സഊദി വാറ്റ്: എ ടി എം സേവനങ്ങള്‍ക്ക് ബാധകമല്ല
ജിദ്ദ: ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യ വര്‍ധിത നികുതി പ്രകാരം എ.ടി.എമ്മില്‍ നിന്നുളള പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ക്കു നികുതി ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. വാറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റിയും വ്യക്തമാക്കി.
എ.ടി.എമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതിന് നികുതി ബാധകമല്ല. എ.ടി.എം കാര്‍ഡ് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും അവകാശമുണ്ട്. ഇതിന് നികുതി ഈടാക്കാന്‍ പാടില്ല- സഊദി ബാങ്കുകളുടെ വക്താവ് ത്വല്‍അത്ത് ഹാഫിസ് പറഞ്ഞു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും ബാങ്ക് ഉപഭോക്താക്കളില്‍ നിന്നു നികുതി ഈടാക്കിയാല്‍ 19993 എന്ന നമ്പരില്‍ സകാത്ത് ആന്‍ഡ്് ടാക്‌സ് അതോറിറ്റിയില്‍ പരാതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ബാധകമല്ല. വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് വാറ്റ് ബാധകമാണ്.
അതേസമയം, വര്‍ഷം 3,7500 റിയാലില്‍ കൂടുതല്‍ വിറ്റുവരവുളള സ്ഥാപനങ്ങള്‍ ഡിസംബര്‍ 20 ന് മുമ്പ് വാറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് 10,000 റിയാല്‍ പിഴ ചുമത്തും. ഇത്തരം സ്ഥാപനങ്ങള്‍ക്കുളള സര്‍ക്കാര്‍ സേവനങ്ങള്‍ മരവിപ്പിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."