അന്തസ്സുറ്റ പെരുമാറ്റം; ആഭിജാത സമൂഹം
അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരം എന്ന് അറിവുള്ളവര്‍ പറയാറുണ്ട്. നമ്മള്‍ എത്രമാത്രം സംസ്‌കാര സമ്പന്നരാണ് എന്ന് ആ മാനദണ്ഡംവച്ച് സ്വയം വിലയിരുത്താവുന്നതേയുള്ളൂ. അവനവനാത്മസുഖത്തിനുവേണ്ടി ചെയ്യുന്നതുപോലും അപരന് ഉപകാരപ്പെടണമെന്ന് പഠിപ്പിച്ച ഋഷികളുടെ നാട്ടിലും അപരന് കിട്ടുന്ന പരിഗണന എന്താണ്. പുച്ഛം എന്നേ പറയാനാവൂ. 'പോടാ പുല്ലേ' എന്ന് ചിലര്‍ വാക്കാല്‍ അത് പ്രകടിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ പെരുമാറ്റത്തിലൂടെ അത് സ്ഥാപിച്ചെടുക്കുന്നു. പൊലിസ് സ്റ്റേഷനുകളില്‍ അപരന് കിട്ടുന്ന പരിഗണന പറഞ്ഞറിയിക്കേണ്ടതില്ല. പ്രതിയായിട്ടല്ല, പരാതിക്കാരനായി ചെന്നാലും വരവേല്‍ക്കുക 'എടാ പോടാ' വിളിയാണ്. വിദേശരാജ്യങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കിട്ടുന്ന പരിഗണനയും സ്വന്തം നാട്ടില്‍ കിട്ടുന്ന 'സ്വീകരണ'വും താരതമ്യം ചെയ്താല്‍ മതി സംസ്‌കാരത്തിന്റെ അജഗജാന്തരം ബോധ്യപ്പെടാന്‍. പൊലിസായാല്‍ ഇങ്ങനെ വേണം എന്ന് പറഞ്ഞ് തെറി മഹത്വവല്‍ക്കരിക്കാനും ഇവിടെ ആളുകളുണ്ട് എന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമല്ല. മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന കസേര ചൂണ്ടി 'ഇരിക്കൂ' എന്ന് പറയാനുള്ള മാന്യത എത്ര ഉദ്യോഗസ്ഥര്‍ കാണിക്കാറുണ്ട്. പാവപ്പെട്ട ജനത്തോട് മാത്രമല്ല ഇവരുടെ ഈ ധാര്‍ഷ്ട്യം. കീഴുദ്യോഗസ്ഥരെ ചുറ്റും നിര്‍ത്തി തന്റെ ഗീര്‍വാണങ്ങള്‍ മുഴുവന്‍ കേള്‍പ്പിക്കുന്ന വകുപ്പുമേധാവികളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇത്തരക്കാര്‍ കൂടുതല്‍. കസേരയിലിരുത്തി സംസാരിച്ചാല്‍ ഇവര്‍ തന്നെ അനുസരിക്കാതിരിക്കുമോ എന്ന അപകര്‍ഷതാബോധം തന്നെയാണ് ഇതിന് കാരണം. കാന്റീനില്‍ ഒരേ മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇവര്‍ ഒഴിഞ്ഞുമാറുന്നതും ഈയൊരു ഭീരുത്വംകൊണ്ടാണ്. അത്തരക്കാര്‍ പുറം രാജ്യങ്ങളിലെ തീന്‍മേശ മര്യാദകള്‍ ചോദിച്ചറിയുകയെങ്കിലും വേണം.
