ഉയര്‍ത്തിക്കോളൂ; നിങ്ങളും ഉയരും
വലിയൊരു ബിസിനസ് സംരംഭം ആരംഭിക്കാന്‍ പോവുകയാണ്. ആര്‍ക്കും അതില്‍ ഷെയറെടുക്കാം. മുതല്‍മുടക്ക് തീരെയില്ല. സംരംഭത്തിന്റെ വിജയത്തിനായി നിങ്ങളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍, പ്രോത്സാഹനങ്ങള്‍, പ്രചോദനങ്ങള്‍.. അത്രയേ വേണ്ടൂ. ലാഭത്തില്‍ ഒട്ടും ആശങ്ക വേണ്ടാ.. അതു തീര്‍ച്ചയായും ഉണ്ടായിരിക്കും. അതും ആഴ്ചയിലോ മാസത്തിലോ അല്ല. എപ്പോഴും..!
ഇങ്ങനെയൊരു ബിസിനസ് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു; അല്ലേ..
എന്നാല്‍ സംശയം വേണ്ടാ.. അങ്ങനെയൊന്നുണ്ട്. ഏതൊരു ബിസിനസ് സംരംഭവും ആരംഭിക്കുമ്പോള്‍ പലവിധ സാധ്യതകളും നമ്മള്‍ മുന്നില്‍ കാണും. എന്നാല്‍ അതിനെയും വെല്ലുന്ന അനന്തമായ സാധ്യതകളോടെയാണു ലോകത്തേതൊരു മനുഷ്യനും പിറന്നുവീഴുന്നത്. ആ മനുഷ്യനെ സമ്പൂര്‍ണ മനുഷ്യനാക്കി ഉയര്‍ത്താന്‍ ഏതൊരാള്‍ക്കും അവസരമുണ്ട്. അതുപയോഗപ്പെടുത്തിയാല്‍ ആ ഉയര്‍ച്ചയിലൊരു വിഹിതം നമ്മുടേതുമായിരിക്കും. അതൊരു ചെറിയ വിഹിതമാണെന്നു കരുതേണ്ട. ഒരുപക്ഷേ, നമ്മുടെ ഇരുലോക വിജയത്തിനുപോലും നിദാനമാകുന്ന പരുവത്തിലേക്കായിരിക്കാം അതു നമ്മെ ഉയര്‍ത്തുന്നത്.
വഴിതെറ്റിയലയുന്ന ഒരു പഥികനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ മഹോന്നതമായ കാര്യങ്ങളൊന്നും വേണ്ടി വരില്ല ചിലപ്പോള്‍. ഒരു മിനിറ്റു നേരത്തെ ഇടപെടല്‍, ഒരിളം പുഞ്ചിരി, അരുമയോടെയുള്ള ഒരു തലോടല്‍, മനസ് നിറഞ്ഞുപോകുന്ന ഒരു വാക്ക്.. അത്രയൊക്കെ മതിയാകും.
'ഇന്ന് നീ നല്ല മോനായിട്ടുണ്ടല്ലോ..' എന്ന സ്‌നേഹമസൃണമായ വാക്കായിരിക്കാം ചിലപ്പോള്‍ അങ്ങാടിത്തെണ്ടിയായി മാറേണ്ടിയിരുന്ന ഒരുത്തനെ ലോകോത്തര പണ്ഡിതനാക്കി മാറ്റുന്നത്.
'നിനക്കു നല്ല ഭാവിയുണ്ട് ' എന്ന കമന്റായിരിക്കാം ഒരുപക്ഷേ, സാധാരണക്കാരില്‍ സാധാരണക്കാരനാവേണ്ടിയിരുന്ന ഒരാളെ ലോകം വാഴ്ത്തുന്ന ശാസ്ത്രജ്ഞനാക്കുന്നത്.
'നിനക്കു നല്ല ബുദ്ധിയുണ്ട്..' എന്ന വാചകമായിരിക്കാം ചിലപ്പോള്‍ ബുദ്ധിഹീനനായി നടക്കേണ്ടിയിരുന്ന ഒരാളെ ആളുകള്‍ പൊതിയുന്ന ഡോക്ടറാക്കി മാറ്റുന്നത്.
അപ്പോള്‍ നാം കാരണം ആര്‍ക്കെങ്കിലും ഒരുയര്‍ച്ച ലഭിക്കുന്നുവെങ്കില്‍ അതിന്റെ മേന്മ നമുക്കുകൂടി അവകാശപ്പെട്ടതാണ്. ഉയര്‍ന്നവന്‍ നമ്മെ ഓര്‍ത്താലും ഇല്ലെങ്കിലും സ്രഷ്ടാവിന്റെ കണക്കില്‍ അതുണ്ടാകും. നിങ്ങള്‍ ആലോചിച്ചുനോക്കൂ, ജീവനില്ലാത്ത ഒരു കല്ലില്‍നിന്നു മനോഹരമായൊരു മനുഷ്യരൂപം കൊത്തിയുണ്ടാക്കുന്ന ശില്‍പിക്ക് അതുമൂലം ഉയര്‍ച്ച ലഭിക്കുന്നെങ്കില്‍ ജീവനുള്ള ഒരു മനുഷ്യനെ മികച്ച ഒരു മനുഷ്യനാക്കിമാറ്റുമ്പോള്‍ എത്രമാത്രം വലിയ ഉയര്‍ച്ചയായിരിക്കും അയാള്‍ക്കു ലഭിക്കുക..! അഞ്ഞൂറ് ഗ്രാം ഭാരം പോലുമില്ലാത്ത ഒരു പട്ടത്തെ ഉയരത്തിലേക്കുയര്‍ത്തുക വഴി താഴെ നില്‍ക്കുന്ന പട്ടക്കാരന് ആ പട്ടത്തെയും വെല്ലുന്ന ഉയര്‍ച്ചയും പ്രശസ്തിയും ലഭിക്കുമെങ്കില്‍ ഈ പ്രപഞ്ചത്തിലെ കേന്ദ്രകഥാപാത്രമായ ഒരു മനുഷ്യനെ ഔന്നത്യങ്ങളിലേക്കുയര്‍ത്തുക വഴി ലഭിക്കുന്ന പ്രശസ്തി എത്രയായിരിക്കും...!
