ഗ്രാമക്കോടതിയുടെ ഓര്‍മകള്‍; വരദൂരില്‍ അവശേഷിക്കുന്നത് തൂണ് മാത്രം
പനമരം: ഗ്രാമത്തിലെ തര്‍ക്കങ്ങള്‍ കുടുംബ കാരണവന്മാരുടെ നേതൃത്വത്തില്‍ ഗ്രാമക്കോടതിയില്‍ പറഞ്ഞു തീര്‍ത്ത വരദൂരിന്റെ ഓര്‍മകള്‍ ചിലരില്‍ മാത്രമായി ഒതുങ്ങുന്നു.
ഗ്രാമക്കോടതി കുടിയിരുന്ന നാലു കാല്‍ മണ്ഡപം ഇന്ന് ഒരു തൂണ്‍ മാത്രമാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ ചരിത്രശേഷിപ്പ് ഇനിയും തകരാതെ നില്‍ക്കുന്നത് ഈ തൂണ്‍ മാത്രമാണ്.
ഇന്ന് പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി ചിതറിക്കിടക്കുന്ന വരദൂര്‍ പ്രദേശത്ത് ഒരു കാലത്ത് ജൈനമതക്കാര്‍ ഏറെയുണ്ടായിരുന്നു.
ഗ്രാമത്തിലെ ജൈന കുടുംബക്കാര്‍ക്കിടയില്‍ എന്ത് തര്‍ക്കങ്ങള്‍ ഉണ്ടായാലും ഗ്രാമമുഖ്യന്മാരായിരുന്നു പരിഹാരം നിര്‍ദേശിച്ചിരുന്നത്. വരദൂര്‍ പുഴയോരത്തെ നാലുകാല്‍ മണ്ഡപത്തില്‍ ഗ്രാമമുഖ്യന്മാര്‍ ഇരിക്കും.
പ്രശ്‌നങ്ങള്‍ കേട്ടതിന് ശേഷം അവര്‍ വിധി പറയുകയാണ് ചെയ്യുക. എന്ത് വിധിയാണെങ്കിലും അനുസരിക്കാന്‍ തര്‍ക്കത്തില്‍ ഉള്‍പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.
വരദൂരിന്റെ പരിസര പ്രദേശങ്ങളായ പുതിയടം, പാടിക്കര, ചീങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന കാരണവന്മാരും വരദൂരിലെ കാരണവരും ചേര്‍ന്നതായിരുന്നു ഗ്രാമക്കോടതി.
80 വര്‍ഷം മുന്‍പ്‌വരെ ഈ ഗ്രാമക്കോടതി നിലനിന്നിരുന്നതായി വരദൂരിലെ പദ്മയ്യ ഗൗഡര്‍ പറഞ്ഞു.
നിലത്തു നിന്ന് അല്‍പ്പം ഉയരത്തില്‍ കെട്ടിപ്പൊക്കിയ തറയില്‍ നാല് തൂണുകളും അതിന് മുകളില്‍ ഓട് മേഞ്ഞ തായിരുന്നു നാലു കാല്‍ മണ്ഡപം.
എട്ട് വര്‍ഷം മുന്‍പാണ് മണ്ഡപത്തിന്റെ മേല്‍ക്കൂര നിലംപൊത്തിയത്. ഇപ്പോള്‍ തറയും ഒരു തൂണും മാത്രമാണ് അവശേഷിക്കുന്നത്.
മണ്ഡപം നിലനിന്നിരുന്ന സ്ഥലം കൊവളയില്‍ സുബ്ബയ്യ ഗൗഡരുടേതായിരുന്നു. പിന്നീടിത് വരദൂര്‍ സ്‌കൂളില്‍ നിന്നു വിരമിച്ച രാജമ്മ ടീച്ചര്‍ വാങ്ങി.
തോട്ടത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയിലുള്ള മണ്ഡപത്തിന്റെ ചരിത്രം വരദൂരിലെ പുതുതലമുറക്ക് ഇന്ന് അന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."