അറസ്റ്റിലായ പ്രമുഖ രാജകുമാരന്‍ പുറത്തിറങ്ങി: ഖജനാവിലേക്ക് നല്‍കിയത് 1 ബില്യണ്‍ ഡോളര്‍
റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ രാജകുമാരന്മാരില്‍ പ്രമുഖനായ രാജകുമാരന്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. ഖജനാവിന് നഷ്ടമായ ഭീമമായ പണം തന്റെ പക്കല്‍ നിന്നും ഈടാക്കിയാണ് ഇദ്ദേഹത്തെ വിട്ടയച്ചതെന്നു സഊദി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജകുടുംബത്തിലെ പ്രമുഖനും മുന്‍ രാജാവായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിന്റെ ഇഷ്ട പുത്രനും നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്ന മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ (65) യാണ് വിട്ടയച്ചത്.
എന്നാല്‍ സംഭവത്തെ കുറിച്ച് സഊദി മാധ്യമങ്ങളും അധികൃതരും ഇതുവരെ വാര്‍ത്തകളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു വിവിധ രാജകുടുംബാംഗങ്ങള്‍ ട്വീറ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ നാലിനാണ് സഊദി രാജകുമാരന്മാര്‍, മന്ത്രിമാര്‍, മുന്മന്ത്രിമാര്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടക്കം ഇരുന്നൂറോളം പേരെ അറസ്റ്റു ചെയ്തത്. മീറ്റിങ്ങിനെന്നു കാണിച്ചു ഇവരെ റിയാദിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തടവിലാക്കിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവസരവും നിഷേധിച്ചു. തുടര്‍ന്നു അറ്റോര്‍ണി ജനറലിന് മുന്‍പാകെ ഇവരുടെ കുറ്റം ഇവര്‍ക്ക് കേള്‍പ്പിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. ലോകത്തെ ഏറ്റവും വലിയ കോടീശ്വര ഗണത്തിലെ പ്രമുഖനായ അല്‍ വലീദ് രാജകുമാരനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അറസ്റ്റിലായവരില്‍ ഭൂരിഭാഗവും തങ്ങളുടെ തെറ്റുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അഴിമതിയിലൂടെ നേടിയ പണം രാജ്യത്തെ പൊതു ഖജനാവിലേക്ക് അടക്കാന്‍ തയാറാണെന്നും അറിയിച്ചതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇത്തരത്തില്‍ പണം തിരിച്ചടച്ച് മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പുറത്തിറങ്ങിയത്. ഇത്തരത്തില്‍ അഴിമതിക്കാരെ വിട്ടയക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ള സൂചന കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നല്‍കിയിരുന്നു.
എന്നാല്‍, ഏറ്റവും വലിയ കോടീശ്വരനായ അല്‍ വലീദ് രാജകുമാരന്‍ ഇത്തരത്തില്‍ പണം തിരിച്ചടച്ച് ധാരണയിലെത്തുന്നത് നിരസിച്ചതായി രണ്ടു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങളെ നേരിടാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."