കേരളത്തെ പിടിച്ചുകുലുക്കി ഓഖി
കൊല്ലത്ത് വന്‍ നാശനഷ്ടം
കൊല്ലം: ഇന്നലെയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും കൊല്ലം ജില്ലയില്‍ ഒരാള്‍ മരിച്ചതിന് പുറമെ വന്‍ നാശനഷ്ടവുമുണ്ടായി. കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയുടെ മുകളില്‍ മരംവീണാണ് കുളത്തൂപ്പുഴ ആര്‍.പി.എല്‍ ജീവനക്കാരന്‍ വിഷ്ണു മരിച്ചത്. കഴുതുരുട്ടിയില്‍ മരംവീണ് ഗുരുതരമായി പരുക്കേറ്റ പുത്തന്‍വീട്ടില്‍ രാജീവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ റോഡില്‍ മരം വീണ് ഗതാഗതവും തടസപ്പെട്ടു. അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടനിലയിലാണ്. അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കല്ലടയാര്‍ കരകവിയാനുള്ള സാധ്യതയുണ്ട്. ജലവിതാനം 115 മീറ്റര്‍ കടന്നതിനാല്‍ തെന്‍മല പരപ്പാര്‍ ഡാം ഏതുനിമിഷവും തുറന്നുവിട്ടേക്കും.
കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ഇന്നലെ വൈകിട്ട് ആറു മുതല്‍ ഇന്ന് രാവിലെ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കിഴക്കന്‍മേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ജാഗ്രതയിലാണ്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ ആര്യങ്കാവ്, ഇടപ്പാളയം, വെള്ളിമല എന്നിവിടങ്ങളില്‍ വാഹന ഗതാഗതവും തടസപ്പെട്ടു. പുനലൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. കുറ്റാലത്ത് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയില്‍ മഴ ശക്തിപ്പെട്ടത്.
ഇടുക്കിയില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു
തൊടുപുഴ: ഇടുക്കിയിലെ മലയോര മേഖലകളില്‍ ശക്തമായ കാറ്റും കനത്ത മഴയും വ്യാപകമായ നാശംവിതച്ചു. ഉടുമ്പന്‍ചോല താലൂക്കിലാണ് കൂടുതല്‍ നാശമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച കാറ്റില്‍ നൂറിലധികം വീടുകള്‍ക്കു കേടുപാടുണ്ടായി. അഞ്ചുവീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന്റെ പഴയ കെട്ടിടം മഴയിലും കാറ്റിലും നിലംപൊത്തി. കഴിഞ്ഞ അധ്യയന വര്‍ഷം ഈ കെട്ടിടത്തിലെ പഠനം ഉപേക്ഷിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരിക്കേറ്റു. പുളിയന്‍മല തറക്കുന്നേല്‍, മാത്യു ജേക്കബ് (63), പുളിയന്‍മല എനാത്ത്ചാലില്‍ ജോബീഷ് മാത്യു(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ മാത്യു ജേക്കബിനെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി പോസ്റ്റ് ലൈനോടൊപ്പം ജീപ്പിന് മുകളിലേക്കു വീഴുകയായിരുന്നു. നെടുങ്കണ്ടം, കട്ടപ്പന മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ നിലംപൊത്തി.
നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. തേക്കടി-മൂന്നാര്‍ റൂട്ടില്‍ പത്തിടങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പുളിയന്‍മലയ്ക്ക് അടത്തു മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു. ചെറിയ പരുക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. അടിമാലി-മൂന്നാര്‍ റൂട്ടില്‍ ഇരുട്ടുകാനത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഉടന്‍ ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. നെടുങ്കണ്ടത്തിനു സമീപം മൈനര്‍ സിറ്റിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര പറന്ന് തൊട്ടടുത്തുള്ള വീടിനു മുകളില്‍ പതിച്ചു. കുമളി-ആനവിലാസം റൂട്ടില്‍ വന്‍മരം കടപുഴകി മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്കും കാറ്റിനും ശമനമുണ്ടായെങ്കിലും കെടുതികള്‍ അടങ്ങിയിട്ടില്ല. ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ താറുമാറായി. ചില ട്രെയിനുകള്‍ പൂര്‍ണമായും മറ്റു ചിലത് ഭാഗികമായും റദ്ദാക്കി. നെയ്യാറ്റിന്‍കര കന്യാകുമാരി സെക്ഷനില്‍ എട്ട് സ്ഥലങ്ങളില്‍ മരങ്ങള്‍ പാളത്തിലേക്ക് കടപുഴകി വീണു.
ഇന്നലെ രാവിലെ 7.55ന് പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍ കൊച്ചുവേളി പാസഞ്ചര്‍ (56318), ഉച്ചക്ക് 1.10നുള്ള കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ (56317), രാവിലെ 10.10നുള്ള കൊല്ലം കന്യാകുമാരി മെമു (66304), 4.30ന് പുറപ്പെടേണ്ടിയിരുന്ന കന്യാകുമാരി കൊല്ലം മെമു (66305) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. രാവിലെയുള്ള പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ (56715) നെയ്യാറ്റിന്‍കരക്കും കന്യാകുമാരിക്കും ഇടയില്‍ സര്‍വിസ് അവസാനിപ്പിച്ചു.
ചെന്നൈ എഗ്‌മോര്‍ കൊല്ലം അനന്തപുരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും തിരുനെല്‍വേലിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ തിരുവനന്തപുരം ഡിവിഷനു കീഴിലെ മുഴുവന്‍ സന്നാഹങ്ങളും രംഗത്തിറക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
വൈദ്യുതി വിതരണം തടസ്സപ്പെട്ടു
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാപകമായി വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണെന്നും പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുന്നത്. എല്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരോട് ജനങ്ങള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു.
ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
ശബരിമല: ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."