അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര ക്രമക്കേടും അഴിമതിയും നടന്നെന്ന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അഴിമതിയടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കും.
ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദ അന്വേഷണം ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് ദേവസ്വംബോര്‍ഡ് കഴിഞ്ഞദിവസമാണ് പ്രസിഡന്റ് എ. പത്മകുമാറിന് വിജിലന്‍സ് കൈമാറിയത്. വ്യാജരേഖകളുപയോഗിച്ച് ലക്ഷങ്ങള്‍ യാത്രാപ്പടി കൈപ്പറ്റിയത്, കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ കരാറിലെയും മരാമത്ത് വിഭാഗത്തിലെയും ക്രമക്കേടുകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും ശുപാര്‍ശയിലുണ്ട്. ദേവസ്വം വിജിലന്‍സ് എസ്.പി പി.ബിജോയ്, എസ്.ഐ പ്രശാന്ത് എന്നിവരാണ് ക്രമക്കേടുകള്‍ അന്വേഷിച്ചത്.
വ്യാജരേഖയുപയോഗിച്ച് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ലക്ഷങ്ങള്‍ യാത്രാപ്പടി തരപ്പെടുത്തിയതിനെക്കുറിച്ചാണ് ദേവസ്വം വിജിലന്‍സ് ആദ്യം അന്വേഷിച്ചത്.
മരാമത്ത് വിഭാഗത്തിലെ ക്രമക്കേടുകളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നു. നൂറുകണക്കിന് രേഖകള്‍ പരിശോധിക്കണമെങ്കില്‍ കൂടുതല്‍ അന്വേഷണ സംവിധാനമുള്ള മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണം.
പ്രാഥമിക പരിശോധനയില്‍ മരാമത്തില്‍ ബജറ്റിലുള്ളതിനേക്കാള്‍ അധികതുക അനുവദിച്ചതായി കണ്ടെത്തി. ടൂര്‍ ജേണല്‍ പരിശോധിച്ചതില്‍ ഗുരുതര ക്രമക്കേടുകള്‍ ബോധ്യപ്പെട്ടു. ഔദ്യോഗിക വാഹനം ഉപയോഗിക്കുമ്പോള്‍ യാത്രാപ്പടി കൈപ്പറ്റിയത് നിയമവിരുദ്ധമാണെന്നും കണ്ടെത്തി. കഴിഞ്ഞ ബോര്‍ഡ് നടത്തിയ താല്‍ക്കാലിക നിയമനങ്ങളിലും ക്രമക്കേട് നടന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."