വകുപ്പുതല നടപടി മാത്രമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കില്ല
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും, ഐ.എം.ജി ഡയറക്ടര്‍ ജനറലുമായ ഡി.ജി.പി ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാര്‍ മയപ്പെടുത്തി. ചട്ടം ലംഘിച്ച് ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.
ആത്മകഥ പ്രസിദ്ധീകരിച്ചത് ചട്ടം ലംഘിച്ചാണെന്നും ക്രിമിനല്‍ കേസ് എടുക്കുകയും വകുപ്പ്തല നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് പുസ്തകം പരിശോധിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്രിമിനല്‍ കേസ് എടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ജേക്കബ് തോമസ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കുകയും കോടിയേരി മുഖ്യമന്ത്രിയെ വിളിക്കുകയും ചെയ്തു.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് വാദിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ പുസ്തകം പ്രസിദ്ധീകരിച്ചതിന് ക്രിമിനല്‍ കേസ് എടുക്കുന്നതിന്റെ ഔചിത്യം മുഖ്യമന്ത്രിയെ കോടിയേരി ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. സംഭവത്തില്‍ വിശദീകരണം തേടി ജേക്കബ് തോമസിന് നോട്ടിസ് അയക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രം വകുപ്പുതല നടപടി എടുക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് നിര്‍ദേശം നല്‍കി. ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന ഐ.എ.എസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിനെ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ക്രിമിനല്‍ കേസ് എടുക്കുന്നത് ശരിയല്ല എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം നടത്തിയ സുപ്രധാന നിയമനമായിരുന്നു ജേക്കബ് തോമസിന്റേത്. വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ജേക്കബ് തോമസിനെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി പിന്തുണച്ചു. മന്ത്രിയായിരുന്ന ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന ബന്ധുനിയമന വിവാദ കേസിനുശേഷം അവധിയില്‍ പോകേണ്ടിവന്ന ജേക്കബ് തോമസിന് പക്ഷെ പിന്നീട് വിജിലന്‍സില്‍ മടങ്ങിവരാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവധിയില്‍ കഴിയുന്നതിനിടെയാണ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥ എഴുതുന്നത്. ഇത് ചട്ടലംഘനമെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേസെടുക്കാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."