മലപ്പുറത്തിനും പാണക്കാട് തങ്ങള്‍ക്കും നന്ദിപറഞ്ഞ് മാലതി
മലപ്പുറം: കുവൈത്തില്‍ വധശിക്ഷ കാത്തുകഴിയുന്ന ഭര്‍ത്താവിന്റെ മോചനത്തിനായി മലപ്പുറത്തിന്റെയും പാണക്കാട് കുടുംബത്തിന്റെയും കരുണതേടിയെത്തിയ തമിഴ്‌നാട് സ്വദേശി മാലതിയുടെ തീരുമാനം പിഴച്ചില്ല.
കുവൈത്തിലെ ജലീബില്‍ ഒരേസ്ഥാപനത്തില്‍ ജോലിചെയ്യുന്നതിനിടെയുണ്ടായ വാക്തര്‍ക്കത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസില്‍ മാലതിയുടെ ഭര്‍ത്താവ് അര്‍ജുനന്‍ അത്തിമുത്തുവിനെ വധശിക്ഷക്ക് വിധിച്ചിരുന്നു. 2013 സെപ്റ്റംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ജയിലിലായതിനെ തുടര്‍ന്ന് കൂലിപ്പണിയെടുത്താണ് മാലതി കുടുംബം പോറ്റിയിരുന്നത്. പതിനൊന്ന് വയസായ മകള്‍ പൂജ വിദ്യാര്‍ഥിയാണ്.
അര്‍ജുനന്റെ കുടുംബത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്കുമുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനുപിന്നാലെ മാലതി മലപ്പുറത്തെത്തി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ കാണുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നല്‍കിയാല്‍ അര്‍ജുനന്‍ രക്ഷപ്പെടും. കിടപ്പാടം വിറ്റിട്ടും തുക കണ്ടെത്താനായില്ലെന്ന് മാലതി മുനവറലി തങ്ങളെ അറിയിച്ചു.
തുടര്‍ന്ന് മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ മാലതിയെ സഹായിക്കാനായി 25 ലക്ഷം രൂപ സ്വരൂപിക്കുകയായിരുന്നു. 25 ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാലതിക്ക് കൈമാറി. മാലതി സ്വരൂപിച്ച അഞ്ച് ലക്ഷംകൂടി ചേര്‍ത്ത് 30 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഇന്ന് പാണക്കാട്ടുവച്ച് കൈമാറാനാണ് തീരുമാനം.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരിയായ മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിനുപോലും വകയില്ലാത്ത ഇവര്‍ക്ക് ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 11 വയസുകാരി മകള്‍ക്കും കുടുംബനാഥനെ ലഭിക്കുകയും ചെയ്യും. എന്‍.എ ഹാരിസ് ഫൗണ്ടേഷന്‍, എ.എം.പി ഫൗണ്ടേഷന്‍, സ്റ്റേര്‍ലിങ് ഇന്റര്‍നാഷണല്‍ കുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹായത്തോടെയാണ് പണം കണ്ടെത്തിയത്.
ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ സെക്രട്ടറി സുരേഷ് എടപ്പാള്‍, എസ്. മഹേഷ്, മുഹമ്മദ് നൗഫല്‍, സഹറാന്‍ ഗ്രൂപ്പ് പ്രതിനിധികളായ പട്ടര്‍ക്കടവന്‍ കുഞ്ഞാന്‍, പട്ടര്‍ക്കടവന്‍ റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."