മറ്റുള്ളവരെ ഉയര്‍ത്തിയാല്‍ താന്‍ താഴ്ന്നുപോകുമോ എന്ന ആശങ്ക ചിലര്‍ വച്ചുപുലര്‍ത്താറുണ്ട്. തികച്ചും പൈശാചികവും അടിസ്ഥാനരഹിതവുമാണാ ആശങ്ക. തന്റെ ഷെയര്‍ ലഭിച്ചിട്ടു മുതലാളി അങ്ങനെ കൊഴുക്കേണ്ട എന്നു പറയുന്ന വാശിയാണത്. മകന്റെ ജീവന്‍ പോയാലും വേണ്ടില്ല, മരുമോളുടെ കണ്ണീര്‍ കാണണമെന്നു പറയുന്ന ഒടുക്കത്തെ ദുര്‍വാശി. ആ ദുര്‍വാശിയില്‍ നഷ്ടമല്ലാതെ ലാഭമൊന്നും കിട്ടില്ല. എനിക്കു കിട്ടിയില്ലെങ്കിലും അവനു കിട്ടരുതെന്നാണു ഭാവമെങ്കില്‍ അതിനുള്ള ചികിത്സാഫലം അല്‍പം വൈകുകയും ചെയ്യും.
കുഞ്ഞിനെ തലയിലിരുത്തുമ്പോള്‍ പ്രത്യക്ഷത്തില്‍ കുഞ്ഞാണു പിതാവിനെക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. എന്നാല്‍ കുഞ്ഞ് പിതാവിനെക്കാള്‍ ഉയരത്തിലാകുന്നില്ല. കുഞ്ഞിനെ തന്റെ തലയില്‍ വയ്ക്കുക വഴി പിതാവിന് അവിടെ കുഞ്ഞിനു ലഭിച്ചതിനെക്കാളും വലിയ ഉയര്‍ച്ചയാണു ലഭിക്കുന്നത്. പിതാവിന്റെ ശക്തിയും കുഞ്ഞിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവും കരുതലുമെല്ലാം അവിടെ പ്രകടമാകുന്നു.
സൗന്ദര്യത്തില്‍ തുല്യതയില്ലാത്ത വിസ്മയമാണ് താജ്മഹല്‍. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന്റെ പേരിനും പെരുമയ്ക്കും മങ്ങലേറ്റിട്ടില്ല. എന്നാല്‍ അതു പണികഴിപ്പിച്ച ഷാജഹാന്‍ ചക്രവര്‍ത്തിക്ക് ഉയര്‍ച്ച ലഭിക്കുകയല്ലാതെ താഴ്ചയുണ്ടായോ...? താജ്മഹലിനെക്കാളും ഉയരത്തിലല്ലേ അദ്ദേഹത്തിന്റെ സ്ഥാനമിരിക്കുന്നത്. ഒരു കെട്ടിടത്തെ മുകളിലേക്കു പടുത്തുയര്‍ത്തുമ്പോള്‍ കൂടെ പടവുകാരനും ഉയരുന്നുണ്ടെന്നതാണു സത്യം.
പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും നല്‍കി മറ്റൊരാളെ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ നമുക്കൊന്നും നഷ്ടപ്പെടുന്നില്ല. പകരം, ലാഭം കൂടുകയേയുള്ളൂ. അവരുടെ ഉയര്‍ച്ച നമ്മുടെ കൂടി ഉയര്‍ച്ചയാണ്. ശിഷ്യന്‍ ഉയരത്തിലെത്തിയാല്‍ അതിന്റെ ക്രെഡിറ്റ് ഗുരുവിനുകൂടിയുള്ളതാണ്. മാതാവ് എത്ര വിദ്യാഭ്യാസം കുറഞ്ഞവളാണെങ്കിലും മകന്റെ ഡിഗ്രികള്‍ ആ മാതാവിനു കൂടിയുള്ള ഡിഗ്രികളാണ്. പ്രോത്സാഹിപ്പിക്കാന്‍ ഒട്ടും പിശുക്കു കാണിക്കേണ്ട. നമ്മള്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ദൈവവിധിയുണ്ടെങ്കില്‍ അവര്‍ വളര്‍ന്നുവന്നേക്കും. അപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതല്ലേ ലാഭം.
അറിയുക: ഉയര്‍ച്ച ലഭിക്കാന്‍ സ്വയം ഉയരുകയല്ല, മറ്റുള്ളവരെ ഉയര്‍ത്തുകയാണു മാര്‍ഗം. ശില്‍പി ഞാന്‍ വലിയവനാണെന്നു പറഞ്ഞാല്‍ വലിയവനാകില്ല, മികച്ച ശില്‍പത്തെ പണിയണം. കെട്ടിടത്തെ ഉയര്‍ത്തിയാല്‍ കൂടെ നമ്മളും ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."