HOME
DETAILS

കരിപ്പൂരിനെ തകര്‍ക്കുന്ന കള്ളക്കളി അവസാനിക്കുമോ?

  
backup
November 28 2017 | 23:11 PM

destroyed-karipur-trying-articles-spm-today-articlse

രണ്ടരപ്പതിറ്റാണ്ട് പഴക്കമുള്ള കരിപ്പൂര്‍ വിമാനത്താവളം എന്നും വിവാദങ്ങളുടെയും വിശദീകരണമാവശ്യമില്ലാത്ത ചര്‍ച്ചകളുടെയും വിലാപത്താവളമായി മാറിയിരിക്കുകയാണ്. എങ്കിലും, ഇക്കഴിഞ്ഞ 22നു നടന്ന വിമാനക്കമ്പനി മേധാവികളുടെയും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം പുതിയ പ്രതീക്ഷയ്ക്കു വഴിയൊരുക്കുന്ന സൂചന നല്‍കുന്നുണ്ട്. പക്ഷേ, ഈ പ്രതീക്ഷ സഫലമാകാന്‍ ഇനിയെത്രനാള്‍ മലബാറുകാര്‍ കാത്തിരിക്കണം എന്ന ചോദ്യവും അവശേഷിക്കുന്നു.
കോഡ് 'ഇ' ഇനത്തില്‍പ്പെട്ട ജംബോ 747 ഒഴികെ മറ്റെല്ലാ വൈഡ്‌ബോഡി വിമാനങ്ങള്‍ക്കും കരിപ്പൂരില്‍ ഇറങ്ങാന്‍ ഡി.ജി.സി.എയുടെ അനുമതി ലഭ്യമാക്കാനുള്ള അവസാനശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ആ അനുമതി ലഭിക്കുന്നതോടെ ബോയിങ് 777 സീരിയലിലെ എല്ലാ വിമാനങ്ങള്‍ക്കും എയര്‍ബസ് 330,200300, 787,200 ഡ്രീംലൈനര്‍ എന്നീ വിമാനങ്ങള്‍ക്കും കരിപ്പൂരില്‍ സര്‍വിസ് നടത്താന്‍ സാധിക്കും. ആ ശുഭമുഹൂര്‍ത്തത്തിനു ജൂണ്‍വരെ കാത്തിരിക്കണം.
2015 മെയ്മാസം അറ്റകുറ്റപ്പണിക്കുവേണ്ടി ഭാഗികമായി അടച്ച വിമാനത്താവളത്തിന്റെ റണ്‍വേ പൂര്‍വാധികം ശക്തമായി പുനര്‍നിര്‍മിച്ചിട്ടും വലിയ വിമാനങ്ങള്‍ക്കു യാത്രാനുമതി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മലബാറിലെ വിവിധ സംഘടനകളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് ഏപ്രില്‍ 24 നു സംയുക്തപഠനം നടത്തി ഡി.ജി.സി.എയ്ക്കു സമര്‍പിച്ചപ്പോള്‍ ബോയിങ് 777200 എന്ന കോഡ് ഇ വിമാനത്തിനു മാത്രമായി അനുമതി ചുരുക്കുകയായിരുന്നു.
ബോയിങ് സീരീസിലെ ഏറ്റവും ആദ്യത്തേതും ഇന്നു പല വിമാനക്കമ്പനികളും ഉപയോഗിക്കാത്തതുമായ വിമാനം കരിപ്പൂരില്‍ യാത്രായോഗ്യമാണെന്ന് എഴുതിച്ചേര്‍ത്തതു മനഃപൂര്‍വമായിരുന്നുവെന്നും കരിപ്പൂരിനെ തഴയാന്‍വേണ്ടിയാണെന്നും പിന്നീടുള്ള അന്വേഷണങ്ങളില്‍ വ്യക്തമായി. ബോയിങ് 777200 എന്ന വിമാനം കരിപ്പൂരിലേയ്ക്കു സര്‍വീസ് നടത്തിക്കൊണ്ടിരുന്ന എമിറേറ്റ്‌സ്, സഊദി അറേബ്യ എന്നീ വിമാനക്കമ്പനികളുടെ കൈവശം ഇല്ലെന്ന് അറിയാമായിരുന്നിട്ടും എയറോഡ്രോം മാന്വലിലെ നിബന്ധനകള്‍ പാടെ അട്ടിമറിച്ചുകൊണ്ടാണ് പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.
