ആഗോള സംരംഭകത്വ സൂചികയില്‍ ഖത്തര്‍ മുന്നില്‍
ദോഹ: ആഗോള സംരംഭകത്വ സൂചിക(ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ഡക്‌സ് ജി.ഇ.ഐ) 2018 ല്‍ ജി.സി.സി രാജ്യങ്ങളില്‍ ഖത്തര്‍ മുന്നില്‍. മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയില്‍ രണ്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 22-ാം സ്ഥാനത്തുമാണ് ഖത്തര്‍.
ജി.ഇ.ഡി.ഐ ആണ് ആഗോള സൂചിക പുറത്തുവിട്ടത്. ആകെ 137 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഇതിലാണ് 22-ാം സ്ഥാനം ഖത്തര്‍ നേടിയത്. 55 ശതമാനമാണ് രാജ്യത്തിന്റെ ആകെ ജി.ഇ.ഐ സ്‌കോര്‍. ഖത്തറിന്റെ വ്യക്തിഗത സ്‌കോര്‍ 77ശതമാനവും സ്ഥാപനസംബന്ധിയായ സ്‌കോര്‍ 73 ശതമാനവുമാണ്.
ആവാസ വ്യവസ്ഥയിലെ ജനങ്ങളുടെ വ്യവസായ സംരംഭകത്വം സംബന്ധിച്ച ഗുണങ്ങളാണ് വ്യക്തിഗത സ്‌കോര്‍ അര്‍ഥമാക്കുന്നത്. സ്ഥാപന സംബന്ധിയായ സ്‌കോര്‍ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുടെ നിലവാരത്തെ പ്രതിനിധീകരിക്കുന്നു. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന വളര്‍ച്ചയാണ് സൂചികയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിന്റെ ശക്തമായ വളര്‍ച്ചയാണ് സൂചികയിലൂടെ വ്യക്തമാകുന്നതെന്ന് രാജ്യം കൈവരിച്ച നേട്ടം പരാമര്‍ശിച്ച് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ് ട്വീറ്റ് ചെയ്തു. അവസരങ്ങളുടെ അവബോധത്തില്‍ 68%, സ്റ്റാര്‍ട്ടപ്പ് വൈദഗ്ധ്യത്തില്‍ 20%, ബുദ്ധിമുട്ടുകള്‍ സ്വീകരിക്കുന്നതില്‍ 44%, നെറ്റ്‌വര്‍ക്കിങില്‍ 74%, സാംസ്‌കാരിക പിന്തുണയില്‍ 74%, സ്റ്റാര്‍ട്ടപ്പ് അവസരങ്ങളില്‍ 75%, സാങ്കേതികവിദ്യകള്‍ സ്വീകരിക്കലില്‍ 34%, മനുഷ്യവിഭവശേഷിയില്‍ 88%, മത്സരക്ഷമതയില്‍ 60%, ഉത്പന്നങ്ങളുടെ നൂതനതയില്‍ 86%, പ്രവര്‍ത്തനങ്ങളുടെ നൂതനതയില്‍ 52%, ഉയര്‍ന്ന വളര്‍ച്ചയില്‍ 100%, രാജ്യാന്തരവല്‍ക്കരണത്തില്‍ 53%, റിസ്‌ക്ക് ക്യാപിറ്റലില്‍ 96% എന്നിങ്ങനെയാണ് സംരംഭകത്വസൂചികയില്‍ വിവിധ മേഖലകളില്‍ ഖത്തറിന് ലഭിച്ച സ്‌കോര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."