ഹാദിയ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ആറുമാസത്തെ വീട്ടുതടങ്കലിനൊടുവില്‍ ഡോ. ഹാദിയ സുപ്രിംകോടതിയില്‍. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്. ശക്തമായ പൊലിസ് കാവലില്‍ ശനിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ഹാദിയ അച്ഛന്‍ അശോകനൊപ്പമാണ് ഹാദിയ സുപ്രിംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയാണ് ഇവർ ഹാജരാവുക.
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയിലെത്തിയിട്ടുണ്ട്. കേസിലെ തീരുമാനം നീണ്ടുപോവരുതെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെടും.
അതേസമയം, കേസ് അടച്ചിട്ട മുറിയില്‍ വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആവശ്യത്തെ എന്‍.ഐ.എ പിന്തുണയ്ക്കും. നേരത്തെ പിതാവ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. എന്‍.ഐ.എ അന്വേഷണസംഘം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.
ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിഷ്പക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന് കഴിഞ്ഞമാസം 30നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പില്‍ ഹാജരാവുന്ന ഹാദിയയോട് സ്വന്തം ഇഷ്ടപ്രകാരമാണോ മതംമാറിയത്, മതംമാറ്റത്തിന് ബാഹ്യഇടപെടലുകളുണ്ടായോ, ആരുടെ കൂടെയാണ് പോവേണ്ടത് തുടങ്ങിയ ചോദ്യങ്ങളാവും കോടതി ചോദിക്കുക.
ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിക്കും.
ഭര്‍ത്താവിന്റെകൂടെ പോവണം എന്ന നിലപാടാണ് ഹാദിയ സ്വീകരിക്കുക എങ്കില്‍, ഇന്ന് തന്നെ ഭര്‍ത്താവിന്റെ കൂടെ വിടുമോ അതോ സര്‍ക്കാരിനു കീഴിലുള്ള മറ്റുകേന്ദ്രത്തിലേക്ക് ആവുമോ മാറ്റുക എന്നു വ്യക്തമല്ല. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കട്ടെ ബാക്കി കാര്യങ്ങള്‍ അതിനു ശേഷം പരിഗണിക്കാമെന്നു നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
ഹാദിയയുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ചോദ്യംചെയ്തും യുവതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ഭര്‍ത്താവ് ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതി പരിഗണനയിലുള്ളത്.
അതേസമയം, ഹാദിയയുടെ മാനസിക നിലയില്‍ തകരാറുണ്ടെന്ന് കോടതിയില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് കുടുംബവും എന്‍.ഐ.എയും നടത്തുന്നത്. ഇക്കാര്യം ഇന്നലെ അശോകന്റെ അഭിഭാഷകന്‍ പരസ്യമായി ചില മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."