ഈ റിപ്പോര്‍ട്ട് വന്നയുടന്‍ ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ ഐ.സി.എ.ഒയുടെ ശരിയായ നിബന്ധനകള്‍ ചൂണ്ടിക്കാണിച്ച് ഡി.ജി.സി.എയ്ക്കു കത്തു നല്‍കിയിട്ടും മറുപടിയുണ്ടായില്ല. നിഗൂഢശക്തികള്‍ കരിപ്പൂരിന്റെ വളര്‍ച്ചയ്ക്കു തടയിടുന്നുവെന്ന സംശയം ഇതോടെ ബലവത്താകുകയാണ്. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഇക്കാര്യത്തില്‍ വിവരാവകാശനിയമത്തിലൂടെ നിജസ്ഥിതി തേടുന്നതായി മനസിലാക്കുന്നു. അതിലൂടെ കള്ളക്കളി പുറത്തുവരും.

സാങ്കേതികവശം
കരിപ്പൂര്‍ റണ്‍വേയ്ക്ക് 2850 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും 71 പി.സി.എന്‍ ഘനവും ഇരുവശവും 90 മീറ്റര്‍ റെസയും പുനര്‍നിര്‍ണയിച്ച് ഈ വര്‍ഷം മാര്‍ച്ചു മുതല്‍ രാപ്പകല്‍ സര്‍വിസ് നടത്താന്‍ തയാറായിരിക്കുകയാണ്. ഐ.സി.എ.ഒയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണു റണ്‍വേ പുതുക്കി നിര്‍മിച്ചത്. എന്നിട്ടും, മംഗലാപുരം വിമാനദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ ശുപാര്‍ശപ്രകാരം റെസയുടെ വീതി ഇരുഭാഗവും കൂടി 240 മീറ്റര്‍ വേണമെന്നതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂരിലെ റണ്‍വേ 2850 മീറ്ററില്‍നിന്ന് 2700 മീറ്ററാക്കി പുനഃക്രമീകരണം നടത്തണമെന്നാണു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
18 മാസം വിമാനത്താവളം പകല്‍ മുഴുവന്‍ അടച്ചിട്ടു പണി നടത്തുമ്പോള്‍ ഈ പുനഃക്രമീകരണം ചെയ്യാമായിരുന്നു. അതു ചെയ്യാതെ ഇപ്പോള്‍ ഈ നിലപാടെടുത്തത് സംശയം ജനിപ്പിക്കുന്നു. കോഡ് 'ഇ' വിമാനം ഇറങ്ങിയാല്‍ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നാകും. അതിനെ ആരോ തടയാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ രണ്ടാംപേജില്‍ നിലവിലുള്ള റണ്‍വേ കോഡ് 'ഇ' വിമാനം ഇറക്കാന്‍ അനുയോജ്യമല്ലെന്ന് എഴുതിച്ചേര്‍ത്തത്.
