സ്വയം ഗോളടിക്കുന്നതല്ല, ടീമിന്റെ വിജയമാണ് ലക്ഷ്യം: സുശാന്ത് മാത്യു
കോഴിക്കോട്: ഐ ലീഗില്‍ മികച്ച വിജയം നേടുമെന്ന് ഗോകുലം കേരള എഫ്.സി ക്യാപ്റ്റന്‍ സുശാന്ത് മാത്യു. സ്വയം ഗോളടിക്കുന്നതിനല്ല പ്രാധാന്യം നല്‍കുന്നതെന്നും ആര് ഗോളടിച്ചാലും ടീമിനെ വിജയിപ്പിക്കുകയാണ് ദൗത്യമെന്നും കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കവേ സുശാന്ത് വ്യക്തമാക്കി. കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ പിന്തുണയില്‍ കളി അനുകൂലമാകും. ഗോളടിച്ച് മികച്ച കളി പുറത്തെടുത്താല്‍ കോഴിക്കോട്ടുകാര്‍ കൂടെ നില്‍ക്കുന്നവരാണെന്ന് അറിയാം. കേരളത്തില്‍ നിന്നുള്ള ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സഹകളിക്കാരെ കഴിയാവുന്നത്രെ മോട്ടിവേറ്റ് ചെയ്യാറുണ്ട്.
കളിക്കാരെല്ലാം പ്രൊഫഷണലുകളായതിനാല്‍ അച്ചടക്കം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് പരിചയസമ്പന്നരായ താരങ്ങളെ ലഭിക്കാത്തതിനാലാണ് മിസോറം, കൊല്‍ക്കത്ത കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വന്നതെന്നും സുശാന്ത് പറഞ്ഞു.
ഐ ലീഗില്‍ മികച്ച കളി പുറത്തെടുത്ത് ആദ്യ നാലില്‍ ഇടം നേടി സൂപ്പര്‍കപ്പില്‍ പങ്കെടുക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. ഇത്തവണ കളിക്കാരെ തിരഞ്ഞെടുക്കാന്‍ ആവശ്യമായ സമയം ലഭിച്ചിട്ടില്ല. വരും വര്‍ഷങ്ങളില്‍ കൂടുല്‍ മികച്ച താരങ്ങളെ കണ്ടെത്തി ടീമിനെ ശക്തമാക്കും. ടീമില്‍ മലയാളികളെയാണ് കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചത്. എന്നാല്‍ എസ്.ബി.ടി, കേരള പൊലിസ് ടീമുകളില്‍ നിന്ന് ലോണിന് കളിക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഗോള്‍ കീപ്പര്‍മാരെയും കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം ലോണില്‍ കളിക്കാരെ ലഭ്യമാകുമ്പോള്‍ കേരളത്തില്‍ അത്തരം സാഹചര്യമില്ല. ഇപ്പോള്‍ 10 മലയാളി താരങ്ങള്‍ ടീമിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."