ശശീന്ദ്രനെതിരായ കേസില്‍ കക്ഷിചേരുന്നത് പ്രത്യേക താല്‍പ്പര്യക്കാര്‍: ടി.പി.പീതാംബരന്
കൊച്ചി: എ.കെ.ശശീന്ദ്രനെതിരായ കേസില്‍ കക്ഷിചേരുന്നതിനായി നിരവധി അപേക്ഷകള്‍ ഹൈക്കോടതിയില്‍ എത്തുന്നുണ്ടെന്നും ഇതിനുപിന്നില്‍ മറ്റു താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്. സ്വകാര്യ അന്യായമാണ് ശശീന്ദ്രനെതിരേയുള്ളത്. അതില്‍ കക്ഷിചേരാന്‍ കൂടുതല്‍ അപേക്ഷകള്‍ എത്തുന്നത് സംശയകരമാണ്. ഇത്തരത്തില്‍ കക്ഷിചേരാന്‍ എത്തുന്നതിനെതിരേ എതിര്‍സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് ഗൂഢാലോചനയൊന്നുമില്ല. മന്ത്രിസ്ഥാനം കഴിയുന്നതും വേഗം എന്‍.സി.പിക്ക് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. ശശീന്ദ്രന്റെ കേസ് പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 12ലേക്ക് മാറ്റിയിരിക്കുകയാണ്. എന്‍.സി.പിയില്‍ മന്ത്രിയാകാന്‍ അര്‍ഹതയുള്ളത് എ.കെ.ശശീന്ദ്രനാണ്. അത് നേരത്തെ വ്യക്തമാക്കിയതാണ്.
ശശീന്ദ്രന് കുറ്റവിമുക്തനായി തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റും പിന്നീട് മന്ത്രിയുമായ തോമസ് ചാണ്ടിയും പറഞ്ഞിട്ടുണ്ട്.ശശീന്ദ്രനെതിരായ ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കമ്മിഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എല്‍.ഡി.എഫ് യോഗം എന്നുചേരണമെന്നത് സംബന്ധിച്ച് കണ്‍വീനറും നേതാക്കളുമാണ് തീരുമാനിക്കേണ്ടതെന്നും എന്‍.സി.പി നേതൃയോഗത്തിന് ശേഷം ടി.പി.പീതാംബരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."