നബിദിനത്തിന്റെ ജൈവികതാളങ്ങള്‍
ഓര്‍മകള്‍ക്ക് സഞ്ചരിച്ചെത്താവുന്ന ദൂരത്തുള്ള ബാല്യകാല നബിദിനങ്ങള്‍ക്കെല്ലാം പെരുന്നാളുകളുടെ ഉത്സവലഹരിയാണ്. ചെറിയ-വലിയ പെരുന്നാളുകള്‍ക്കെന്ന പോലെ നബിദിനത്തിനായും അന്ന് ആഹ്ലാദപൂര്‍വം കാത്തിരുന്നു. അന്നൊന്നും ഒരു ദിവസത്തെ ആഘോഷമായിരുന്നില്ല നബിദിനം. ഒരു മാസക്കാലത്തെ ആഘോഷത്തിമിര്‍പ്പായിരുന്നു. റബീഉല്‍ അവ്വല്‍ മാസം ഒന്നാംനാള്‍ മുതല്‍ അതാരംഭിക്കും. റബീഉല്‍ അവ്വലിനു പറഞ്ഞിരുന്ന മറ്റൊരു പേര് മൗലിദ് മാസം അഥവാ പ്രവാചക പ്രകീര്‍ത്തനത്തിന്റെ മാസം എന്നായിരുന്നു.
റബീഉല്‍ അവ്വല്‍ ഒന്നാം ദിവസം മുതല്‍ പന്ത്രണ്ടാംനാള്‍ വരെ വീട്ടിലെ അംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് മൗലിദ് പാരായണം ചെയ്യും. വട്ടത്തിലിരുന്നാണു പാരായണം. ഗദ്യവും പദ്യവുമെല്ലാം ഇടകലര്‍ന്ന മനോഹരമായ പ്രവാചക പ്രകീര്‍ത്തനമാണ് മൗലിദുകള്‍. കേട്ടും പാടിയും അവയിലെ നിരവധി വരികള്‍ ഇന്നും മനഃപാഠമാണ്. മൗലിദ് കഴിഞ്ഞാല്‍ ഉമ്മയൊരുക്കുന്ന പലതരം പലഹാരങ്ങള്‍ ഓരോ ദിവസവുമുണ്ടാകും. മധുരപലഹാരങ്ങള്‍ക്കാണു പ്രാമുഖ്യം. നബിക്കു മധുരപലഹാരങ്ങളായിരുന്നുവത്രെ ഇഷ്ടം.
നബിദിനത്തിന്റെ തലേദിവസം പള്ളിയില്‍ വച്ച് നെയ്‌ച്ചോറും ഇറച്ചിക്കറിയുമുണ്ടാക്കി എല്ലാ വീടുകളിലും വിതരണം ചെയ്യുന്ന പതിവ് വടക്കേ മലബാറിലെ ഏറെക്കുറെ എല്ലാ നാടുകളിലുമുണ്ട്. പതിനൊന്നിന് അതിരാവിലെ മുതല്‍ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. യുവാക്കളും വൃദ്ധരുമെല്ലാം ഒത്തൊരുമിച്ചാണു ഭക്ഷണമൊരുക്കാനുള്ള പണികള്‍ ചെയ്യുക. തേങ്ങ ചിരകല്‍, ഉള്ളിയരിയല്‍, അരിയും ഇറച്ചിയും കഴുകല്‍ തുടങ്ങി എല്ലാ ജോലികളും യുവാക്കളുടെ കൂട്ടായ്മ ചെയ്തുതീര്‍ക്കും. അതിനാരും വേതനം പറ്റിയിരുന്നില്ല. പടച്ചവനില്‍നിന്ന് അതിനെല്ലാം തക്കതായ പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയോടെയായിരുന്നു എല്ലാമെല്ലാം. ഞങ്ങള്‍ ചെറിയ കുട്ടികളും ഒരുക്കങ്ങള്‍ക്കിടയില്‍ പല വിധത്തില്‍ സഹകരിക്കും.
