പരമ്പരാഗത രീതികളെ പൊളിച്ചെഴുതി ഒരു മദ്‌റസ
ആഗ്ര: പരമ്പരാഗത ധാരണകളെല്ലാം പൊളിച്ചെഴുതുകയാണ് ഉത്തര്‍പ്രദേശിലെ ആഗ്ര മുഈനുല്‍ ഇസ്‌ലാം മദ്‌റസ. അറിവിന് ഒരുതരത്തിലുള്ള വേര്‍തിരിവും നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്ന് മഹത്തായൊരു ആശയമാണ് ഈ മദ്‌റസ സമൂഹത്തിനു നല്‍കുന്നത്. മതസൗഹാര്‍ദത്തിന് ലോകത്തിന് തന്നെ മാതൃകയായിട്ടാണ് ഹിന്ദുമതത്തില്‍പെട്ട 202 വിദ്യാര്‍ഥികള്‍ക്ക് ഈ മദ്‌റസ അക്ഷരം പകര്‍ന്നുനല്‍കുന്നത്.
മതപഠനത്തിനുവേണ്ടിയുള്ള അറബി, ഉറുദു,പാര്‍സി, ഭാഷകള്‍ക്കു പുറമെ, ഇംഗ്ലീഷും, ഹിന്ദിയും, ഗണിതശാസ്ത്രവും,സയന്‍സും,കംപ്യൂട്ടര്‍ സയന്‍സും എല്ലാം ഇവിടെ കുട്ടികള്‍ക്കായി പഠിപ്പിക്കുന്നു. 1958 ലാണ് ഈ മദ്‌റസ സ്ഥാപിക്കുന്നത്. എന്നാല്‍ 50 വര്‍ഷത്തിനിപ്പുറമാണ് ഇത്തരത്തില്‍ ഒരു മാറ്റം പാഠ്യപദ്ധതിയില്‍ ഒരുക്കി ഈ സ്ഥാപനം മാതൃക കാട്ടുന്നത്.
പത്തു വര്‍ഷം മുന്‍പ്‌വരെ ഹിന്ദുമതക്കാരായ വിദ്യാര്‍ഥികളാരും ഈ മദ്‌റസ തേടിയെത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് 248 മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്കൊപ്പം 202 ഹിന്ദു വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഉറുദുവും അറബിയും ഈ വിദ്യാര്‍ഥികളും പഠിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഭാഷ പഠിക്കുന്നതിന് അതിരുകളില്ലെന്നാണ് മദ്‌റസ ഇവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. പിന്നെയെന്തിന് മടിച്ചുനില്‍ക്കണമെന്ന് ഓരോ വിദ്യാര്‍ഥിയും സ്വയം ചോദിക്കുന്നു.
ഒന്നാം ക്ലാസ് മുതല്‍ 10വരെയുള്ള മദ്‌റസയില്‍ അധ്യാപകരായി നാലുപേരുണ്ട്. ഹിന്ദിയും ഇംഗ്ലീഷും കംപ്യൂട്ടറും പഠിക്കുന്ന സാഹചര്യത്തില്‍ അറബിയും ഉറുദുവും എന്തുകൊണ്ട് പഠിച്ചുകൂട. എല്ലാ ഭാഷകളും വിഷയങ്ങളും പഠിക്കുന്നതില്‍ നിന്ന് ആരേയും മാറ്റി നിര്‍ത്തേണ്ടതില്ല. അതുകൊണ്ടാണ് താനടക്കമുള്ളവര്‍ ഇവിടെ പഠിക്കുന്നതെന്ന് വിദ്യാര്‍ഥിനിയായ പ്രിയങ്ക പറഞ്ഞു. കുട്ടികളെ ഏതെങ്കിലും ഭാഷ പഠിക്കാനോ പഠിക്കാതിരിക്കാനോ നിര്‍ബന്ധിക്കാറില്ല. അവരുടെ ഇഷ്ടമാണ് എല്ലാ ഭാഷയും പഠിക്കണമെന്നത്. അത് തിരിച്ചറിഞ്ഞ് അറബിയും ഉറുദുവുമെല്ലാം ഒരു തരത്തിലുള്ള വേര്‍തിരിവും അതിര്‍വരമ്പുകളും നിശ്ചയിക്കാതെ പഠിപ്പിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."