സെക്രട്ടേറിയറ്റില്‍ ഭരണ സ്തംഭനം: ഫയലുകള്‍ ഇഴയുന്നു; ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും തമ്മിലടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനത്തിന് വഴിയൊരുക്കി വകുപ്പ് സെക്രട്ടറിമാരുടെ മുന്നില്‍ ഫയലുകള്‍ കുന്നുകൂടുന്നു. ആവശ്യത്തിന് ഐ.എ.എസ് ഓഫിസര്‍മാരില്ലാത്തതും ഒരു സെക്രട്ടറി തന്നെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതുമാണ് ഭരണ സ്തംഭനത്തിന് കാരണമായത്. ഫയലുകളുടെ നടപടികള്‍ അനിശ്ചിതമായി നീണ്ട് വകുപ്പ് സെക്രട്ടറിയുടെ മേശപ്പുറത്ത് മാസങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഒരു ഐ.എസ്.എഫ് ഓഫിസര്‍ തന്നെ അഞ്ചും ആറും വകുപ്പുകളുടെ സെക്രട്ടറിയാണ്.
പ്രധാന വകുപ്പുകളായ റവന്യൂ, വിദ്യാഭ്യാസം, പട്ടികജാതി-വര്‍ഗം തുടങ്ങിയവയുടെ സെക്രട്ടറിമാര്‍ക്ക് മറ്റു പ്രധാന വകുപ്പുകളുടെയും ചുമതല നല്‍കിയിട്ടുണ്ട്. ജോലിഭാരം കൂടിയതിനാല്‍ ഇവര്‍ കൈകാര്യം ചെയ്യുന്ന മറ്റു വകുപ്പുകളെയും ഇത് ബാധിക്കുന്നു. മൂന്ന് ഡസനിലധികം ഐ.എ.എസുകാര്‍ അഞ്ചും ആറും വകുപ്പുകളുടെ ചുമതല വഹിക്കുന്നു. രണ്ട് ഡസനിലധികം ഉദ്യോഗസ്ഥര്‍ക്ക് ഒന്നിലധികം ചുമതലയും. ഏത് ഫയല്‍ പരിശോധിച്ച് തീര്‍പ്പാക്കണമെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍. തിരക്ക് കൂടിയപ്പോള്‍ ഫയലുകള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
സെക്രട്ടേറിയറ്റിലെ ഭരണ സ്തംഭനത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മറ്റു വിഷയങ്ങളില്‍ വിവാദമുണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്. 154 ഐ.എ.എസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. 231 ഐ.എ.എസ് തസ്തികകളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളതെങ്കിലും അത്രയും തസ്തികകള്‍ ഒരിക്കലും നികത്തപ്പെട്ടിട്ടില്ല.
ഇപ്പോഴുള്ള 154 പേരില്‍ ഒന്‍പതു പേര്‍ അടുത്തിടെ സര്‍ക്കാര്‍ ഐ.എ.എസ് നല്‍കിയതിലൂടെ ചുമതലയേറ്റവരാണ്.ഐ.എ.എസുകാരില്‍ 34 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അവര്‍ക്ക് കേന്ദ്രസര്‍വിസില്‍ നിന്ന് തിരിച്ചുവരാന്‍ താല്‍പര്യമില്ലാത്തതും കസേരകള്‍ ഒഴിഞ്ഞുകിടക്കാന്‍ ഇടയാക്കി. അവരുള്‍പ്പെടെ സര്‍വിസില്‍ നിന്ന് വിരമിച്ചവരടക്കം 111 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവാണുള്ളത്. ഇത്രയും പേരുടെ കുറവ് മുന്‍പൊരിക്കലും സംസ്ഥാനത്തുണ്ടായിട്ടില്ല. ഈ 111 പേരുടെ ജോലിയാണ് മറ്റുള്ളവര്‍ക്ക് വഹിക്കേണ്ടിവന്നത്. ഇതോടെ ഒരാള്‍ക്കു തന്നെ മൂന്നും നാലും വകുപ്പുകള്‍ കൈകാര്യം ചെയ്യേണ്ടിവന്നു. അതാണ് മെല്ലെപ്പോക്കിന്റെ കാരണവും.
അതിനിടെ, സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമും ധനവകുപ്പ് സെക്രട്ടറി മനോജ് ജോഷിയും തമ്മിലടി രൂക്ഷമായി. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ മാര്‍ഗം കണ്ടെത്താന്‍ പാട് പെടുമ്പോഴാണ് സംസ്ഥാന ഭരണത്തിലെ പ്രധാന പദവികളില്‍ ഇരിക്കുന്നവര്‍ ഏറ്റുമുട്ടുന്നത്.