അസര്‍ നിസ്‌കാരത്തിനുശേഷമാണു ഭക്ഷണവിതരണം. ഭക്ഷണം വാങ്ങാനായി എല്ലാവരും പള്ളിയിലെത്തും. കൈയില്‍ രണ്ടു ചെമ്പുകളുമായിട്ടാണു വരവ്. ഒന്നു ചോറിനും രണ്ടാമത്തേത് ഇറച്ചിക്കറിക്കുമുള്ളതാണ്. വീട്ടിലെ അംഗസംഖ്യ അനുസരിച്ചാണു ഭക്ഷണം നല്‍കുക. ഇത്തരത്തില്‍ പള്ളിയില്‍നിന്നു വീടുകളിലേക്കു ഭക്ഷണം വിതരണം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭം കൂടിയുണ്ട്. റബീഉല്‍ ആഖിര്‍ മാസത്തിലാണത്. റാത്തീബ് മാസം എന്നാണ് ആ മാസത്തിനു പറഞ്ഞിരുന്ന മറ്റൊരു പേര്. ജാതിമത പരിഗണനയില്ലാതെ എല്ലാവര്‍ക്കും അന്നു ഭക്ഷണം വിതരണം ചെയ്യും.
ഞങ്ങളുടെ മഹല്ലില്‍ ഏതാനും ആദിവാസി ദലിത് കുടുംബത്തെ മാറ്റിനിര്‍ത്തിയാല്‍ നൂറുശതമാനം മുസ്‌ലിംകളാണ്. മുസ്‌ലിം കുടുംബങ്ങള്‍ക്കെന്നപോലെ അവര്‍ക്കും അംഗസംഖ്യ അനുസരിച്ചു ഭക്ഷണം നല്‍കും. തരുവണ ടൗണില്‍ ജോലി ചെയ്തിരുന്ന അമുസ്‌ലിം സഹോദരങ്ങള്‍ക്കും അന്യദേശത്തുനിന്നു ഞങ്ങളുടെ നാട്ടില്‍, ടൗണില്‍ എത്തിച്ചേരുന്നവര്‍ക്കും ഭക്ഷണം നല്‍കും. മഹല്ലിലെ സര്‍വരും ഒരേ ഭക്ഷണം കഴിച്ചു സമത്വരാകുന്ന ദിനം.
ഞങ്ങളുടെ മഹല്ലിന്റെ ഒരറ്റം നടക്കലെ സ്രാമ്പിയും മറ്റൊരറ്റം മീത്തലെ പള്ളിയുമാണ്. ഒരു കിലോമീറ്ററിലേറെ ദൂരം. നബിദിനത്തിനു ചോറുകൊടുത്തു തുടങ്ങുക നടക്കല്‍ ഭാഗത്തുനിന്നാണെങ്കില്‍ റാത്തീബിന് മീത്തലെ പള്ളി മുതല്‍ക്കായിരിക്കും. മഹല്ലിലെ കാരണവരായ കമ്പ അമ്മോട്ടിക്കയാണ് ഓരോ വീട്ടുകാരുടെയും പേരുവിളിച്ചിരുന്നത്. ഒരു കടലാസും നോക്കിയായിരുന്നില്ല അദ്ദേഹം വീട്ടുപേരുകള്‍ വിളിക്കുക. എല്ലാ വീട്ടുപേരുകളും ഒന്നിനു പിറകെ മറ്റൊന്നായി അദ്ദേഹത്തിനു മനഃപാഠമായിരുന്നു. വീടുകള്‍ അകലങ്ങളിലും മനസുകള്‍ അടുത്തുമായിരുന്നു അന്ന്. പരസ്പരബന്ധവും സൗഹാര്‍ദവും ഇന്നു നാം സങ്കല്‍പ്പിക്കുന്നതിലും അപ്പുറത്തായിരുന്നു.
റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനുള്ള ഒരുക്കങ്ങള്‍ തലേദിവസം തന്നെ ചെയ്തുതീര്‍ക്കും. മദ്‌റസാ മുറ്റത്ത് പന്തലിട്ടു തോരണങ്ങള്‍ ചാര്‍ത്തും. നബിദിന ഘോഷയാത്രയില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കും മറ്റും കൈയിലേന്താനുള്ള വര്‍ണക്കടലാസ് കൊടികള്‍ ഒരുക്കും. നബിദിന ഘോഷയാത്രയില്‍ അണിനിരക്കുന്ന ഗജവീരന്റെ പുറത്തിരിക്കുന്നയാള്‍ ചൂടുന്ന സത്യകുട നിര്‍മിക്കും(മൂലേല്‍ മമ്മുഹാജി ഒരുക്കിയിരുന്ന മനോഹരമായ സത്യക്കുട ഇപ്പോഴും മറക്കാനാകാത്തതാണ്).
