം വളഞ്ഞു. 1805 നവംബര്‍ 30ന് പുല്‍പ്പള്ളിയിലെ മാവിലാ തോടിനരികെ അവര്‍ പഴശ്ശിരാജയെ വെടിവച്ചു കൊന്നു. ജീവനോടെ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്ത പഴശ്ശിരാജ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും പറയപ്പെടുന്നു. മരിച്ചുവീണ പഴശ്ശിയെ അന്നത്തെ തലശ്ശേരി സബ്കലക്ടര്‍ തോമസ് ഹാര്‍വെ ബാബര്‍ സ്വന്തം പല്ലക്കിലേറ്റി മാനന്തവാടിയിലെത്തിച്ചു. ഒരു രാജാവിനു നല്‍കേണ്ട എല്ലാ ആദരവും ബഹുമതികളും നല്‍കിക്കൊണ്ട് മൃതദേഹം അവിടെ സംസ്‌കരിച്ചു.

പഴശ്ശിരാജാ സ്മാരകം

മാനന്തവാടിയിലാണ് പഴശ്ശിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്. നിരവധിപേരാണ് മാനന്തവാടി പഴശ്ശി സ്മാരകത്തിലേക്കു സന്ദര്‍ശനത്തിനായി ഇന്നും എത്തുന്നത്. പഴശ്ശി ഡാം കണ്ണൂര്‍ ജില്ലയിലും.
സര്‍ദാര്‍ കെ.എം പണിക്കല്‍ രചിച്ച കേരളസിംഹം എന്ന മലയാളം നോവല്‍ വായിച്ചാല്‍ പഴശ്ശിരാജയെക്കുറിച്ച് ഏറെ മനസിലാക്കാന്‍ കഴിയും. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് യാത്രാ സൗകര്യങ്ങളും കുട്ടികള്‍ക്കായി വിനോദ വസ്തുക്കളും ഒരുക്കിയിട്ടുണ്ട്. 1980ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.

പഴശ്ശിരാജാ മ്യൂസിയം

കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിലാണ് കേരളീയ വാസ്തുശില്‍പ ശൈലിയിലുള്ള പഴശ്ശി രാജാ മ്യൂസിയം നിലകൊള്ളുന്നത്.
1812ലാണ് മ്യൂസിയം നിലകൊള്ളുന്ന കെട്ടിടം (ഈസ്റ്റ് ഹില്‍ ബംഗ്ലാവ്) പണിതത്. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയായിരുന്നു ഇത്. വില്യം ലോഗന്‍, എച്ച്.വി കനോലി തുടങ്ങി പ്രശസ്തരായ പല ജില്ലാ ഭരണാധികാരികളും ഇവിടെ താമിസിച്ചിരുന്നു. കനോലി വധിക്കപ്പെട്ടതും ഈ കെട്ടിടത്തില്‍ വച്ചാണ്. 1976 വരെ ഈസ്റ്റ് ഹില്‍ ബംഗ്ലാവ് ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയായി തുടര്‍ന്നു. 1976ലാണ് ഇത് പുരാവസ്തു മ്യൂസിയമാക്കി മാറ്റിയത്. 1980ല്‍ കേരളവര്‍മ്മ പഴശ്ശി രാജയുടെ സ്മരണയില്‍ പഴശ്ശി രാജാ മ്യൂസിയം എന്ന് നാമകരണം ചെയ്തു.
ശിലയിലും മരത്തിലുമുള്ള ശില്‍പങ്ങള്‍, ആയുധങ്ങള്‍, കളിപ്പാട്ടങ്ങള്‍, പഴയകാലത്തെ പാത്രങ്ങള്‍, നാണയങ്ങള്‍, നന്നങ്ങാടികള്‍, കുടക്കല്ലുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചതായി കാണാം. മ്യൂസിയത്തിന്റെ ഭൂഗര്‍ഭ അറയില്‍ ബ്രിട്ടീഷ് ഭരണകാലത്തെ തടവറയും കാണാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago