മോദിയെപോലെ ദുര്‍ബലനായ പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ല: അരുണ്‍ ഷൂരി
ന്യൂഡല്‍ഹി: യശ്വന്ത് സിന്‍ഹയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിമാര്‍ക്കും എതിരായ വിമര്‍ശനം കടുപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി.
രാജ്യം സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. മോദിയെപ്പോലെ കഴിവുകെട്ട ഒരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ ഒരു യുഗമാണ് ഇപ്പോഴത്തേത്. എല്ലാ കാര്യങ്ങളും പരസ്പരം ബന്ധിതമാണ്. എല്ലാ കാര്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ വിരല്‍തുമ്പില്‍ എത്തുകയാണ്. ഇവരെ കബളിപ്പിക്കാനോ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനോ കഴിയില്ലെന്ന കാര്യം മനസിലാക്കണം. കഴിഞ്ഞ 40 വര്‍ഷക്കാലമായി ഇന്ത്യയുടെ രാഷ്ട്രീയ രംഗത്തെ നോക്കിക്കാണുന്നുണ്ട്. എന്നാല്‍ ഇന്നത്തെപ്പോലെ തെറ്റായതും പൊലിപ്പിച്ചതുമായ പ്രചാരണം ഒരുകാലത്തും ഉണ്ടായിട്ടില്ലെന്ന് മോദിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചുകൊണ്ട് അരുണ്‍ ഷൂരി പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിക്കുകയാണ് ഇപ്പോഴത്തെ രീതി. യാഥാര്‍ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ഈ കുപ്രചാരണങ്ങളെ അവരുടെ തന്നെ കൃതികള്‍ വായിച്ചും വ്യാഖ്യാനിച്ചുമാണ് മറികടക്കേണ്ടത്.
അംബേദ്കര്‍ ഹിന്ദുത്വത്തെയും ബി.ജെ.പിയേയും അനുകൂലിച്ചു എന്ന തരത്തില്‍ ചിലപ്പോള്‍ ബി.ജെ.പി വാദങ്ങള്‍ ഉന്നയിച്ചേക്കാം. എന്നാല്‍ അംബേദ്കറുടെ തന്നെ റിഡില്‍സ് ഇന്‍ ഹിന്ദുയിസം എന്ന പുസ്തകം വായിച്ച് അവരുടെ ഇത്തരം വാദങ്ങളെ നമുക്ക് ചോദ്യം ചെയ്യാനാകുമെന്നും അരുണ്‍ ഷൂരി പറഞ്ഞു.
അരക്ഷിതാവസ്ഥയുടെ മൂര്‍ധന്യതയിലാണ് ഇന്ന് രാജ്യം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഓഫിസും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ദുര്‍ബലമായിരിക്കുകയാണ്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയാണ്. എല്ലാ വര്‍ഗീയ ശക്തികളും പ്രശ്‌നം ആളിക്കത്തിക്കുകയാണ്. ജാഗരൂകരായിട്ടില്ലെങ്കില്‍ നാമെല്ലാവരും വര്‍ഗീയ സംഘര്‍ഷങ്ങളുടെ പങ്കാളികളായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അരുണ്‍ ഷൂരി പറഞ്ഞു.
വളരെ ചെറിയ വിഭാഗങ്ങളാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേക്കുറിച്ച് മോദി സ്വീകരിക്കുന്ന നിലപാട് തന്നെ ഭയപ്പെടുത്തുകയാണെന്നും അരുണ്‍ ഷൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."