മിഥില മോഹന്‍ വധക്കേസ്: കോടതി കൂടുതല്‍ സമയം നല്‍കിയാല്‍ പ്രതികളെ പിടികൂടാം: ക്രൈംബ്രാഞ്ച്
കൊച്ചി: മിഥില മോഹന്‍ വധക്കേസില്‍ കോടതി കൂടുതല്‍ സമയം നല്‍കിയാല്‍ കേസിലെ പ്രതികളായ മതിവണ്ണനെയും ഉപ്പാളിയേയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ 2006 ഏപ്രില്‍ അഞ്ചിനാണ് വെടിയേറ്റ് മരിച്ചത്. പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമായിരുന്ന കേസിലെ രണ്ടാം പ്രതി ഡിണ്ടിഗല്‍ പാണ്ഡ്യന്‍ തമിഴ്‌നാട് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ പ്രതികളും ഇവരുടെ സംഘാംഗങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്ന് സൂചനയുണ്ട്. ഇതിനാല്‍ തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
മിഥില മോഹനെ വധിച്ച കേസില്‍ തൃശൂര്‍ പൂങ്കുന്നം സ്വദേശി സന്തോഷ് എന്ന കണ്ണന് പങ്കുണ്ടെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുള്ള പകയാണ് കൊലക്ക് കാരണമെന്നും കണ്ടത്തി. സന്തോഷ് തമിഴ്‌നാട് സ്വദേശിയായ ഡിണ്ടിഗല്‍ പാണ്ഡ്യനുമായി ചെന്നെയില്‍ ഗൂഢാലോചന നടത്തുകയും തുടര്‍ന്ന് പാണ്ഡ്യന്‍ മതിവണ്ണന്‍, ഉപ്പാളി എന്നിവരെ കൃത്യം നടത്താന്‍ നിയോഗിക്കുകയും ചെയ്തു. പിന്നീട് പ്രതികള്‍ കൊച്ചിയിലെത്തിയപ്പോള്‍ മിഥില മോഹനെ സന്തോഷ് കാട്ടിക്കൊടുത്തു. തുടര്‍ന്ന് മതിവണ്ണന്‍ പ്രഭാത സവാരിക്കു പോകുമ്പോള്‍ മിഥില മോഹന്റെ ചിത്രമെടുത്തു. പിന്നീട് 2006 ഏപ്രില്‍ അഞ്ചിന് ഒരു മാരുതി വാനില്‍ വെണ്ണലയിലെ മിഥിലാ മോഹന്റെ വീട്ടിലെത്തിയ മതിവണ്ണനും ഉപ്പാളിയും ഇയാളെ വെടിവച്ചു കൊന്നു. പ്രതിഫലമായി പത്ത് ലക്ഷം രൂപ സന്തോഷ് പ്രതികള്‍ക്ക് കൈമാറി. പിന്നീട് 2013 ഏപ്രില്‍ മൂന്നിന് അറസ്റ്റിലായ സന്തോഷ് പിന്നീട് ജാമ്യത്തിലിറങ്ങി. അന്വേഷണത്തില്‍ 2010 ഫെബ്രുവരി എട്ടിന് ഡിണ്ടിഗല്‍ പാണ്ഡ്യന്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു.
കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മിഥില മോഹന്റെ മകന്‍ മനീഷ് നല്‍കിയ ഹരജിയില്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."