കാശു വാങ്ങി പെട്ടിയിലിട്ട് പിടിച്ചുപുറത്താക്കിയാല്‍
സ്ഥാവരജംഗമസ്വത്ത് സംബന്ധമായി വ്യക്തികള്‍ തമ്മില്‍ തര്‍ക്കങ്ങളും വ്യവഹാരങ്ങളും പതിവാണ്. ഭൂമിയും കെട്ടിടങ്ങളും വിവിധരീതികളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന അവസരങ്ങളില്‍ കൈവശസംബന്ധമായും ഉടമസ്ഥാവകാശസംബന്ധമായും ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്. ഇങ്ങനെ തര്‍ക്കങ്ങളിലേക്കു പോകാതിരിക്കാനും പോയാല്‍ത്തന്നെ തനിക്ക് അനുകൂലമായ വിധി നേടാനും ഉടമസ്ഥന്‍ മുന്‍കരുതല്‍ നടത്തേണ്ടതുണ്ട്.
കെട്ടിടങ്ങളും തോട്ടമുള്‍പ്പെടെയുള്ള കൃഷിയിടങ്ങളും നിശ്ചിതകാലത്തേയ്ക്കു വാടകയ്ക്കും പണയമായും നല്‍കുന്ന സാഹചര്യങ്ങളിലും കൃത്യമായ വ്യവസ്ഥകളും നിബന്ധനകളും ഉള്‍പ്പെടുത്തുകയും നിയമാനുസൃതമായ രജിസ്‌ട്രേഷന്‍ നടപടികള്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ അതു തര്‍ക്കത്തിന് ഇടവരുത്തും. ഇത്തരം തര്‍ക്കങ്ങള്‍ കോടതികളുടെ ഇടപെടല്‍ അനിവാര്യമാക്കും.
വര്‍ഷങ്ങളോളം വിദേശത്തും മറ്റും ജോലിചെയ്തു സമ്പാദിക്കുന്ന പണം ചെലവാക്കി വിലയ്ക്കു വാങ്ങുന്ന ഫഌറ്റ് അടക്കമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ അവ പണയമായും വാടകയ്ക്കും നല്‍കുന്നതു സാധാരണമാണ്. ചില സന്ദര്‍ഭങ്ങളില്‍ വില്‍ക്കുന്നതിനു മുമ്പുതന്നെ കെട്ടിടം വാങ്ങുന്നയാളിന് എന്തെങ്കിലും രേഖയോ കരാറോ ഇല്ലാതെ കൈവശം നല്‍കാറുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വസ്തു വാങ്ങുന്നയാളും വസ്തുവിന്റെ ഉടമസ്ഥനും തമ്മില്‍ തര്‍ക്കമുടലെടുക്കാന്‍ സാധ്യതയുണ്ട്.
ഈ തര്‍ക്കം ഒരായുസ്സു മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വ്യവഹാരമായും മാറാറുണ്ട്. ഇക്കാരണത്താല്‍ സ്വന്തം സ്വത്ത് ഉടമസ്ഥന് അനുഭവയോഗ്യമാകാതെ പോകും. ഇതിനെല്ലാം കാരണം സ്ഥാവരവസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനു മുമ്പായി നിയമാനുസൃതമായ രീതിയില്‍ കരാറുകളും രേഖകളും തയാറാക്കുന്നതിലുണ്ടാകുന്ന വീഴ്ചയാണ്. ഒരു അബദ്ധം ജീവിതകാലം മുഴുവന്‍ ദുരിതമായി മാറുകയാണിവിടെ.
വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളായ ഭാര്യയും ഭര്‍ത്താവും കോഴിക്കോടു നഗരത്തിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫഌറ്റ് അബ്ദുല്‍ അസീസ് എന്നയാളിനു വില്‍ക്കുന്നു. അബ്ദുല്‍ അസീസ് വസ്തുവിലയിലേയ്ക്കു വന്‍തുക മുന്‍കൂറായി നല്‍കി ഫഌറ്റില്‍ കുടുംബസമേതം താമസം തുടങ്ങി. ഫഌറ്റ് വിലയ്ക്കു വാങ്ങിയതിനും അഡ്വാന്‍സ് നല്‍കിയതിനും ഒരു കരാറും ഉടമസ്ഥരുമായി അസീസ് ഉണ്ടാക്കിയിരുന്നില്ല.
