മാവോവാദി യുവതിയെയും കൈക്കുഞ്ഞിനേയും കോടതിയില്‍ ഹാജരാക്കി
തലശ്ശേരി: മാവോയിസ്റ്റ് ആക്രമണക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മാവോവാദി ഗ്രൂപ്പ് അംഗം കന്യാകുമാരി എന്ന കന്യയെ (35) തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇന്നലെ ഉച്ചയോടെയാണ് ജയിലധികൃതര്‍ കനത്ത സുരക്ഷയില്‍ ഇവരെ കോടതിയിലെത്തിച്ചത്.
2016 മാര്‍ച്ച് 3ന് കന്യയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകള്‍ ആറളം വിയറ്റ്നാം കോളനിയിലെ ഓട്ടോഡ്രൈവര്‍ രജിനി സിബിയുടെ വീട്ടിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഭക്ഷണ സാധനങ്ങളും മറ്റും കെക്കലാക്കി രക്ഷപ്പെട്ടുവെന്ന കേസിലാണ് ഇവരെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കര്‍ണാടകയില്‍ നിന്ന് പ്രത്യേക പൊലിസ് വാഹനത്തിലാണ് കൈക്കുഞ്ഞുമായി കന്യയെ കോടതിയില്‍ എത്തിച്ചത്. കേസ് പരിഗണിച്ച ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.രഘു ഡിസംബര്‍ ഒന്നുവരെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു നല്കി. ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ഡിവൈ.എസ്.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കന്യയെ കോടതിയില്‍ നിന്ന് ഏറ്റുവാങ്ങി. നേരത്തെ മാവോവാദികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കര്‍ണാടകയിലെ പ്രത്യേക സമിതി മുന്‍പാകെയാണ് ചിക്ക്മംഗളൂര്‍ സ്വദേശിനിയായ കന്യ കീഴടങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."