ഇതിനിടയില്‍ മലബാറുകാരുടെ കണ്ണില്‍പൊടിയിടാന്‍ 777200 ഇറക്കാമെന്ന പ്രഖ്യാപനവും നടത്തി. അത്തരം വിമാനങ്ങള്‍ ഒരു വിമാനക്കമ്പനിയുടെയും കൈയിലില്ലെന്നറിയാതെ മലബാറുകാര്‍ സന്തോഷത്തോടെ ആര്‍ത്തുല്ലസിച്ചതു കണ്ടു ഡല്‍ഹിയിലെ ദന്തഗോപുരത്തിലിരുന്നു ചിലര്‍ ആസ്വദിച്ചു ചിരിച്ചു. ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും മിണ്ടാതിരുന്ന ഡല്‍ഹി രാജാക്കന്മാര്‍ക്ക് ഇപ്പോള്‍ ബോധോദയമുണ്ടായിരിക്കുന്നു. അവരില്‍ ചിലര്‍ നവംബര്‍ 22 ന് ഇവിടെ വരികയും പുതിയ എയര്‍പോര്‍ട്ട് ഡയറക്ടരുടെയും വിമാനക്കമ്പനി മേധാവികളുടെയും വാക്കുകള്‍ കേള്‍ക്കുകയും ചെയ്തു.
മൂന്നാഴ്ചയ്ക്കകം കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ മറ്റൊരു റിപ്പോര്‍ട്ട് ഡി.ജി.സി.എയ്ക്കു സമര്‍പ്പിക്കുന്നതോടെ റെസ പുനഃക്രമീകരണ ജോലിയാരംഭിക്കും. ഇതിനുവേണ്ടി മാര്‍ച്ച് ആദ്യവാരം വീണ്ടും വിമാനത്താവളം പകല്‍സമയം അടച്ചിടും. ജൂലൈ ആദ്യവാരം പണി പൂര്‍ത്തീകരിച്ച് ജൂലൈ അവസാനത്തോടെ കോഡ് 'ഇ' വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നാണ് ഇപ്പോഴത്തെ ധാരണ.
ഡിസംബര്‍ 15 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ നമ്മുടെ ജനപ്രതിനിധികള്‍, പ്രത്യേകിച്ചു മലപ്പുറത്തെ എം.പിമാര്‍ കരിപ്പൂരിനുവേണ്ടി ശബ്ദിക്കുമെന്ന് പ്രതീക്ഷിക്കാം. അവരുടെ ശബ്ദം ഡല്‍ഹിയിലെ ദന്തഗോപുരത്തിലിരിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കന്മാരെ ഉണര്‍ത്തുംവിധമാകുമെന്നും അവര്‍ മറ്റേതെങ്കിലും സ്വകാര്യവിമാനത്താവളങ്ങളുടെ ശിങ്കിടികളായി മാറില്ലെന്നും ആശിക്കാം.
ഇപ്പോള്‍ത്തന്നെ വലിയ വിമാനങ്ങളിറങ്ങാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സജ്ജമാണ്. എയര്‍പോര്‍ട്ട് ഡയറക്ടറുടെ പുതിയ പഠനറിപ്പോര്‍ട്ട് അനുകൂലമായാല്‍ വേണമെങ്കില്‍ 2018 ജനുവരിയില്‍ത്തന്നെ എ.ബി. 330200 വിമാനാമങ്ങള്‍ക്കു 300 യാത്രക്കാരുമായി പറന്നുയരാം. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനെര്‍ വിമാനത്തിനും സര്‍വിസ് നടത്താം.
അതിന്, മലബാറുകാരിലെ സംഘടനകളും എം.പി.മാരും മലപ്പുറത്തെയും കോഴിക്കോട്ടെയും രക്ഷ്ട്രീയനേതൃത്വവും കേരളസര്‍ക്കാരും ഒറ്റക്കെട്ടായി ശബ്ദിക്കണം. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞപോലെ 'നാമൊരുമിച്ചു മൂത്രമൊഴിച്ചാല്‍' എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ് കരിപ്പൂര്‍വിമാനത്താവളത്തിന്റെ അവകാശങ്ങള്‍. നമുക്ക് ഒരുമിച്ചു മൂത്രമൊഴിക്കാന്‍ സാധിക്കുമോയെന്നതു മാത്രമാണു പ്രശ്‌നം.
