പൊലിസ് ഇനി ജീവന് പണയംവച്ച് ഓടേണ്ട
തിരുവനന്തപുരം: വി.ഐ.പികളുടെ സുരക്ഷയ്ക്കായി കണ്ടം ചെയ്ത വാഹനങ്ങളില്‍ ജീവന് പണയം വച്ച് ചീറിപ്പായുന്ന പൊലിസുകാര്‍ക്ക് ഇനി ആശ്വസിക്കാം, ഇതിനായി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനമായി. ആദ്യഘട്ടമായി നാലു പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനാണ് പൊലിസ് തീരുമാനിച്ചിരിക്കുന്നത്. ടൊയോട്ടയുടെ ഏറ്റവും പുതിയ ക്രിസ്റ്റയാണ് വാങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരുടെ സുരക്ഷാ സംഘത്തിനാണ് ഇത് അനുവദിക്കുക. കഴിഞ്ഞ ആഴ്ച കൂടിയ പൊലിസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വി.വി.ഐ.പികളുടെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ സുരക്ഷ ഒരുക്കാന്‍ പോകുന്ന പൊലിസ് വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്നും അത്യധുനിക സൗകര്യങ്ങളോടെയുള്ള വാഹനങ്ങള്‍ വാങ്ങണമെന്നും നിര്‍ദേശം ഉയര്‍ന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
വി.ഐ.പി എസ്കോര്‍ട്ടിനായി 67 പുതിയ വാഹനങ്ങള്‍ വേണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ എസ്കോര്‍ട്ട് വാഹനം അപകടത്തില്‍ പെട്ട് പൊലിസ് ഉദ്യോഗസ്ഥന് മരിക്കാനിടയായത് കാലപ്പഴക്കം ചെന്ന വാഹനമായതിനാലാണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."