ഭക്ഷണഹാളിലേക്ക് കടന്നുവരുമ്പോള്‍, യാ ഫദ്ദല്‍ എന്നുപറഞ്ഞ് സ്‌നേഹപൂര്‍വം അരികില്‍ പിടിച്ചിരുത്തുന്നവര്‍ പ്രകാശിപ്പിക്കുന്നത് ഉല്‍കൃഷ്ടമായ ഒരു സംസ്‌കാരം തന്നെയാണ്. വലുപ്പചെറുപ്പമില്ലാതെ ഒരേ മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചാല്‍ മുതലാളിയുടെ തലയില്‍ കയറി തൊഴിലാളി നിരങ്ങുമെന്നോ സ്ഥാപനത്തിന്റെ അച്ചടക്കം കാശിക്ക് പോവുമെന്നോ അവിടെ ആരും പേടിക്കാറില്ല. മറിച്ച് സ്ഥാപനത്തോടും ഉടമയോടും ആദരവ് കൂടുന്നതായാണ് അനുഭവം. ഗിവ് റെസ്‌പെക്ട്, ടേക് റെസ്‌പെക്ട് എന്നാണല്ലോ ചൊല്ല്. ഇവിടെ ആദരവ് ആരും കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ തിരിച്ചുകിട്ടുന്നുമില്ല. എല്ലായിടത്തും മേധാവി ചമയുന്നവരോട് മറ്റുള്ളവര്‍ക്കുള്ളത് പരമപുച്ഛമാണ്. 'പോടാ പുല്ലേ' എന്ന് അവന്‍ മനസ്സില്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതിന്റെ ഒരു പുളിച്ചുതികട്ടല്‍ തനിക്ക് താഴെയുള്ളവരോട് അവന്‍ കാണിക്കുകയും ചെയ്യും. മുകളില്‍നിന്ന് കിട്ടുന്ന 'എടാ പോടാ' വിളികള്‍ അത്രതന്നെ ശക്തിയോടെ അവന്‍ താഴെ നില്‍ക്കുന്നവന്റെ തലയിലേക്ക് കമിഴ്ത്തുകയാണ്. അവിടെനിന്ന് അതേ വീറോടെ അതിന് തൊട്ടുതാഴേക്ക് തള്ളുന്നു. നമ്മുടെ നാട്ടില്‍ ഏറ്റവും സജീവമായി തുടരുന്ന അപസംസ്‌കൃത പ്രക്രിയയാണ് ഇത്. ഇതിന്റെ ദുര്‍ഗന്ധം പൊതുജീവിതത്തില്‍ ആകമാനമുണ്ട്. ഓട്ടോറിക്ഷാ കൂലിയെക്കുറിച്ച് ഒന്ന് തര്‍ക്കിച്ചുനോക്കൂ. അതുമല്ലെങ്കില്‍, ഗതാഗതം സ്തംഭിപ്പിച്ച് ജാഥ നടത്തുന്നവനോട് ആംബുലന്‍സില്‍ കിടക്കുന്ന അത്യാസന്ന രോഗിയെക്കുറിച്ച് പറഞ്ഞാലും മതി. രണ്ടാമതൊരിക്കല്‍ അങ്ങനെ പറയാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവില്ല. മന്ത്രിമാരും മുന്‍മന്ത്രിമാരും ജനപ്രതിനിധികളും തെറിവിളിക്കുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒരു എം.എല്‍.എ വനിതാ ഡെപ്യൂട്ടി കലക്ടറെ ജനമധ്യത്തില്‍വച്ച് വിളിച്ച തെറി കഴിഞ്ഞദിവസം കേരളീയര്‍ കേട്ടതാണ്. ഒരു സ്ത്രീയാണെന്ന പരിഗണനപോലും എം.എല്‍.എ നല്‍കിയില്ല.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിയെ മാത്രമല്ല, നടിയെ പിന്തുണച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെപ്പോലും നമ്മുടെ ഒരു എം.എല്‍.എ പരസ്യമായി അധിക്ഷേപിച്ചു. മോശം പെരുമാറ്റത്തിന് 2015 ജൂലൈയില്‍ നിയമസഭ ശാസിച്ച ജനപ്രതിനിധിയാണ് ഇദ്ദേഹം. എം.എല്‍.എയുടെ സ്വഭാവം നായയുടെ വാല്‍പോലെ വളഞ്ഞുതന്നെ. ഭക്ഷണം വൈകിയതിന് കാന്റീന്‍ ജീവനക്കാരനെ തല്ലാനും തൊഴിലാളികള്‍ക്കുനേരെ തോക്കെടുക്കാനും ഈ ജനപ്രതിനിധിക്ക് യാതൊരു ഉളുപ്പുമില്ലാത്തതും അതുകൊണ്ടാണല്ലോ. വിനയമായിരുന്നു മുമ്പ് പൊതുപ്രവര്‍ത്തകരുടെ മുഖമുദ്ര. ഇന്നതിന്റെ സ്ഥാനത്ത് ധാര്‍ഷ്ട്യമാണ്. നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല നാട്ടുമര്യാദകളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടാണ് അവരുടേത്. ഈയിടെ ഒരു ടോള്‍ബൂത്തില്‍ കാശ് ആവശ്യപ്പെട്ട ജീവനക്കാരനെ എം.എല്‍.എ കൈകാര്യം ചെയ്തത് കായികമായിട്ടായിരുന്നു. മുമ്പൊക്കെ സഖാവ്, സാഹിബ് എന്നൊക്കെയാണ് ജനം സ്‌നേഹാദരങ്ങളോടെ ഇവരെ വിളിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെ അഭിസംബോധന ചെയ്തുകൂടാ. 'സാറേ' എന്നുതന്നെ വിളിക്കണം. ഇല്ലെങ്കില്‍ അവരുടെ ഇരുണ്ട മനസ്സ് ഒന്നുകൂടി കറുക്കും. സാറേ വിളി ഇത്രയേറെ അര്‍ഥശൂന്യമായ ഒരു കാലം ഒരിക്കലുമുണ്ടായിട്ടില്ല. ആ വിളിയിലെ അശ്ലീലം തിരിച്ചറിയാതെ ആസ്വദിക്കുന്ന അല്പന്മാരുടെ ആധിക്യം തീര്‍ച്ചയായും ആരോഗ്യമുള്ള ഒരു പൊതുസമൂഹത്തെയല്ല നമുക്ക് കാണിച്ചുതരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."