ഷെഫിനെതിരേ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എന്‍.ഐ.എ
ന്യൂഡല്‍ഹി: ഹാദിയാ കേസ് പരിഗണിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരേ ഇന്നലെയും എന്‍.ഐ.എ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ഷെഫിന്‍ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ജയിലില്‍ കഴിയുന്ന മന്‍സീദുമായി (മന്‍സി ബുറാഖ്) സംസാരിച്ചതിനു തെളിവുണ്ടെന്നുമുള്ള ആരോപണങ്ങളാണ് എന്‍.ഐ.എയുടെ അഭിഭാഷകന്‍ അഡീ.
സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് ഉന്നയിച്ചത്. കേരളത്തില്‍ സംഘടിത മതംമാറ്റമുണ്ടെന്നും മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ നിരവധിപേരെ മതംമാറ്റിയിട്ടുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. പിന്നാലെ, ഹാദിയ ദുര്‍ബല മാനസികാവസ്ഥയിലുള്ള വ്യക്തിയാണെന്ന് അശോകന്റെ അഭിഭാഷകന്‍ ശ്യാംദിവാന്‍ പറഞ്ഞു. നിര്‍ബന്ധിപ്പിച്ചാണ് ഷെഫിന്‍ ഹാദിയയെ വിവാഹം ചെയ്തതെന്നും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമീപത്തെ മദ്രസയില്‍ വെച്ചാണ് നിക്കാഹ് നടന്നതെന്നും വിവാഹത്തിന് മാതാപിതാക്കള്‍ ഹാജരായിരുന്നില്ലെന്നും ശ്യാംദിവാന്‍ വാദിച്ചു.
എന്നാല്‍ ഇരുഭാഗത്തെയും അഭിഭാഷകരുടെ വാദം ഖണ്ഡിച്ച കപില്‍സിബല്‍, ഹാദിയയുടെ ഭാഗം കേള്‍ക്കാതെ വാദം തുടരുന്നതു ദുഃഖകരമാണെന്നും ഒരു പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹാദിയയെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം. എന്‍.ഐ.എയുടെ അന്വേഷണവും ഇടപെടലുകളും കോടതിയലക്ഷ്യമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിനു വര്‍ഗീയ നിറം നല്‍കുകയാണ് പ്രതിഭാഗം. ഹാദിയയെ കേള്‍ക്കുന്നതിന് പകരം എന്‍.ഐ.എയെ കേള്‍ക്കുകയാണ് കോടതി. എന്‍.ഐ.എ അന്വേഷണം കോടതി അനുമതിയോടെയല്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."