ഇത് കുടുംബ ബിസിനസല്ല; രാഹുലിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഹുല്‍ഗാന്ധിയ്ക്ക് തലവേദനയായി കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ വെല്ലുവിളി. ഇതൊരു കുടുംബ ബിസിനസ് അല്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുംമുന്‍പ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുകയാണ് രാഹുല്‍ ചെയ്യേണ്ടതെന്നും മഹാരാഷ്ട്ര പി.സി.സി സെക്രട്ടറി ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. അതേസമയം, ഇതൊരു യഥാര്‍ഥ തെരഞ്ഞെടുപ്പായിരുന്നെങ്കില്‍ താന്‍ മത്സരിക്കുമായിരുന്നുവെന്നും പൂനാവാല പറഞ്ഞു.
രാഹുല്‍ ആദ്യം ചെയ്യേണ്ടത് ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയാണ്. ആ സ്ഥാനത്തിരുന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രാഹുലിന് അനര്‍ഹമായ ഒരു മേല്‍ക്കൈ കിട്ടും. ഉപാധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതല്ല. നിയമിച്ചതാണ്. അദ്ദേഹം പദവി ഒഴിയട്ടെ, ഞാനും ഒഴിയാം. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ച്ചപാടുകള്‍ പങ്കുവെക്കുന്ന ഒരു ടെലിവിഷന്‍ സംവാദത്തിന് രാഹുല്‍ തയ്യാറുണ്ടോയെന്നും പൂനാവാല വെല്ലുവിളിച്ചു.
2008-09 ലാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അന്നുമുതല്‍ എന്റെ സമയവും ഊര്‍ജവും അധ്വാനവും ചെലവഴിച്ചാണ് ഞാന്‍ നേതൃത്വത്തിലേക്ക് എത്തിയത്. എട്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം 2016 ല്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി. എന്നാല്‍ ഇതേ കാലംകൊണ്ട് തന്നെ രാഹുല്‍ തന്റെ കുടുംബപേരില്‍ എം.പിയും ജനറല്‍ സെക്രട്ടറിയും ഉപാധ്യക്ഷനും ആയി.
വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ള തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാഹുലിന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."