ഫഌറ്റിന് അസീസ് നല്‍കാമെന്നു സമ്മതിച്ച വില കുറഞ്ഞുപോയെന്ന് പിന്നീടാണ് പ്രവാസികളായ ഭാര്യക്കും ഭര്‍ത്താവിനും തോന്നിയത്. നിശ്ചയമായും കൂടുതല്‍ വില കിട്ടാന്‍ സാധ്യതയുണ്ടെന്നു ബന്ധുക്കളും അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് പ്രവാസികളായ ഉടമസ്ഥരും അവരുടെ ബന്ധുമിത്രാദികളും അസീസ് ഇല്ലാത്ത സമയത്ത് ഫഌറ്റില്‍ അതിക്രമിച്ചു കയറി.
ഫഌറ്റിലുണ്ടായിരുന്ന അസീസിന്റെ ഭാര്യയോട് ഉടനടി ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ അസീസ് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ സഹായാഭ്യര്‍ഥന നടത്തി. സ്ഥലത്തെത്തിയ പൊലിസ് ഫഌറ്റില്‍നിന്ന് അസീസിനെയും കുടുംബത്തെയും പിടിച്ചിറക്കുന്നതിന് ഉടമസ്ഥര്‍ക്ക് ഒത്താശ ചെയ്യുകയാണുണ്ടായത്. പൊലിസിന്റെ ഈ നടപടി ചോദ്യം ചെയ്ത് അബ്ദുല്‍ അസീസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
നിയമാനുസൃതമല്ലാതെയും ബലമായും ഫഌറ്റില്‍നിന്ന് ഒഴിപ്പിക്കുന്നതിനെതിരേ അസീസ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ സിവില്‍ കേസ് നിലവിലുണ്ടെന്നതും അസീസും കെട്ടിട ഉടമകളുമായി നടത്തിയ വസ്തുവില്‍പ്പന ഇടപാടുകളും പരിഗണിക്കാതെ പൊലിസ് സഹായത്തോടെ ബലംപ്രയോഗിച്ച് അന്യായമായി ഒഴിപ്പിക്കുന്നതിന് ഉടമസ്ഥര്‍ സ്വീകരിച്ച നടപടിയെ ഹൈക്കോടതി 'കാട്ടു നീതി'യെന്നാണു വിശേഷിപ്പിച്ചത്. അസീസിനെയും കുടുംബത്തെയും ഇറക്കി വിട്ട് ഉടമസ്ഥര്‍ക്കുവേണ്ടി പൊലിസ് കൈവശപ്പെടുത്തിയ ഫഌറ്റിന്റെ താക്കോല്‍ തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു.
ഉടമസ്ഥര്‍ അസീസിനെതിരേ സ്വീകരിച്ച അന്യായമായ നടപടികള്‍ക്കു കൂട്ടുനിന്ന സബ്ഇന്‍സ്‌പെക്ടര്‍ക്കും മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ശിക്ഷാനടപടിക്കു സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തു.
വ്യക്തികളുടെ ജീവനും സ്വത്തിനും പരിരക്ഷ നല്‍കേണ്ട പൊലിസുദ്യോഗസ്ഥര്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനങ്ങള്‍ക്കു വഴങ്ങി നിയമവിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെടുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചാണ് അബ്ദുല്‍ അസീസ് സംസ്ഥാന പൊലിസ് മേധാവിയടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തു നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.
പൊലിസടക്കമുള്ള പൊതുജനസേവകര്‍ ഉത്തരവാദിത്വത്തോടെ ഔദ്യോഗിക കടമ നിര്‍വഹിക്കണമെന്നും തങ്ങള്‍ ധരിച്ച ഔദ്യോഗികവേഷം വ്യക്തിയെയോ വ്യക്തികളെയോ ഭീതിപ്പെടുത്താനാകരുതെന്നും ചൂണ്ടിക്കാട്ടിയ കോടതി ഗുണ്ടായിസത്തിലൂടെ തങ്ങളെ ഫഌറ്റില്‍നിന്ന് ഇറക്കിവിട്ട ഉടമസ്ഥര്‍ക്കെതിരായി അസീസിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താതിരുന്ന കാര്യവും പരിഗണിക്കുകയും ഇക്കാര്യത്തില്‍ പൊലിസ് കാണിച്ച അനാസ്ഥ ഗുരുതരവും കൃത്യവിലോപവുമാണെന്നു വ്യക്തമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."