'പദ്മാവതി'യെ കുറിച്ച് ഭരണത്തിലുള്ളവര്‍ അഭിപ്രായം പറയരുതെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രമായ പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രിം കോടതി നിരീക്ഷണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് തിരിച്ചടി. രജപുത്ര സംഘടനയായ കര്‍ണിസേനയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി ചിത്രത്തിനുള്ള പ്രദര്‍ശനം തടയുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തതാണ് സുപ്രിം കോടതിയെ പ്രകോപിപ്പിച്ചത്.
പദ്മാവതിക്കെതിരേ ഔദ്യോഗികപദവിയിലിരിക്കുന്നവര്‍ പ്രസ്താവന നടത്തരുതെന്ന് സുപ്രിം കോടതി താക്കീത് ചെയ്തു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം സെന്‍സര്‍ ബോര്‍ഡിന്റെ (സി.ബി.എഫ്.സി) പരിഗണനയിലാണ്. ചിത്രം പരിശോധിച്ച് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു പറയാന്‍ ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കും? അങ്ങനെ പറയുന്നതു നിയമത്തിന് എതിരാണ്.
ഭരണഘടനാപദവിയിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതു വിഷയത്തെ മുന്‍വിധിയോടെ സമീപിക്കാന്‍ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
ചിത്രത്തിന് അനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡുള്ളപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് ബോര്‍ഡിന്റെ പ്രത്യേകാധികാരത്തില്‍പെട്ടതാണെന്നും കോടതി ഓര്‍മിപ്പിച്ചു. പദ്മാവതിയുടെ വിദേശ രാജ്യങ്ങളിലെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. സിനിമക്കെതിരേ അഭിഭാഷകനും ബി.ജെ.പി നേതാവുമായ എം.എല്‍ ശര്‍മ സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയും ചെയ്തു.
ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്‍പുതന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിക്കാതെ വിവാദം മാത്രം ലക്ഷ്യമിട്ടാണു ബന്‍സാലി ചിത്രം തയാറാക്കിയതെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. സംസ്ഥാനത്തു ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും വ്യക്തമാക്കി. സംസ്ഥാനത്ത് ചിത്രം നിരോധിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കുകയുംചെയ്തു.
ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്, ഭരണഘടനാ പദവിയിലുള്ളവര്‍ വിവാദപ്രസ്താവനകള്‍ നടത്തരുതെന്ന് സുപ്രിം കോടതി വാക്കാല്‍ ആവശ്യപ്പെട്ടത്. ചിത്രത്തില്‍നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിലൂടെ സംവിധായകന്‍ ചരിത്രത്തെ വികൃതമാക്കിയെന്നും അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."