ഓഖി ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ വലിയ കാറ്റിനു സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറില്‍ ഇരുപത് കിലോമീറ്റര്‍ വേഗതയില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് കേരളത്തില്‍ ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ രാത്രി ഉണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ പലയിടത്തും കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചുകറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. തീരദേശത്തെ മിക്ക റോഡുകളും വെള്ളത്തിലായി. കടലാക്രമണം രൂക്ഷമായ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പൊലിസ് പ്രദേശത്ത് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ തന്നെ പുനരാരംഭിച്ചു. മത്സ്യത്തൊഴിലാളികളും സ്വന്തം നിലക്ക് തിരച്ചലിനിറങ്ങിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ കടലുണ്ടി, ബേപ്പൂര്‍, പൊയില്‍ക്കാവ്, വടകര, ഭട്ട്‌റോഡ്, ശാന്തിനഗര്‍ കോളനി, ചാമുണ്ടിവളപ്പ് പ്രദേശങ്ങളില്‍ വന്‍ തിരമാലകള്‍ ഭീഷണിയുയര്‍ത്തി. കണ്ണൂര്‍ ജില്ലയില്‍ തയ്യില്‍, പയ്യാമ്പലം, കക്കാടംചാല്‍, നീരൊഴുക്കുചാല്‍ എന്നിവിടങ്ങളില്‍ രാത്രി പത്തരയോടെ കൂറ്റന്‍ തിരമാലകളാണ് കരയിലേക്ക് അടിച്ചുകയറിയത്. തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലം ബീച്ചില്‍ 200 മീറ്ററോളം കടല്‍ കയറി. മലപ്പുറം ജില്ലയില്‍ വള്ളിക്കുന്ന്, അരിയല്ലൂര്‍, താനൂര്‍, പൊന്നാനി, പാലപ്പെട്ടി മേഖലയിലാണ് രൂക്ഷമായ കടലാക്രമണം. കൊല്ലത്ത് സ്രായിക്കാട്, ചെറിയഴീക്കല്‍ പ്രദേശത്ത് അര കിലോമീറ്ററോളം കടല്‍ കരയിലേക്കു കയറി. അഴിക്കല്‍, ആലപ്പാട് പ്രദേശത്ത് ശക്തമായ കാറ്റും തിരയിളക്കവും അനുഭവപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ തൃക്കുന്നിപ്പുഴ മുതല്‍ അര്‍ത്തുങ്കല്‍ വരേയുള്ള തീരദേശത്ത് കടലേറ്റം രൂക്ഷമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."