ഐ ലീഗ്: ഐസ്വാളിന് സമനില
കൊല്‍ക്കത്ത: ഐ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഐസ്വാള്‍ അവസാന നിമിഷം സമനില പിടിച്ചു. തോല്‍വിയിലേക്ക് നീങ്ങികൊണ്ടിരുന്ന മത്സരത്തില്‍ അവസാന നിമിഷം ര ണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് ഐസ്വാള്‍ സമനില നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം എഡ്വാര്‍ഡോ ഫെരേരയിലൂടെ ഈസ്റ്റ് ബംഗാളാണ് മുന്നിലെത്തിയത്. ആറു മിനുട്ടുകള്‍ക്ക് ശേഷം കാറ്റ്സുമി ബംഗാളിന്റെ ലീഡ് ഉയര്‍ത്തി.
ഇതോടെ ഐസ്വാള്‍ സമ്മര്‍ദത്തിലായി. പക്ഷേ പെട്ടെന്ന് തന്നെ അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ലാല്നുന്ഫെലയുടെ ഇരട്ട ഗോളുകളാണ് അവര്‍ക്ക് രക്ഷയായത്. 74ാംമിനുട്ടില്‍ ഐസ്വാളിന്റെ അക്കൗണ്ട് തുറന്ന ലാല്‍നുന്‍ഫെല തോല്‍വി ഉറപ്പിച്ച് നീങ്ങവേ മത്സരത്തിന്റെ അധിക സമയത്ത് നേടിയ ഗോളിലൂടെ ടീമിനെ കരകയറ്റുകയും ചെയ്തു.
നിലവിലെ ചാംപ്യന്മാരായ ഐസ്വാള്‍ ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ മുന്‍തൂക്കം നേടുമെന്നാണ് കരുതിയത്. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. അല്‍ അമ്നയുടെ നീക്കങ്ങള്‍ ഐസ്വാളിനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. പ്രതിരോധ നിരയുടെ മികവിലാണ് ഐസ്വാള്‍ ഗോള്‍ വഴങ്ങാതെ നിന്നത്.
പതിയെ മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും ഗോള്‍ നേടാന്‍ ഐസ്വാളിന് സാധിച്ചില്ല. ആദ്യ പകുതി അതുകൊണ്ട് തന്നെ ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ തന്ത്രങ്ങള്‍ മാറ്റിപരീക്ഷിച്ച ഈസ്റ്റ് ബംഗാള്‍ 66ാം മിനുട്ടില്‍ മുന്നിലെത്തി. കാറ്റ്സുമി യൂസയുടെ മികച്ചൊരു കോര്‍ണര്‍ കിക്ക് ഫെരേരയ്ക്ക് ലഭിക്കുകയും താരം ലക്ഷ്യം കാണുകയുമായിരുന്നു. അധികം വൈകാതെ കാറ്റ്സുമി ലീഡുയര്‍ത്തി. പക്ഷേ വിട്ടുകൊടുക്കാതെ പൊരുതിയ ഐസ്വാള്‍ ലാല്നുന്ഫെലയുടെ മികവില്‍ സമനില പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."