ജഡ്ജിയുടെ മരണത്തിലെ ദുരൂഹത നീങ്ങണം
നമ്മുടെ രാജ്യത്ത് രാഷ്ട്രീയക ക്ഷികള്‍ക്കുള്ളില്‍ അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍ ഭരണതലത്തില്‍ മൂടിവയ്ക്കപ്പെട്ട പല സത്യങ്ങളും പുറത്തുവരാറുണ്ട്. അധികാരവുമായി ബന്ധപ്പെട്ട കൊതിക്കെറുവുകളോ പരിധിവിട്ടു വളരുന്ന നേതാവിനെയും ഗ്രൂപ്പിനെയും ഒതുക്കാനുള്ള നീക്കങ്ങളോ അതിനു പിന്നിലുണ്ടാവാം. അതെന്തായാലും പുറത്തുവരുന്ന വിഷയത്തിന്റെ ഗൗരവത്തിലാണു കാര്യം.
വിഷയം ഗുരുതരമാണെങ്കില്‍ പറഞ്ഞത് ആരെന്നു നോക്കാതെ അതു പരിശോധിക്കുക തന്നെ വേണം. പണ്ടു കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയില്‍ നിന്നാണു ബൊഫോഴ്‌സ് ഇടപാടിനു പിന്നിലെ അഴിമതിക്കഥകള്‍ പുറത്തുവന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിഷയമായിരുന്നു അത്. തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി പദത്തിലേറിയ രാജീവ് ഗാന്ധിയെ അടുത്ത തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കാന്‍ ബൊഫോഴ്‌സ് കേസ് കാരണമായി.
അത്രതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണു രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. ഏറെ വിവാദം സൃഷ്ടിച്ച സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിനെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹതകളിലേക്കാണു സിന്‍ഹ വിരല്‍ചൂണ്ടുന്നത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുനരന്വേഷണം വേണമെന്നും കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാണു സിന്‍ഹ ആവശ്യപ്പെടുന്നത്. രാജ്യത്തെ നീതിന്യായവ്യവസ്ഥയുമായും പൗരാവകാശങ്ങളുമായും ഏറെ ബന്ധപ്പെട്ട വിഷയമായതിനാല്‍ സിന്‍ഹ പറയുന്ന കാര്യങ്ങളെ അവഗണിക്കാനാവില്ല.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലിസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഹൈദരാബാദില്‍നിന്നു പിടിച്ചുകൊണ്ടുപോയി ഗാന്ധിനഗറിനു സമീപം വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണു കേസ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ചായിരുന്നു ഇത്.
രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഈ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാളായിരുന്നു അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ. ഗുജറാത്ത് നിയമവകുപ്പിന്റെ ചുമതല കൂടി അന്നു ഷായ്ക്കായിരുന്നു. ഭരണകൂടത്തില്‍നിന്ന് ഒട്ടേറെ ഇടപെടലുകളുണ്ടായ ഈ കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ലോയ.
കേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ 2014 ഡിസംബര്‍ ഒന്നിനാണു ലോയ മരിച്ചത്. സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിനു പോകാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആ യാത്രയ്ക്കിടയില്‍ നാഗ്പൂരില്‍ വച്ച് അദ്ദേഹം മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറെ വൈകിയാണു ലോയയുടെ കുടുംബാംഗങ്ങളെ മരണവിവരം അറിയിച്ചത്. അവര്‍ എത്തുന്നതിനു മുമ്പു തിടുക്കപ്പെട്ടു പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഇതൊക്കെ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അന്നുതന്നെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭരണകൂടം അവഗണിച്ചു. ലോയയുടെ സഹോദരി അനുരാധ ബിയാനി കഴിഞ്ഞദിവസം ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലാണ് ഈ വിഷയത്തില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയത്. സൊഹ്‌റാബുദ്ദീന്‍ കേസില്‍ കോടതി വിധിയെ സ്വാധീനിക്കാന്‍ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുരുതരമായ ആരോപണവും അനുരാധ ഉന്നയിച്ചിട്ടുണ്ട്.
സൊഹ്‌റാബുദ്ദീന്‍ കേസിലെ ദുരൂഹതയും ലോയയുടെ ദുരൂഹമരണവും സഹോദരിയുടെ വെളിപ്പെടുത്തലും സംഘ്പരിവാറിന്റെ രാഷ്ട്രീയപ്രയോഗരീതികളുമൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ഈ സംഭവങ്ങളിലെല്ലാം ക്രൂരമായ മനുഷ്യാവകാശ ലംഘനവും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണു പക്ഷപാതിത്വമില്ലാത്ത ഏതൊരാളും എത്തുക.
ജനങ്ങളില്‍ വര്‍ഗീയവികാരം ജ്വലിപ്പിച്ചു രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഏതു ഹീനമാര്‍ഗവും സ്വീകരിക്കാന്‍ മടിക്കാത്തവരാണു സംഘ്പരിവാര്‍ നേതാക്കളെന്നു ഗുജറാത്ത് കൂട്ടക്കൊലയടക്കം നിരവധി സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനൊക്കെയുള്ള സാധ്യത ഈ സംഭവങ്ങളിലും കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല. അതെല്ലാം പുറത്തുവരണമെങ്കില്‍ സൊഹ്‌റാബുദ്ദീന്‍ കേസില്‍ പുനരന്വേഷണവും ലോയയുടെ മരണത്തിനു പിന്നില്‍ ആരെന്നു കണ്ടെത്താനുളള അന്വേഷണവും നടക്കേണ്ടതുണ്ട്. അതിനു ഭരണകൂടം തയാറാവുന്നില്ലെങ്കില്‍ രാജ്യത്തുടനീളം ശക്തമായ ബഹുജന ശബ്ദം ഉയരേണ്ടതുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."