ഓഖി വീശിയടിച്ചു; സംസ്ഥാനത്ത് മരണം നാലായി; മഴ രണ്ടു ദിവസംകൂടി തുടരും
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് പിറവിയെടുത്ത 'ഓഖി' ചുഴലിക്കൊടുങ്കാറ്റില്‍ മരണം എട്ടായി. കന്യാകുമാരിയില്‍ നാലു പേരും കേരളത്തില്‍ നാലുപേരുമാണ് മരിച്ചത്. ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ ശ്രീലങ്കയിലും നാലുപേര്‍ മരിച്ചു.
തിരുവനന്തപുരത്ത് കനത്തമഴയില്‍ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. കാട്ടാക്കട കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍(75), ഭാര്യ സുമതി(67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളില്‍ മരംവീണ് യാത്രക്കാരന്‍ മരിച്ചു. കുളത്തൂപ്പുഴ ആര്‍.പി.എല്‍ ജീവനക്കാരന്‍ വിഷ്ണു(40) ആണ് മരിച്ചത്. വിഴിഞ്ഞത്ത് മരംവീണായിരുന്നു അല്‍ഫോന്‍സ(65)യുടെ മരണം.
കഴുതുരുട്ടിയില്‍ മരംവീണ് ഗുരുതരമായി പരുക്കേറ്റ പുത്തന്‍വീട്ടില്‍ രാജീവി(40)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം പൂന്തുറ, അടിമാലിത്തുറ എന്നിവിടങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 34 ബോട്ടുകളും 50 വള്ളങ്ങളും 250 മത്സ്യത്തൊഴിലാളികളെയും കാണാതായി. കനത്ത മഴയും മൂടല്‍ മഞ്ഞും കാറ്റും കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. നാവികസേനയുടെ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനവും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വ്യോമസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
അടുത്ത 24 മണിക്കൂറില്‍ കേരളതീരത്തും തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തും മണിക്കൂറില്‍ 65 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. അടുത്ത 48 മണിക്കൂര്‍ കൂടി കാറ്റും മഴയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."