പൊതുവിദ്യാലയങ്ങളിലെ പഠനമികവ് ഉയര്‍ത്താന്‍ 200 പഠനദിനം ഉറപ്പാക്കും
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം പഠനമികവിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിനുമായി വര്‍ഷത്തില്‍ 200 പഠനദിനങ്ങള്‍ ഉറപ്പാക്കും. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്‍ വിലയിരുത്തിയ യോഗത്തിലാണ് തീരുമാനം.
അക്കാദമിക് വര്‍ഷത്തില്‍ 200 പഠനദിനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകപരിശീലനങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ നിന്ന് ഒഴിവാക്കും. വിദ്യാഭ്യാസമേളകളും മറ്റും ശനിയാഴ്ചകൂടി ഉള്‍പ്പെടുത്തി നടത്തും. പഠനദിനങ്ങളിലോ, പഠനസമയങ്ങളിലോ അധ്യപകരെ മറ്റു ജോലിക്ക് നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികള്‍ക്കും നിര്‍ദേശം നല്‍കും. 200 പഠനദിനവും ആയിരം പഠനമണിക്കൂറുകളും വേണമെന്നാണ് തീരുമാനം. ഈ ദിവസങ്ങള്‍ കണക്കാക്കിയാണ് പുസ്തകങ്ങളിലെ ഉള്ളടക്കവും പഠനപ്രവര്‍ത്തനവും തയാറാക്കിയിട്ടുള്ളത്. ഓരോ വിദ്യാലയവും അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കണമെന്നും നിര്‍ദേശമുണ്ട്. ജനുവരി 30നകം എല്ലാ സ്‌കൂളുകളിലും അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ തയാറാകും. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 138 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതിരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ 113 സ്‌കൂളുകള്‍ക്ക് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. ഇതുവഴി 565 കോടി രൂപ ലഭിക്കും. 25 സ്‌കൂളുകള്‍ക്ക് ഉടനെ കിഫ്ബി അനുമതി പ്രതീക്ഷിക്കുന്നു. 125 കോടി രൂപ ഈ വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിന് ലഭിക്കും. 117 സ്‌കൂളുകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡിസംബറിനകം കിഫ്ബിക്ക് സമര്‍പ്പിക്കും. 2019 ജനുവരിയില്‍ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."