ബി.ജെ.പിയുടെ സ്ഥിതി മോശമെന്ന് വിജയ് റുപാനി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കാര്യങ്ങളെല്ലാം കലങ്ങി മറിയുമ്പോള്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ബി.ജെ.പിയുടെ അവകാശ വാദത്തിനുമേല്‍ കരിനിഴല്‍ വീഴുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്ഥിതി അത്യന്തം ആപല്‍ക്കരമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ് റുപാനിയുടെ പുതിയ ഓഡിയോ ക്ലിപ്‌സ് ഗുജറാത്തിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സംസ്ഥാനത്ത് ബി.ജെ.പിയുടെ നില പരിതാപകരമാണെന്ന് മുഖ്യമന്ത്രി തുറന്നു പറയുന്ന ഓഡിയോ ക്ലിപ്പിങ്ങാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. സുരേന്ദ്ര നഗറില്‍ ജൈന സമുദായ നേതാവായ നരേഷ് സംഗീതവുമായി നടത്തിയ സംസാരത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
സംസാരത്തിനിടയില്‍ രാജ്യത്തെ ഏക ജൈനമതക്കാരനായ മുഖ്യമന്ത്രിയാണ് താനെന്ന് റുപാനി പറയുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയില്‍ കേവലം അഞ്ചു ശതമാനം മാത്രം വരുന്ന ജൈന സമുദായത്തില്‍ നിന്നുള്ള ഏക മുഖ്യമന്ത്രിയാണെന്ന് പ്രധാനമന്ത്രി പറയുന്നതും താന്‍ കേട്ടിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ സംഭാഷണം സംബന്ധിച്ച ഓഡിയോ ശബ്ദശകലത്തിന്റെ ആധികാരികത വ്യക്തമല്ല. പല ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും മുഖ്യമന്ത്രിയുടെ സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്.
നരേഷുമായി മുഖ്യമന്ത്രി വിജയ് റുപാനിയുടെ സംസാരം ഇങ്ങനെ:
മുഖ്യമന്ത്രി റുപാനി: ഒരു മിനിറ്റ്, ഒരു പ്രധാന കോള്‍ വരുന്നുണ്ട്.
നരേഷ്: യെസ്, സാഹബ്, ജെയ് ജിനേന്ദ്ര
വിജയ് റുപാനി: നമസ്‌കാരം, ജെയ് ജിനേന്ദ്ര. നരേഷ് ഭായ്, മത്സര രംഗത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നമുക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ നാം മാത്രമേയുള്ളു. അതുകൊണ്ട് യഥാര്‍ഥ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. കാരണം രാജ്യത്തെ ഏക ജൈനസമുദായക്കാരനായ മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.
നരേഷ്:തീര്‍ച്ചയായും
റുപാനി: നരേന്ദ്ര ഭായ് തന്നെ വിളിച്ചിരുന്നു. ഗുജറാത്ത് ജനസംഖ്യയില്‍ അഞ്ചു ശതമാനം മാത്രമാണ് ജൈനന്‍മാരുള്ളതെന്ന് അദ്ദേഹം തന്നെ ഓര്‍മിപ്പിച്ചു. അതുകൊണ്ട് ഒരു ജൈന മുഖ്യമന്ത്രിയെ തന്നെ വീണ്ടും ജയിപ്പിക്കേണ്ടതുണ്ട്. സുരേന്ദ്ര നഗറില്‍ ഒരു ജൈനനെ വിജയിപ്പിക്കാനുള്ള നീക്കം എങ്ങനെയാണ്. ജനങ്ങള്‍ സഹായിക്കുമോ?
നരേഷ്: യാ, എന്തുകൊണ്ടില്ല?
റുപാനി: ബി.ജെ.പിയുടെ നില അത്യന്തം പരുങ്ങലിലാണ്. എന്റെ കാര്യം അതിലേറെ മോശമാണ്.
നരേഷ്: ഞങ്ങളാരും താങ്കളുടെ സ്ഥിതി മോശമാക്കില്ല. ഞങ്ങളെല്ലാവരും നിങ്ങളെ പിന്തുണക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."