ശ്രീലങ്കക്കെതിരായ ഏകദിനം; ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് രോഹിതിന് നറുക്ക് വീണത്. സ്പിന്നര്‍മാരായ ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരെ ഇത്തവണയും ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. ഡിസംബര്‍ പത്തിനാണ് ഏകദിന പരമ്പര തുടങ്ങുന്നത്.
കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറിയ ശ്രേയസ് അയ്യരെ ഏകദിന ടീമിലേക്ക് വിളിച്ചതാണ് ശ്രദ്ധേയ നീക്കം.
ആദ്യമായാണ് താരം ഏകദിന ടീമില്‍ ഇടം പിടിക്കുന്നത്. കോഹ്ലിക്ക് പകരം ബാറ്റിങില്‍ മൂന്നാം നമ്പറിലേക്കാണ് താരത്തെ പരിഗണിക്കുന്നത്. ഒപ്പം പഞ്ചാബ് വലംകൈയന്‍ മീഡിയം പേസര്‍ സിദ്ധാര്‍ഥ് കൗളിനും നടാടെ ടീമിലേക്ക് വിളി വന്നു. അതേസമയം ഏറെ പ്രതീക്ഷയോടെ നിന്ന മലയാളി താരം സഞ്ജു സാംസണെ സെലക്ടര്‍മാര്‍ തഴഞ്ഞു.
ഏകദിന ടീമിനെ തിരഞ്ഞെടുക്കുന്ന വേളയില്‍ മൂന്നാം ടെസ്റ്റിനുള്ള ടീമിനേയും തിരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റില്‍ നിന്ന് മാറിനിന്ന ഓപണര്‍ ശിഖര്‍ ധവാന് തിരിച്ചെത്തി. മറ്റ് മാറ്റങ്ങളൊന്നും ടീമിലില്ല.
ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനിഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുമ്റ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."