ഖജനാവ് കാലി; ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളമില്ല
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാലാണ് ശമ്പളം മുന്‍കൂറായി നല്‍കാത്തത്. ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും മുടങ്ങില്ല. എന്നാല്‍, ട്രഷറി നിയന്ത്രണം തുടരും.ഒരു മാസമായി തുടരുന്ന ട്രഷറി നിയന്ത്രണം വഴി മിച്ചംപിടിച്ച രണ്ടായിരം കോടി രൂപയും ദേശീയ സമ്പാദ്യപദ്ധതിയില്‍നിന്ന് കടമെടുത്ത 533 കോടി രൂപയും ബിവ്‌റേജസ് കോര്‍പറേഷനില്‍നിന്നു ലഭിച്ച 700 കോടിയും ട്രഷറിയിലുണ്ട്. ഇതില്‍ നിന്നാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു മാസം രണ്ട് ശമ്പളം കിട്ടുന്ന രീതിയാണ് ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതിലെ അശാസ്ത്രീയത സംസ്ഥാന വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. മുന്‍കൂര്‍ ശമ്പളം ആവശ്യപ്പെട്ടവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ മാസം സ്ഥിതി അതീവഗുരുതരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മൂന്നുമാസത്തെ കുടിശികയടക്കം ക്ഷേമ പെന്‍ഷന്‍ വിതരണം 16ന് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 16ന് സഹകരണസംഘങ്ങള്‍ വഴിയും 18ന് ബാങ്കുകള്‍ വഴിയും പെന്‍ഷന്‍ എത്തും. ഇതിന് 1,488 കോടി രൂപ വേണ്ടിവരും. നികുതിവിഹിതമായി കേന്ദ്രത്തില്‍നിന്ന് 1,250 കോടിയും നികുതിയുടെ നഷ്ടപരിഹാരമായി 900 കോടി രൂപയോളവും പ്രതീക്ഷിക്കുന്നു. ഇവയുടെ ലഭ്യത ആശ്രയിച്ചാവും സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം. ബില്ലുകള്‍ പാസാക്കി നല്‍കുന്നതില്‍ ട്രഷറികളില്‍ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാത്രം പാസാക്കി നല്‍കിയാല്‍ മതിയെന്നാണു ധനവകുപ്പ് നല്‍കിയ നിര്‍ദേശം. 25 ലക്ഷത്തിനു മുകളിലുള്ള എല്ലാ ബില്ലുകളും പ്രത്യേക അനുമതിയോടെ പാസാക്കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.
പരമാവധി 20,400 കോടി രൂപയേ ഈ വര്‍ഷം വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയുള്ളൂ. ഇതില്‍ 14,000 കോടി കടമെടുത്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം 6,000 കോടി രൂപ അധിക വായ്പയെടുത്തിരുന്നു. ഈ തുക കൂടി ഇത്തവണത്തെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാനാവുന്ന പരമാവധി തുക 400 കോടി മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."