കോഴിക്കോട് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കാന്‍ കേരള ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിക്കുന്നതായി അറിഞ്ഞു. സ്വാഗതാര്‍ഹമായ നീക്കമാണത്. വലിയ വിമാനങ്ങള്‍ക്കു സര്‍വിസ് നടത്താനുള്ള തടസ്സം നീങ്ങിയെങ്കിലും ചില താല്‍പരകക്ഷികളുടെയും ബ്യൂറോക്രാറ്റുകളുടെയും പിടിവാശി ഇതിനു പുറകില്‍ ഉണ്ടെന്നു തീര്‍ച്ചയായും സംശയിക്കാം.
അതു നീക്കിക്കിട്ടാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണ്. ഒരുകാര്യം കൂടി കേരള ഹജ്ജ് കമ്മിറ്റി ഉറപ്പുവരുത്തണം. ഇത്തവണ ജൂണ്‍ മാസത്തോടെ മേല്‍ വിവരിച്ച വലിയ വിമാനങ്ങള്‍ ഇറങ്ങുമെന്നുറപ്പായാല്‍ ഇത്തവണത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിനു സ്വന്തമാക്കാനുള്ള നിബന്ധനകള്‍ സുപ്രിംകോടതിയെ രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം വരുംകൊല്ലവും ഹജ്ജ്‌യാത്രാ സൗകര്യം കരിപ്പൂര്‍ വിമാനത്താവളത്തിനു നഷ്ടപ്പെടും. 330 യാത്രക്കാരെ കയറ്റാവുന്ന എ.ബി 330300 വിമാനമുപയോഗിച്ചു സൗദി എയര്‍ലൈന്‍സ് സര്‍വിസ് നടത്താന്‍ തയ്യാറാണെന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഹജ്ജ് വിമാനങ്ങള്‍
കഴിഞ്ഞതവണ കരിപ്പൂര്‍ വിമാനത്താവള അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെ കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മലബാറുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു 2018ലെ ഹജ്ജ് കരിപ്പൂരില്‍ നിന്ന് തന്നെയെന്ന്. രാഷ്ട്രീയക്കാരുടെ വാക്കുകള്‍ക്ക് ഇന്ന് മാര്‍ക്കറ്റ്‌വിലയില്ല എന്നതിന്റെ മറ്റൊരു മകുടോദാഹരണമാണ് 2018ലും ഹജ്ജ് എംബാര്‍കേഷന്‍ 'കൊച്ചിക്ക്' തന്നെ കൊടുത്തുകൊണ്ടുള്ള ഉത്തരവ്. ഇത് മലബാറുകാരോടും 90% വരുന്ന ഇവിടുത്തെ ഹാജിമാരോടും ചെയ്യുന്ന കടുത്ത വഞ്ചനയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ജനുവരി അവസാനവാരത്തോടെ ഹജ്ജ് ടെണ്ടര്‍ പുറത്തിറങ്ങും. വിമാനത്താവളം നിര്‍ണയവും നിരക്ക് നിശ്ചയിക്കലും നടക്കും.
വാടക വിമാന കമ്പനികള്‍ എയര്‍ ഇന്ത്യയുടെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും പുറകെ നടക്കും ഓരോരുത്തരുടെയും ഊഴം ഉറപ്പിക്കാന്‍. കേവലം 750-800 ഡോളര്‍ യഥാര്‍ഥ വില വരുന്ന നിരക്കുകള്‍ 900 മുതല്‍ 1200 ഡോളര്‍ വരെ കാണിച്ചു വിലപേശല്‍ നടക്കാതെ സ്വകാര്യ വാടക കമ്പനികള്‍ സ്വന്തമാക്കുമ്പോള്‍ കീശ നിറയുന്നത് ആരുടേതൊക്കെയാണെന്നു നാളിതുവരെ ആരും അന്വേഷിച്ചിട്ടില്ല. നൂറുമുതല്‍ നൂറ്റമ്പത് ഡോളര്‍ വരെ അഴിമതിയായി പലരിലും എത്തിച്ചേരുന്നു. 127000 വരുന്ന യാത്രക്കാരില്‍ നിന്നു തട്ടിയെടുക്കുന്ന വന്‍ വെട്ടിപ്പിന്റെയും കഥകള്‍ മാധ്യമങ്ങള്‍ പോലും മറച്ചുപിടിക്കുന്നു.
