ഇന്നിങ്‌സിനും 239 റണ്‍സിനും ലങ്കയെ തകര്‍ത്ത് ഇന്ത്യ
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ കൂറ്റന്‍ വിജയം പിടിച്ചത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. 405 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ലങ്കയുടെ പോരാട്ടം 166 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയിച്ചത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയത്തിന്റെ റെക്കോര്‍ഡിനൊപ്പം തന്നെ ഈ ജയവും രേഖപ്പെടുത്തി. 2007ല്‍ ബംഗ്ലാദേശിനെതിരേ ഇതേ മാര്‍ജിനില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍. ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തുരുതുരാ വിക്കറ്റുകള്‍ നഷ്ടമായി. ഒരു ഘട്ടത്തില്‍ അവര്‍ എട്ടിന് 107 റണ്‍സെന്ന നിലയിലായിരുന്നു. ഒന്‍പതാം വിക്കറ്റില്‍ ചാന്‍ഡിമലിനൊപ്പം സുരംഗ ലക്മല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് അവരുടെ സ്‌കോര്‍ 150 കടത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ജയം അനായാസമാക്കി. ഇഷാന്ത് ശര്‍മ, ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി ലങ്കന്‍ പതനം ഉറപ്പാക്കി.
ലങ്കയ്ക്കായി ക്യാപ്റ്റന്‍ ചാന്‍ഡിമലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും താരം മറ്റൊരറ്റത്ത് പൊരുതി നിന്നു. 61 റണ്‍സെടുത്ത് ഒന്‍പതാം വിക്കറ്റായി ചാന്‍ഡിമല്‍ മടങ്ങി. പത്താമനായി ക്രീസിലെത്തിയ ലക്മല്‍ 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
വിരാട് കോഹ്‌ലി (213) ഇരട്ട സെഞ്ച്വറിയും ചേതേശ്വര്‍ പൂജാര (143), മുരളി വിജയ് (128), രോഹിത് ശര്‍മ (പുറത്താകാതെ 102) എന്നിവരുടെ സെഞ്ച്വറികളുടേയും മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
അശ്വിന്‍ @ 300
നാഗ്പൂര്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ 300 വിക്കറ്റ് ക്ലബില്‍. ടെസ്റ്റില്‍ ഏറ്റവും വേഗതയില്‍ 300 വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് താരം ശ്രദ്ധേയനായത്. ആസ്‌ത്രേലിയന്‍ ഇതിഹാസ പേസര്‍ ഡെന്നീസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ പിന്തള്ളിയത്.
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ നേട്ടത്തിലെത്തിയത്. ലങ്കന്‍ താരം സുരംഗ ലക്മലാണ് അശ്വിന്റെ 300ാം ഇര. 54 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 300 വിക്കറ്റുകള്‍ നേടിയത്. ടെന്നീസ് ലില്ലി 56 ടെസ്റ്റുകള്‍ കളിച്ചാണ് 300 വിക്കറ്റ് നേടിയത്. 2017കലണ്ടര്‍ വര്‍ഷം 50 വിക്കറ്റുകളും അശ്വിന്‍ പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."