മുന്‍ ധനവകുപ്പ് സെക്രട്ടറിയായ കെ.എം എബ്രഹാമിന്റെ പിന്‍സീറ്റ് ഡ്രൈവിങാണ് മനോജ് ജോഷിയെ ചൊടിപ്പിച്ചത്. ധനവകുപ്പ് സെക്രട്ടറി അറിയാതെ ചീഫ് സെക്രട്ടറി നേരിട്ട് ഇടപെട്ട് എയ്ഡഡ് സ്‌കൂളുകളിലേക്ക് 2,500 തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയതാണ് ഇരുവരും തമ്മില്‍ പടല പിണക്കത്തിന് കാരണമായത്. ഉത്തരവ് ശ്രദ്ധയില്‍പെട്ട ധനവകുപ്പ് സെക്രട്ടറി ഇത് റദ്ദാക്കുകയും ഉത്തരവിറക്കിയ അഡീഷനല്‍ സെക്രട്ടറിയെ സെക്രട്ടേറിയറ്റില്‍ നിന്നു തന്നെ മാറ്റുകയും ചെയ്തു. ഇദ്ദേഹത്തെ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫിസറായാണ് മാറ്റി നിയമിച്ചത്. താന്‍ നിയമിച്ചവരെ മാറ്റരുതെന്ന് പറഞ്ഞാണ് കെ.എം എബ്രഹാം ധന സെക്രട്ടറിയുമായി കൊമ്പുകോര്‍ത്തത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കെ.എം എബ്രഹാം ധനവകുപ്പ് സെക്രട്ടറിയായത്. പിന്നീട് ഇടതു സര്‍ക്കാര്‍ വന്നപ്പോഴും ഈ സ്ഥാനത്ത് തുടര്‍ന്നു. കിഫ്ബി വന്നതോടെ ധനമന്ത്രി ടി.എം തോമസ് ഐസകിന്റെ ഇഷ്ടക്കാരനായി. പിന്നീട് കെ.എം എബ്രഹാം ചീഫ് സെക്രട്ടറി ആയതോടെയാണ് മനോജ് ജോഷി ധനവകുപ്പ് സെക്രട്ടറിയാകുന്നത്.
മനോജ് ജോഷി വകുപ്പ് സെക്രട്ടറിയായെങ്കിലും ചീഫ് സെക്രട്ടറിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ താന്‍ നിയമിച്ചവര്‍ വഴി സാധിച്ചെടുക്കുന്നത് പതിവായി. ഇതാണ് ധനവകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തമ്മില്‍ ഇടയാന്‍ വഴിയൊരുക്കിയത്.
മുഖ്യമന്ത്രിയുടെ വകുപ്പും ഇഴയുന്നു, കൈകാര്യം ചെയ്യുന്നത് 29 വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയന് തന്റെ വകുപ്പുകളിലെ ഫയലുകള്‍ നേരിട്ട് പരിശോധിക്കണമെങ്കില്‍ ഇരുപത്തിനാലു മണിക്കൂറില്‍ കൂടുതല്‍ വേണം. 29 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. നേരത്തെ ചുമതല വഹിച്ചിരുന്ന 26 വകുപ്പുകള്‍ക്ക് പുറമേ തോമസ് ചാണ്ടി രാജിവച്ചതോടെ ഗതാഗതം, ജല ഗതാഗതം, മോട്ടോര്‍ വാഹനം എന്നീ പ്രധാന വകുപ്പുകളും മുഖ്യമന്ത്രി ഏറ്റെടുത്തു. ജോലി ഭാരം കൂടിയ ആഭ്യന്തരത്തിന് പുറമേ ജയില്‍, വിജിലന്‍സ്, ഐ.ടി, എയര്‍പോര്‍ട്ട്, മെട്രോ റെയില്‍, സയന്‍സ് ആന്റ് ടെക്‌നോളജി, പരിസ്ഥിതി വകുപ്പ് തുങ്ങിയ പ്രധാന വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. നേരത്തെ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ ഒഴികെ 13 വകുപ്പുകളാണ് കൈകാര്യം ചെയ്തത്. ഉമ്മന്‍ചാണ്ടിയാകട്ടെ 11 വകുപ്പുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."