തിരുനബി(സ) കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശം
അനുഗ്രഹത്തിന്റെ തിരുവസന്തമാണ് മുഹമ്മദ്(സ). കാരുണ്യത്തിന്റെ മരുപ്പറമ്പില്‍ സ്‌നേഹത്തിന്റെ തെളിനീരൊഴുക്കിയ അന്ത്യപ്രവാചകന്‍ ഇന്നും ലോകത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമാണ്. തിരുദൂതരും അവരുടെ ദര്‍ശനങ്ങളും ലോകത്ത് നിരന്തരം സംവാദങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നു. ഇത്രമേല്‍ ഓര്‍ക്കുകയും സ്‌നേഹജനങ്ങള്‍ കീര്‍ത്തനങ്ങള്‍ക്കൊണ്ടു താലോലിക്കുകയും വിമര്‍ശകര്‍ ആക്ഷേപത്തിന്റെ കൂരമ്പുകള്‍ അഴിച്ചുവിടുകയും ചെയ്യുന്ന മറ്റൊരു നേതാവ് ലോകചരിത്രത്തിലുണ്ടായിട്ടില്ല.
മുഹമ്മദീയദര്‍ശനത്തെ അടുത്തറിയാനും റബീഉല്‍ അവ്വലിനോളം പറ്റിയ മറ്റൊരു മാസമില്ല. ഇവിടെ, പ്രവാചകന്‍ വായിക്കപ്പെടുകയും ഓര്‍ക്കപ്പെടുകയും ചെയ്യട്ടെ. പ്രശ്‌നങ്ങളുടെ സമസ്യകളുടേയും നടുക്കടലില്‍ ദാഹജലത്തിനായി കണ്ണുനട്ടിരിക്കുന്ന പുതിയകാല ജനസഞ്ചയത്തിനിടയില്‍ മുഹമ്മദീയ ദര്‍ശനത്തിനു കൂടുതല്‍ പ്രസക്തിയും പ്രാധാന്യവും കൈവരികയാണ്.
ഐക്യരാഷ്ട്രസഭയുടെ മാനവിക വികസന സൂചികയില്‍ ഉള്‍പ്പെടുന്ന നാലു സുപ്രധാന മേഖലകളാണ് സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവ. ഈ നാലു മേഖലകളുടെ ഉന്നമനത്തിനുവേണ്ടി പ്രവാചകന്‍ കഠിനാധ്വാനം ചെയ്തിരുന്നു. പാവപ്പെട്ടവരുടെയും അനാഥരുടെയും അഭയ കേന്ദ്രമായിരുന്നു മുഹമ്മദ് നബി(സ).
അബൂജഹല്‍ എന്ന ഗോത്രപ്രമാണി അനാഥയുടെ ഭൂമി അന്യാധീനമായി കൈവശപ്പെടുത്തിയപ്പോള്‍ അതു തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജവം കാണിച്ച ലോകം കണ്ട ഏറ്റവും വലിയ പരിഷ്‌കര്‍ത്താവായിരുന്നു നബി തിരുമേനി(സ). ഗോതമ്പ് ചുമലിലേറ്റി പാവപ്പെട്ട സ്ത്രീയെ സഹായിച്ചതും തന്നോട് നിത്യശത്രുത പുലര്‍ത്തിയ ജൂതപെണ്‍കുട്ടി രോഗിയായി കിടന്നപ്പോള്‍ അവരെ സന്ദര്‍ശിച്ചതും സാമൂഹിക സേവനത്തിന്റെ നല്ല മാതൃകകളായി കണക്കാക്കാം. തിന്മയെ നന്മകൊണ്ട് നേരിട്ടതിന്റെയും അന്യമതസ്ഥരുമായുള്ള സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെയും ഉദാത്ത മാതൃകകളാണ് നാം ഇവിടെ കാണുന്നത്.
ചരിത്രം സൃഷ്ടിച്ച യുഗപുരഷന്‍മാരെപ്പറ്റി 19ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ നടത്തിയ പഠനത്തില്‍ മുഹമ്മദ് നബി(സ)ക്കു നല്‍കിയ ഉന്നതസ്ഥാനമാണു പാശ്ചാത്യലോകത്ത് നബി പഠനങ്ങളില്‍ ദിശാമാറ്റം സൃഷ്ടിച്ചത്. 1841-ല്‍ പ്രസിദ്ധപ്പെടുത്തിയ 'ഓണ്‍ഹീറോസ്', 'ഹീറോ വര്‍ഷിപ്പ് ആന്റ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബി(സ)യെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നത്. എല്ലാ അര്‍ഥത്തിലും മരുഭൂമിയുടെ പുത്രന്‍ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാര്‍ലൈലിന്റെ വീക്ഷണത്തിലെ നബി. വില്യംമൂര്‍ 'ലൈഫ് ഓഫ് മുഹമ്മദി'ല്‍ നബിയെ വിലയിരുത്തുന്നത് ഈ അര്‍ഥത്തിലാണ്. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലെ മതില്‍കെട്ടുകള്‍ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബി(സ)ക്ക് മൂര്‍ കല്‍പ്പിച്ച് നല്‍കിയ പ്രസക്തി.
