ഇന്ന് ലോക ഭിന്നശേഷി ദിനം; പ്രതീക്ഷയായി മൂര്‍ക്കനാട്ടെ കുട്ടികളുടെ 'പ്രത്യാശ'
അരീക്കോട്: ശരീരം തളര്‍ത്താത്ത മനസുമായി ജീവിക്കുന്നവര്‍ക്കായി സമയം കണ്ടെത്തുകയാണ് മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്രസഭ ഡിസംബര്‍ മൂന്ന് ഭിന്നശേഷിക്കാരുടെ ദിനമായി പ്രഖ്യാപിച്ചത്.
ലോകം ഭിന്നശേഷി ദിനാചരണം സംഘടിപ്പിക്കുമ്പോള്‍ വൈകല്യങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിപഥത്തിത്തില്‍ ഒത്തിരി നന്മകള്‍ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് മൂര്‍ക്കനാട് സ്‌കൂളിലെ പ്രോഗ്രാം ഓഫിസര്‍ എം.കൃഷ്ണനുണ്ണിയും എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളും.
ഭിന്നശേഷിദിനാചരണങ്ങളും ബോധവല്‍ക്കരണവും പതിവായി നടക്കുന്നുണ്ടെങ്കിലും ശാരീരികവും മാനസികവുമായ പരിമിതികള്‍ മൂലം സമൂഹത്തില്‍ ഇന്നും അവഗണന അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് വിദ്യാര്‍ഥികളുടെ 'പ്രത്യാശ' പദ്ധതി.
കാവനൂര്‍, അരീക്കോട്, കിഴുപറമ്പ്, പുല്‍പ്പറ്റ, എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളില്‍ നിന്നുള്ള 21 തരം ഭിന്നശേഷിക്കാരെയാണ് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയത്. അരീക്കോട് - 838, കിഴുപറമ്പ് - 547, ഊര്‍ങ്ങാട്ടിരി - 1151, എടവണ്ണ - 951 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരുടെ കണക്ക്.
ഇവര്‍ക്കായി ജില്ലാ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും തിരുവനന്തപുരം ഭിന്നശേഷി തൊഴില്‍ സേവന കേന്ദ്രത്തിന്റെയും സഹകരണത്തോടെ വിദ്യാര്‍ഥികള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഒരുക്കിയതിലൂടെ പൊതുയിടങ്ങളില്‍ അവഗണന നേരിട്ടവര്‍ക്ക് വലിയ പ്രതീക്ഷയാണ് ആദ്യഘട്ടത്തില്‍ തന്നെ നല്‍കാനായത്.
അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി നിരവധി പരിപാടികളാണ് പ്രത്യാശയിലൂടെ നടപ്പാക്കാനായത്.
അരീക്കോട്ടും ഊര്‍ങ്ങാട്ടിരിയിലും ബഡ്‌സ് സ്‌കൂള്‍ ഒരുങ്ങുന്നു
അരീക്കോട് : ഭിന്നശേഷിക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ട് അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നു. അരീക്കോട് ഒന്നും ഊര്‍ങ്ങാട്ടിരിയില്‍ രണ്ടും ബഡ്‌സ് സ്‌കൂളുകളാണ് നിര്‍മിക്കുന്നത്. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കളിക്കളം, വായനശാല, അംഗപരിമിതര്‍ക്കാവശ്യമായ ടോയ്‌ലറ്റ് സംവിധാനം എന്നിവ ഉള്‍ക്കൊള്ളിച്ച് അത്യാധുനിക സൗകര്യത്തോടെയുള്ള ബഡ്‌സ് സ്‌കൂളാണ് ഊര്‍ങ്ങാട്ടിരിയിലും അരീക്കോട്ടും ലക്ഷ്യമിടുന്നത്. ഒരു കോടി രൂപ ചെലവഴിച്ചാണ് അരീക്കോട് പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തീകരിക്കുക. എം.പി, എം.എല്‍.എ ഫണ്ടുകളും കുടുംബശ്രീ, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയെ ആശ്രയിച്ചുമായിരിക്കും സ്വന്തം കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുക. സ്വന്തമായി കെട്ടിടമുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ബസ് സൗകര്യവും ഏര്‍പ്പെടുത്തും.
838 ഭിന്നശേഷിക്കാരാണ് അരീക്കോട് പഞ്ചായത്തിലുള്ളത്. സ്വന്തമായി കെട്ടിടമായെങ്കില്‍ മാത്രമെ ഇത്രയും പേരെ ഉള്‍ക്കൊള്ളിച്ച് സ്‌കൂള്‍ പ്രവര്‍ത്തിക്കാനാവുകയൊള്ളുവെങ്കിലും താല്‍ക്കാലികമായി പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള കേന്ദ്രത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.
25 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചായിരിക്കും താല്‍ക്കാലിക കെട്ടിടത്തില്‍ ആദ്യഘട്ടമെന്നോണം സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇതിന് പുറമെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിക്കും.
ഊര്‍ങ്ങാട്ടിരിയിലെ ഈസ്റ്റ് വടക്കുമുറിയിലും തെരട്ടമ്മലിലുമാണ് ബഡ്‌സ് സ്‌കൂള്‍ നിര്‍മിക്കുന്നത്. ഇതില്‍ 65 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച ഈസ്റ്റ് വടക്കുമുറിയിലെ സ്‌കൂള്‍ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 1151 ഭിന്നശേഷിക്കാരാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലുള്ളത്. തെരട്ടമ്മലിലെ സ്റ്റേഡിയത്തിനടുത്തായി നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ബഡ്‌സ് സ്‌കൂള്‍ ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തിയാരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു.
അരീക്കോട്ടും ഊര്‍ങ്ങാട്ടിരിയിലും ബഡ്‌സ് സ്‌കൂള്‍ തുറക്കുന്നതോടെ നിരവധി ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."