മഴ: ജാഗ്രത പുലര്‍ത്താന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രിയോട് വിവരിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികവ്യോമ സേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നാവികസേനയുടെ ഹെലികോപ്റ്ററുകളും, ഡോര്‍ണിയര്‍ വിമാനവും, കപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."