വിവാദ റോഹിംഗ്യാ ദ്വീപിന് ബംഗ്ലാദേശിന്റെ പച്ചക്കൊടി
ധാക്ക: റോഹിംഗ്യാ അഭയാര്‍ഥികള്‍ക്കായി രാജ്യത്തെ ആള്‍ത്താമസമില്ലാത്ത പ്രദേശം അനുവദിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
ബംഗ്ലാദേശിന്റെ തെക്കന്‍ തീരത്തുള്ള ജനവാസമില്ലാത്ത ദ്വീപിലാണ് ഒരു ലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ പ്രദേശം താമസയോഗ്യമല്ലെന്ന മുന്നറിയിപ്പുകളെ അവഗണിച്ചാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം.
ഇവിടെ ജനവാസയോഗ്യമാക്കുന്നതിന് 280 മില്യന്‍ ഡോളറാണു ചെലവു പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശില്‍ അഭയാര്‍ഥിക്യാംപുകളില്‍ നിറഞ്ഞുകവിഞ്ഞ റോഹിംഗ്യകളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരാന്‍ ബംഗ്ലാദേശ്-മ്യാന്മര്‍ സര്‍ക്കാരുകള്‍ കരാറില്‍ ഒപ്പുവച്ചതിനു പിറകെയാണു പുതിയ നീക്കം.
ഭാഷന്‍ ചാര്‍ ദ്വീപ് എന്ന പേരിലുള്ള പ്രദേശത്തിന്റെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ശൈഖ് ഹസീന അധ്യക്ഷയായ സര്‍ക്കാര്‍ സാമ്പത്തിക കൗണ്‍സില്‍ അംഗീകാരം നല്‍കി.
2015ലാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. അന്നുമുതല്‍ തന്നെ വിവിധ തലങ്ങളില്‍നിന്ന് ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അടുത്ത വര്‍ഷം മെയ് മുതല്‍ ദ്വീപ് ജനവാസയോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആസൂത്രണ കമ്മിറ്റി സെക്രട്ടറി സിയാഉല്‍ ഇസ്‌ലാം പറഞ്ഞു.
രാജ്യത്ത് കഴിയുന്ന 6,20,000ത്തോളം വരുന്ന റോഹിംഗ്യ അഭയാര്‍ഥികളില്‍ ചെറിയൊരു ശതമാനത്തെയെങ്കിലും ഇവിടെ പാര്‍പ്പിക്കാനാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
2006ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഉയര്‍ന്നുവന്നതാണ് ഈ പ്രദേശം. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍നിന്ന് ഒരു മണിക്കൂര്‍ ബോട്ട് യാത്രയുടെ ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."