ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല: സിദ്ധാര്‍ഥ് വരദരാജന്‍
തൃശൂര്‍: ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ദി വയര്‍ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍.
സുപ്രിംകോടതിയും എന്‍.ഐ.എയും സര്‍ക്കാരും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനാണ് നിലപാടെടുക്കേണ്ടത്. ഭരണഘടനാപരമായ അവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ കോലഴി ഗ്രാമീണ വായനശാല സംഘടിപ്പിച്ച കോലഴി മുരളീധരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍.എസ്.എസ്, പോപ്പുലര്‍ഫ്രണ്ട് അടക്കമുള്ളവരുടെ രാഷ്ട്രീയ അജണ്ടകളെയല്ല നാം പരിഗണിക്കേണ്ടത്. നമ്മുടെ പക്ഷത്ത് നില്‍ക്കുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിമാത്രമല്ല ശബ്ദമുയര്‍ത്തേണ്ടത്. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ പക്ഷത്ത് രാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളാന്‍ സാധിക്കണം.
ഹാദിയക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. എന്തുകാണണം എന്ത് ഭക്ഷിക്കണം എന്നിങ്ങനേയുള്ള തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഭരണകൂടം ഇടപെടുന്നു. ഹാദിയ വിഷയത്തില്‍ നാം അതാണ് കണ്ടത്. ആരെ വിവാഹം കഴിക്കണം, ആരുടെ കൂടെ പോകണം എന്നുള്ളതെല്ലാം ഹാദിയയുടെ സ്വന്തം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."