വിവരാവകാശനിയമപ്രകാരം പുറത്തു കൊണ്ടുവരാവുന്ന ഈ കൊള്ളലിന്റെയും കൊടുക്കലിന്റെയും യഥാര്‍ഥ മുഖം എന്താണ.് ഈസ്റ്റ് യൂറോപ്യന്‍ കമ്പനികളുടെ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാടകക്കെടുക്കുന്നത്.
കാലാകാലമായി നടന്നു വരുന്ന ഈ വാടക വിമാന കച്ചവടം സുതാര്യമായി നടത്താന്‍ എന്തുകൊണ്ട് വ്യോമമന്ത്രാലയം മുന്നോട്ടുവരുന്നില്ല. എന്തുകൊണ്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തി ഹാജിമാരുടെ വിമാനനിരക്കുകള്‍ പരിശോധിക്കുന്നില്ല. പോരാത്തതിനു ഹജ്ജ് സബ്‌സിഡിയായി വലിയതുകകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്നതായി പ്രചാരണം നടത്തുകായും ചെയ്യുന്നു.
കേവലം ചില്ലറ കാശ് സബ്‌സിഡിയായി നല്‍കുമ്പോള്‍ എയര്‍ഇന്ത്യ മറിച്ചു വില്‍ക്കുന്ന തുകയുടെ ഒരംശം മതി നിരക്ക് കുറയാന്‍. എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന പകുതി ഹജ്ജ് സീറ്റുകള്‍ അതായത് 63500 സീറ്റുകള്‍ എയര്‍ഇന്ത്യ സബ്‌ടെണ്ടറിലൂടെ വാടക വിമാന കമ്പനികള്‍ക്ക് കൊടുക്കുന്നതോടെ നിരക്കുകള്‍ ഗണ്യമായി കൂടുന്നു. കാരണം അവിടെ പലര്‍ക്കും കമ്മീഷന്‍ നല്‍കണം.
എയര്‍ ഇന്ത്യ നേരിട്ട് അവരുടെ വിമാനങ്ങള്‍ ഉപയോഗിച്ചാല്‍ ഈ കമ്മീഷന്‍ ഇനത്തില്‍ വലിയ തുക ലാഭിക്കാം. പക്ഷെ, ഇതൊന്നും കൈകാര്യം ചെയ്യാന്‍ നമ്മുടെ ബ്യൂറോക്രസി സമ്മതിക്കില്ലല്ലോ. ആഗോള ടെണ്ടര്‍ പ്രായോഗികമല്ലെങ്കില്‍ ഉഭയകക്ഷി കരാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പുതിയ ഉടമ്പടിയിലൂടെ ആഗോള ടെണ്ടര്‍ ക്ഷണിക്കാനുള്ള വാതായനങ്ങള്‍ തുറക്കപ്പെടും. പക്ഷെ, അതിനു സമ്മതം മൂളേണ്ടതും വ്യവസ്ഥകള്‍ ലഘൂകരിക്കേണ്ടതും സിവില്‍ എവിയേഷനും എയര്‍ ഇന്ത്യയുമാണ്. അവര്‍ കനിഞ്ഞരുളിയാല്‍ ഹജ്ജ് വിമാന നിരക്കില്‍ വലിയ മാറ്റം വരികയും മുസ്‌ലിംകള്‍അനുഭവിക്കുന്ന ഹജ്ജ് സബ്‌സിഡി എന്ന പേരുദോഷം ഇല്ലാതാവുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  21 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  21 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago