സഊദിയില്‍ അനധികൃത സ്വത്തു സമ്പാദനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ നീക്കം
ജിദ്ദ: സഊദിയില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനായി അഴിമതി വിരുദ്ധ അതോറിറ്റിയുടെ നിര്‍ദേശം അഴിമതി വിരുദ്ധ ഉന്നതസഭക്ക് സമര്‍പ്പിച്ചു.
ഉന്നത സഭ അംഗീകാരം നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍വരും. സഊദി അഴിമതി നിര്‍മാര്‍ജന അതോറിറ്റിയുടേതാണ് വെളിപ്പെടുത്തല്‍. പൊതുമുതല്‍ സംരക്ഷിച്ച് അഴിമതി ഇല്ലാതാക്കാനാണ് പുതിയ നീക്കം.
26 അനുച്ഛേദങ്ങളുള്ളതാണ് ഇതിനായി തയാറാക്കിയ നിയമാവലി. ഇതിന്റെ കരട് ഉന്നതസഭയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമം പ്രാബല്യത്തിലാകുമെന്ന് അഴിമതി നിര്‍മാര്‍ജന അതോറിറ്റി മേധാവി അബ്ദുറഹ്മാന്‍ അല്‍ അജ്‌ലാന്‍ പറഞ്ഞു.
രാഷ്ട്രത്തിന്റെ പൊതുസമ്പത്ത് സംരക്ഷിക്കുക, ഉദ്യോഗസ്ഥ അഴിമതിയും കൈകൂലിയും അവസാനിപ്പിക്കുക, അനധികൃതമായ സ്വത്ത് സമ്പാദനം നിരീക്ഷിക്കുക എന്നിവ നിയമത്തിന്റെ ലക്ഷ്യമാണ്. ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ശിക്ഷയും വിശദമാക്കുന്നതാണ് 26 അനുച്ഛേദങ്ങളുള്ള നിയമാവലി.
നിയമ ലംഘനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികവും നിയമാവലിയില്‍ പരമാര്‍ശിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമം പരിഷ്‌കരിച്ചാകും പുതിയ നിയമാവലി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ കരട്.
സഊദിക്കു പുറത്തുള്ള കമ്പനികളുമായുള്ള കരാറുകളും നിയമത്തിന്റെ പരിധിയില്‍ വരും.
അതേസമയം കഴിഞ്ഞ വര്‍ഷം വാണിജ്യ നിക്ഷേപ മന്ത്രാലയം ബിനാമി ബിസിനസുകള്‍ക്കായി നടത്തിയ പരിശോധനയില്‍ പിടിയിലായ മലയാളികളടക്കം നിരവധി പേരെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ ശിക്ഷിച്ചു.
ഇതില്‍ 309 കേസുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മറ്റു ഗവണ്‍മെന്റ് വകുപ്പുകള്‍ക്കു മന്ത്രാലയം കൈമാറി. പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്.
ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന സ്വദേശികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."