A western awakening to Islam എന്ന കൃതിയില്‍ ലോര്‍ഡ് ഹെഡ്‌ലി നബി(സ)ക്ക് നല്‍കുന്ന സ്ഥാനവും ഇതേ അര്‍ഥത്തില്‍ തന്നെ സരളമായ രീതികളിലൂടെ, വിശ്വാസിക്ക് ദൈവ മാര്‍ഗത്തിലുള്ള തടസങ്ങള്‍ നീക്കിക്കൊടുക്കുന്നതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച 100 പ്രമുഖ വ്യക്തികളെപറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കിള്‍ എച്ച് ഹാര്‍ട്ടിന്റെ ീിone hundred a ranking of the most unfluential persons in the history എന്ന കൃതി.
അത്ഭുതകരമെന്നു പറയട്ടെ മുഹമ്മദ് നബി(സ)ക്ക് ഇദ്ദേഹവും ഒന്നാം സ്ഥാനമാണ് നല്‍കുന്നത്. മതകാര്യങ്ങളില്‍ എന്ന പോലെ ലൗകിക കാര്യങ്ങളിലും പ്രവാചകന്‍ നേതാവാണെന്നാണു മൈക്കിള്‍ ഹാര്‍ട്ട് പറയുന്നത്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനെയും മുഹമ്മദ് എന്ന തത്വജ്ഞനെയും അദ്ദേഹം ഒരേ ബിന്ദുവില്‍ കൂട്ടിയിണക്കുന്നു. ഇസ്‌ലാമിക സദാചാര പാഠങ്ങള്‍ക്കെന്നപോലെ ദൈവശാസ്ത്രത്തിനും രൂപം നല്‍കിയത് മുഹമ്മദ് നബി(സ)യാണ്. നബിയുടെ ജീവിതം തന്നെയാണ് ഇസ്‌ലാമിന്റെ പാഠമെന്നാണ് ഹാര്‍ട്ടിന്റെ ഭാഷ്യം. ഇസ്‌ലാം 'എ ഹിസ്റ്റോറിക്കല്‍ സര്‍വെ' എന്ന കൃതിയില്‍ എച്ച്.എ.ആര്‍ ഗിബ്ബണ്‍ പ്രവാചകനെ കുറിച്ച് ലോകചരിത്രത്തില്‍ അതുല്യനായ വ്യക്തി എന്നാണ് സമര്‍ഥിക്കുന്നത്.
ഈ മനുഷ്യനു രണ്ടു മുഖങ്ങളുണ്ട്.അറബ് ഗോത്ര വംശജന്റെ മുഖവും രാഷ്ട്രനേതാവിന്റെ മുഖവും. അറബ് സമൂഹത്തിന്റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തില്‍ പരുവപ്പെടുത്തി എന്നതിനെക്കുറിച്ചു ഗിബ്ബണ്‍ പരിശോധിക്കുന്നു. സൂഫിസത്തില്‍ ആകൃഷ്ടനായ ഫ്രിത് ജോസഫ് ഷുവാന്‍, ഇസ്‌ലാമിന്റെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ താത്പര്യം കാണിച്ചു. മാര്‍ട്ടിന്‍ ലിംഗ്‌സ് തുടങ്ങിയവര്‍ വ്യത്യസ്ത രീതിയില്‍ പ്രവാചകനെ കാണുന്നു. 'സ്ട്രഗിള്‍ റ്റു സറണ്ടര്‍' എന്ന കൃതിയില്‍ താന്‍ ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെഫ്‌റിലാഗ് വിവരിക്കുന്നു.
ഈ കൃതിയിലെ റസൂലല്ലാ എന്ന അധ്യായം നബിയെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വിലയിരുത്താനുള്ള ശ്രമമാണ്. ഈ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മാക്‌സിം റോഡിന്‍സന്റെ 'മുഹമ്മദ് 'എന്ന ഗ്രന്ഥം. നബിയുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹശാസ്ത്രത്തിന്റെയും രാഷ്ട്രീയ തത്വദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ റോഡില്‍സണ്‍ അപഗ്രഥിക്കുന്നു. ഇസ്‌ലാം മാര്‍ക്‌സിസത്തോട് അടുത്തുനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണെന്നാണ് റോഡിന്‍സന്റെ കണ്ടെത്തല്‍. റോഡിന്‍സന്റെ ഈ ഗ്രന്ഥം നബിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള മികച്ചപഠനമാണ്.
പ്രവാചകനെ അടുത്തറിയാന്‍ ശ്രമിച്ചവരെല്ലാം ആ വ്യക്തിത്വത്തെ പുകഴ്ത്താന്‍ മടികാണിച്ചിട്ടില്ല. വിമര്‍ശിക്കാന്‍ പഴുതുതേടിയവര്‍ക്കും സത്യം മൂടിവയ്ക്കാന്‍ സാധിച്ചിട്ടില്ല. അത്രമേല്‍ സംശുദ്ധമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു നബി(സ). ലോകം പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുകള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള വഴികാട്ടിയാണ് മുഹമ്മദ്(സ) എന്ന് ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരങ്ങള്‍ വിനിയോഗിക്കണം. അതിനായാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കിക്കൊടുക്കാന്‍ സാധിക്കുമെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."