നബിദിന ദിവസം അതിരാവിലെ പതാക ഉയര്‍ത്തല്‍ എന്നൊരു ചടങ്ങുണ്ട്. നാട്ടിലെ സര്‍വാദരണീയരായ വ്യക്തികളാണു പതാക ഉയര്‍ത്തിയിരുന്നത്. നബിദിന കലാപരിപാടികളില്‍ പെണ്‍കുട്ടികളും അന്നു പങ്കെടുത്തിരുന്നു. കലാപരിപാടികള്‍ കാണാനും കേള്‍ക്കാനുമായി മുതിര്‍ന്നവര്‍ മദ്‌റസാ അങ്കണത്തില്‍ എത്തിച്ചേരും. അതിനിടയില്‍ രുചികരമായ പായസ വിതരണവുമുണ്ടാകും.
കലാപരിപാടികള്‍ കഴിഞ്ഞാല്‍ ഘോഷയാത്രയാണ്. മുതിര്‍ന്ന സ്ത്രീകള്‍ ഒഴികെ മുഴുവന്‍ ആളുകളും ഘോഷയാത്രയില്‍ അണിനിരക്കും. ഒരു കാലത്ത് ഘോഷയാത്രയ്ക്കു മുന്‍പില്‍ നെറ്റിപ്പട്ടം കെട്ടിയ ആനയുണ്ടായിരുന്നു(പിന്നീടെപ്പോഴോ അതു നിര്‍ത്തലാക്കി). തനികേരളീയത്വം ഘോഷയാത്രയില്‍ പ്രകടമായിരുന്നു. രസകരമായൊരു കാര്യം നബിദിന ഘോഷയാത്രയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. 'ബദ്‌റില്‍ കേട്ടൊരു മുദ്രാവാക്യം...'
നബിദിനം കഴിഞ്ഞാല്‍ റബീഉല്‍ അവ്വല്‍ മാസം മുപ്പതുവരെ നാട്ടിന്‍പുറത്തെ കുന്നിന്‍ചെരുവിലും ഇടവഴികളിലും മറ്റും കുട്ടികള്‍ ഒത്തുചേര്‍ന്ന് നബിദിനങ്ങള്‍ നടത്തുന്ന പതിവ് മുന്‍പുണ്ടായിരുന്നു. ഇത്തരം നബിദിന പരിപാടികള്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മദ്‌റസയില്‍ നടക്കുന്ന പരിപാടികളുടെ തനിപതിപ്പുകളായിരുന്നു. ഘോഷയാത്ര, പായസ വിതരണം, കലാപരിപാടികള്‍, സമ്മാന വിതരണം തുടങ്ങി എല്ലാ ചടങ്ങുകളും ഇത്തരം നബിദിനങ്ങളിലുണ്ടാവും.
നാട്ടിലെ ചെറുകിട പ്രാസംഗികരെയോ മുസ്‌ലിയാരുകുട്ടികളെയോ ഈ നബിദിന പരിപാടികളില്‍ മുഖ്യപ്രഭാഷകരായി ക്ഷണിക്കും. മദ്‌റസയില്‍ പാടിയ പാട്ടുകളും മറ്റു കലാപരിപാടികളും ഇത്തരം പരിപാടികളില്‍ വീണ്ടും ആവര്‍ത്തിക്കും. കുട്ടികളിലെ സംഘാടക മികവ് ഇത്തരം പരിപാടികളില്‍ പ്രകടമായിരുന്നു.
റബീഉല്‍ അവ്വല്‍ അവസാനം വരെ വീടുകളില്‍ മുന്‍പൊക്കെ മൗലിദ് സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയുടെ ഊഷ്മളതയും പരസ്പര സ്‌നേഹവും ഇത്തരം ആഘോഷങ്ങളുടെ മുഖമുദ്രയാണ്. സമൂഹത്തിന്റെ ജൈവികതയും താളവും ഒത്തുചേരലിന്റെ വിശുദ്ധിയും ആഘോഷങ്ങളിലൂടെ നിലനിന്നു. മതത്തിന്റെ സൗന്ദര്യവും സൗരഭ്യവുമാണ് നബിദിനമടക്കമുള്ള ആഘോഷങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."