ജി.എസ്.ടി: സ്വര്‍ണ വ്യാപാരികള്‍ അതിജീവനത്തിന് പുതിയ മാര്‍ഗം തേടുന്നു
കോഴിക്കോട്: ജി.എസ്.ടി മൂലം പ്രതിസന്ധിയിലായ ചെറുകിട സ്വര്‍ണവ്യാപാരികള്‍ നിലനില്‍പ്പിന് പുതിയ മാര്‍ഗം തേടുന്നു.
സ്വര്‍ണ വ്യാപാരി സംഘടനയായ എ.കെ.ജി.എസ്.എം.എയുടെ നേതൃത്വത്തില്‍ ചെറുകിട സ്വര്‍ണ കച്ചവടക്കാര്‍ക്ക് സ്വര്‍ണം എത്തിക്കാന്‍ അപൂര്‍വ സംവിധാനമാണ് കൊടുവള്ളിയില്‍ ഒരുക്കിയത്. 'ട്രിപ്പിള്‍ നൈന്‍ ബുള്ള്യന്‍ ട്രെഡേഴ്‌സ് എല്‍.എല്‍.പി' എന്ന പേരില്‍ നാളെ സ്വര്‍ണവിതരണ കേന്ദ്രം തുറക്കും.
ജി.എസ്.ടിക്ക് ശേഷം രാജ്യത്ത് എവിടെയും സ്വര്‍ണം വാങ്ങാന്‍ മൂന്ന് ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ചെറുകിട സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം ഇല്ലാതായി. ജി.എസ്.ടി വന്നതോടെ സ്വര്‍ണ ഇറക്കുമതി ഏതാനും സ്ഥാപനങ്ങള്‍ക്ക് മാത്രമായി ചുരുങ്ങി.
ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചുരുങ്ങിയ സ്വര്‍ണം അഞ്ച് കിലോയാണ്. ഇതുമൂലം ചെറുകിട കച്ചവടക്കാര്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാനാകുന്നില്ല. കേരളത്തില്‍ ചില വന്‍കിട സ്വര്‍ണകച്ചവടക്കാര്‍ ഒരു കിലോ സ്വര്‍ണത്തില്‍ കുറഞ്ഞ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സംഘടനയുടെ നേതൃത്വത്തില്‍ സ്വര്‍ണ വിതരണത്തിന് സ്ഥാപനം തുടങ്ങി ഇറക്കുമതി ചെയ്ത് കുറഞ്ഞ അളവില്‍ ചെറുകിട സ്വര്‍ണ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുക. 10 ഗ്രാം വരെ വ്യാപാരികള്‍ക്ക് എത്തിച്ചു നല്‍കാന്‍ ഇതുമൂലം കഴിയും. അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് മാത്രമാണ് സ്വര്‍ണം വില്‍ക്കുക.
ഓരോ വ്യാപാരിയും പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഓഹരി നല്‍കിയാണ് ട്രിപ്പിള്‍ നൈന്‍ ബുള്ള്യന്‍ ട്രെഡേഴ്‌സില്‍ പങ്കാളിത്തമെടുത്തത്. കോഴിക്കോട്ടെ 550 വ്യാപാരികള്‍ ചേര്‍ന്നാണ് സ്ഥാപനത്തിന് രൂപം നല്‍കിയത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നാളെ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്‍ നിര്‍വഹിക്കും. മലബാര്‍ ചേംബര്‍ പ്രസിഡന്റ് പി.വി നിധീഷ് ആദ്യവില്‍പന നിര്‍വഹിക്കും. സെന്‍ട്രല്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജോണ്‍സ് ജോര്‍ജ് മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."