കൊച്ചിയില്‍ ലക്ഷദ്വീപ് നിവാസികള്‍ കുടുങ്ങി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കപ്പലുകള്‍ റദ്ദാക്കിയതോടെ ആയിരത്തോളം ലക്ഷദ്വീപ് നിവാസികള്‍ കൊച്ചിയില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി. ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൊച്ചിയിലെത്തിയവരാണ് തിരികെ നാട്ടില്‍പോകാനാകാതെ കുടുങ്ങിപ്പോയത്. യാത്ര റദ്ദായതോടെ പലരും ഹോട്ടലുകളിലും മറ്റും തങ്ങാന്‍ നിര്‍ബന്ധിതരായി.
എന്നാല്‍ കൈയില്‍ പണമില്ലാത്തതാണ് പലരെയും വലയ്ക്കുന്നത്. ലക്ഷദ്വീപില്‍ ഓഖി ആഞ്ഞടിച്ചതോടെ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിരുന്നു. ഇതോടെ ദ്വീപില്‍ നിന്ന് പണം അയക്കാന്‍ സാധിക്കാതിരുന്നതാണ് ഇവര്‍ക്ക് വിനയായത്. ഇതോടെ എന്ത് ചെയ്യണമെന്ന അങ്കലാപ്പിലാണ് കേരളത്തിലെത്തിയവര്‍. ദ്വീപിലെ അവസ്ഥയെക്കുറിച്ച് അറിയാന്‍ സാധിക്കാത്തരും ഇവരില്‍ പരിഭ്രാന്തി പരത്തി.
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ്, കൊളംബോ ജങ്ഷനിലെ ലോഡ്ജുകളിലുമായി മൂന്നു ദിവസമായി ഇവര്‍ തങ്ങുന്നു. കൊളംമ്പോ ജങ്ഷനിലെ ലോഡ്ജുകള്‍ പലതും ദ്വീപു നിവാസികള്‍ക്ക് മാത്രമുള്ളതാണ്. ഭൂരിഭാഗം പേരും ചികിത്സക്കായിട്ടാണ് കൊച്ചിയിലെത്തിയത്. ഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതോടെ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും ഒരറിവുമില്ലാതായി. പലരുടേയും വീട് കടലിനോട് ചേര്‍ന്നാണ്. ചികിത്സക്കായി കൊച്ചിയില്‍ എത്തിയ പലരുടേയും വീട്ടില്‍ കൊച്ചുകുട്ടികളും, പ്രായമായവരും മാത്രമാണുള്ളത്.
കടല്‍ ക്ഷോഭം മൂലം കപ്പലിന് പോകാന്‍ കഴിഞ്ഞില്ലങ്കില്‍ സാധാരണ ടിക്കറ്റുകാശും ചെലവുകാശും ലക്ഷദ്വീപ് ഭരണകൂടം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഇക്കാര്യത്തെക്കുറിച്ച് അധികൃതര്‍ മൗനം പാലിച്ചു. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ് നേരിട്ടെത്തി ഇവരുടെ പരാതി കേട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."